പെയിന്റർ ആയി തുടക്കം ഇന്ന് മിന്നും താരം; സിംഗിൾ ഷോട്ടിൽ ജീവിതകഥ പറഞ്ഞ് നടൻ സൂരി

Mail This Article
സിംഗിൾ ഷോട്ടിൽ ജീവിതകഥ പറഞ്ഞ് തമിഴ് താരം സൂരി. ഒരു പെയ്ന്റിങ് തൊഴിലാളിയിൽ നിന്ന് വെള്ളിത്തിരയിലെത്തിയ താരമാണ് സൂരി. സ്വപ്നം കാണാൻ ധൈര്യം കാണിക്കുകയാണെങ്കിൽ ജീവിതം തീർച്ചയായും മാറി മറിയുമെന്ന് കുറിച്ചാണ് താരം ആരാധകർക്കായി ഒരു സ്പെഷൽ വിഡിയോ പങ്കുവച്ചത്.
ഒരു തൊഴിലാളി കയറിൽ തൂങ്ങിക്കിടന്ന് കെട്ടിടം പെയിന്റ് ചെയ്യുന്ന ദൃശ്യത്തിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. സൂരി ഇരിക്കുന്ന കെട്ടിടത്തിലെ ജനലിലൂടെ നോക്കുമ്പോഴാണ് ഈ ദൃശ്യം കാണുന്നത്. ഈ ദൃശ്യത്തിന്റെ തുടർച്ചയായി പ്രേക്ഷകർ കാണുന്നത് ഒരു കണ്ണാടിക്കു മുൻപിലിരുന്ന് തൊട്ടടുത്ത കെട്ടിടത്തിൽ പെയിന്റ് ചെയ്യുന്ന തൊഴിലാളിയെ മൊബൈലിൽ ഷൂട്ട് ചെയ്യുന്ന താരത്തെയാണ്.
എളിയ തുടക്കത്തിൽ നിന്ന് തമിഴ് സിനിമയിലെ അറിയപ്പെടുന്ന താരമായി വളർന്ന നടനാണ് സൂരി. തന്റെ ജീവിതത്തിലുണ്ടായ ആ മാറ്റത്തെ അടയാളപ്പെടുത്തുന്ന വാക്കുകളോടെയാണ് താരം വിഡിയോ പങ്കുവച്ചത്. ‘‘ഒരു പെയിന്റർ ആയാണ് ഞാൻ തുടങ്ങിയത്. അന്ന് ഞാൻ ചുവരിൽ ചായങ്ങൾ പെയിന്റ് ചെയ്തു. ഇന്ന് ഞാൻ വികാരങ്ങൾ തിരശ്ശീലയിൽ പെയിന്റ് ചെയ്യുന്നു. സ്വപ്നം കാണാൻ ധൈര്യപ്പെടുമ്പോഴാണ് ജീവിതം മുൻപോട്ടു പോകുന്നത്," സൂരി കുറിച്ചു.
1996ൽ സിനിമാ നടനാകണമെന്ന മോഹത്തോടെ മധുരയിൽ നിന്ന് ചെന്നൈയിലേക്ക് വണ്ടി കയറിയ സൂരിയുടെ യഥാർഥ പേര് രാമലക്ഷ്മണൻ മുത്തുച്ചാമി എന്നാണ്. പ്രതീക്ഷിച്ച പോലെ അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ പല ജോലികളും ചെയ്താണ് ജീവിതം തള്ളി നീക്കിയത്. ധാരാളം സിനിമകളിൽ ജൂനിയർ ആർടിസ്റ്റായി വേഷമിട്ട സൂരിക്ക് ആദ്യ ബ്രേക്ക് ലഭിക്കുന്നത് 2009ൽ പുറത്തിറങ്ങിയ ‘വെണ്ണിലാ കബഡി കുഴു’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഹാസ്യവേഷങ്ങളിൽ തിളങ്ങിയ താരം ക്യാരക്ടർ റോളുകളിലും തന്റെ അഭിനയപാടവം തെളിയിച്ചു. 2023ൽ പുറത്തിറങ്ങിയ വിടുതലൈ പാർട് 1 എന്ന ചിത്രത്തിലൂടെ സൂരി നായകനായി അരങ്ങേറ്റം കുറിച്ചു.