‘പുലിമുരുകൻ’ ലാഭം തന്നെ, എടുത്തത് 2 കോടിയുടെ ലോൺ, അതൊക്കെ അന്നേ അടച്ചു തീർത്തു: ടോമിച്ചൻ മുളകുപാടം

Mail This Article
സിനിമാ നിർമാണവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ ശക്തമാകുന്നതിന് ഇടയിൽ 100 കോടി ക്ലബിന്റെ അനുഭവം പറഞ്ഞ് നിർമാതാവ് ടോമിച്ചൻ മുളകുപാടം. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്റെ നിർമാതാവായ ടോമിച്ചൻ, കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെഎഫ്‌സി) നിന്നെടുത്ത ലോൺ ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന ടോമിൻ തച്ചങ്കിരിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. പുലിമുരുകന്റെ ലോൺ 2016 ഡിസംബറിൽ അടച്ചു തീർത്തതാണെന്നും ആ സിനിമ ന്യായമായ ലാഭം നേടിത്തന്ന സിനിമയായിരുന്നുവെന്നും ടോമിച്ചൻ മുളകുപാടം മനോരമ ഓൺലൈനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
പുലിമുരുകന്റെ 100 കോടി
100 കോടി എന്നു പറയുമ്പോൾ അതിനൊക്കെ ഒരു കണക്കുണ്ട്. ഈ സിനിമയ്ക്കു 3 കോടി രൂപയ്ക്കു മുകളിൽ അന്ന് ഞാൻ ഇൻകം ടാക്സ് മാത്രം അടച്ചിട്ടുണ്ട്. മൊത്തം വരുന്ന ബിസിനസ്സ് കലക്‌ഷനാണ് 100 കോടി എന്നു പറയുന്നത്. അതിൽ നികുതിയും തിയറ്ററുകളുടെ ഷെയറും ഒക്കെ പോകും. ഓവർസീസ് ഇല്ലാതെ പതിനെട്ടാമത്തെ ദിവസം 100 കോടി കയറിയ സിനിമയാണ് ‘പുലിമുരുകൻ’. ഇപ്പോൾ 100 കോടി എന്നു പറയുന്നത് ഗ്ലോബൽ കലക്‌ഷനും കൂടി ചേർത്താണ്. പുലിമുരുകന്റെ സമയത്ത് അതില്ല, മാത്രമല്ല ഒടിടി ബിസിനസ്സും ഇല്ല. കേരളത്തിലും കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും മാത്രം പ്രദർശിപ്പിക്കപ്പെട്ടതിന്റെ കലക്‌ഷനിൽ നിന്നാണ് ചിത്രം 100 കോടി നേടിയത്. അതിൽ ടാക്സ് പോകും, തിയറ്ററുകാരുടെ ഷെയർ പോകും. അതു കഴിഞ്ഞുള്ളതാണ് നിർമാതാവിനു കിട്ടുക.
ബജറ്റിൽ സിനിമ തീർന്നില്ല
ബജറ്റിൽ തീർന്നൊരു സിനിമയല്ല പുലിമുരുകൻ. 20 കോടിയിൽ താഴെയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, അതിന്റെ ഇരട്ടി ചെലവായി. അത്രയും പണം ചെലവഴിച്ചതുകൊണ്ടാണ് ആ പടം അങ്ങനെ വന്നത്. ഇല്ലെങ്കിൽ വരുമോ? ഒരു കടുവയെ വച്ചായിരുന്നല്ലോ ഷൂട്ട് പ്ലാൻ ചെയ്തത്. കടുവ നമ്മൾ പറഞ്ഞിടത്ത് നിൽക്കില്ല. കുറെ ദിവസം അതിനെ നോക്കി വെറുതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. 100 ദിവസം പ്ലാൻ ചെയ്ത സിനിമ തീർന്നപ്പോൾ 210 ദിവസമായി. അങ്ങനെയാണ് ബജറ്റ് ഇരട്ടിയായത്. അതായത്, ഏകദേശം മുക്കാൽ വർഷം ഷൂട്ടിങ്ങിന് മാത്രമായി വേണ്ടി വന്നു! പോസ്റ്റ് പ്രൊഡക്‌ഷന് ഏകദേശം ഒരു വർഷത്തോളം എടുത്തു.
ആ പ്രസ്താവന വാസ്തവ വിരുദ്ധം
സിനിമ പലപ്പോഴും അങ്ങനെയാണല്ലോ. നമ്മുടെ കയ്യിൽ നിൽക്കില്ല! കയ്യീന്ന് പോകുന്ന ഘട്ടം വരെ എത്തിയിട്ടുണ്ട്. പിന്നെ, പലയിടത്തു നിന്നും ഫണ്ട് അറേഞ്ച് ചെയ്തു. അങ്ങനെയാണ് പടം തീർത്തത്. കെ.എഫ്.സിയിൽ നിന്ന് രണ്ടു കോടി രൂപ ലോൺ എടുത്തു. 2016 ഡിസംബറിൽ അതു ക്ലോസ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ടോമിൻ തച്ചങ്കിരി ഒരു അഭിമുഖത്തിൽ ഞാൻ ലോൺ എടുത്തിട്ട് അടച്ചു തീർത്തിട്ടില്ല എന്നു പറയുന്നുണ്ടായിരുന്നു. അതു വാസ്തവവിരുദ്ധമാണ്. പുലിമുരുകന്റെ സമയത്താണ് ആദ്യം ഞാൻ ലോൺ എടുക്കുന്നത്. അന്ന് ടോമിൻ തച്ചങ്കിരി കെ.എഫ്.സിയുടെ തലപ്പത്ത് വന്നിട്ടില്ല. ഞാൻ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന സിനിമ ചെയ്യുന്ന സമയത്ത് വീണ്ടും കെ.എഫ്.സിയിൽ നിന്ന് ലോൺ എടുത്തിരുന്നു. അന്ന് ടോമിൻ തച്ചങ്കിരിയായിരുന്നു എം.ഡി. 2020ൽ അത് അടച്ചു തീർത്തിട്ടുമുണ്ട്. അന്ന് ടോമിൻ തച്ചങ്കിരി ഒരു പത്രസമ്മേളനം വിളിച്ച് സിനിമാക്കാർ ലോൺ അടച്ചു തീർക്കാനുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. അന്നും ആളുകൾക്ക് പറയാനുണ്ടായിരുന്ന പേര് പുലിമുരുകന്റേത് ആയിരുന്നു. യഥാർഥത്തിൽ ഒരു പൈസ പോലും ഇനി കെ.എഫ്.സിയിലേക്ക് കൊടുക്കാനില്ല. എന്നിട്ടും, പുലിമുരുകനുമായി ബന്ധപ്പെടുത്തി പലതും ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്.
അന്നെടുത്തത് വലിയ റിസ്ക്
ന്യായമായ ലാഭം കിട്ടിയ സിനിമയാണ് പുലിമുരുകൻ. അതിന് കൃത്യമായ ഇൻകം ടാക്സും ഞാൻ അടച്ചിട്ടുണ്ട്. ലാഭം ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ നികുതി അടക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ. സിനിമ എന്നു പറയുന്നത് ഒരു ബിസിനസ് ആണ്. ലാഭത്തിനു വേണ്ടിയാണല്ലോ ഏതു ബിസിനസ്സും ചെയ്യുന്നത്. പുലിമുരുകന്റെ ഷൂട്ട് നീണ്ടു പോയപ്പോൾ ഈ പ്രൊജക്ട് നഷ്ടത്തിലാകുമോ എന്നു പോലും ചിന്ത വന്നിരുന്നു. എങ്കിലും സിനിമയുടെ പൂർണതയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. അതുകൊണ്ടാണ് സിനിമ വിജയിച്ചത്. ആദ്യമായിട്ടായിരുന്നു അന്ന് 4കെയിൽ ഒരു സിനിമ ഇറങ്ങുന്നത്. പടം ഇറങ്ങിയപ്പോൾ അതുവരെ മലയാളം കണ്ടിട്ടില്ലാത്ത ഹിറ്റിലേക്ക് സിനിമ കുതിച്ചു. ഒരു വയസ്സുള്ള കുഞ്ഞ് മുതൽ 90 വയസ്സുള്ള ആളുകൾക്കു വരെ ഇഷ്ടപ്പെടുന്ന സിനിമയായി. എല്ലാവർക്കും ഇഷ്ടപ്പെട്ട സിനിമ! അതിനു കാരണം ആ സിനിമയുടെ ക്വാളിറ്റിയാണ്. അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഞങ്ങളും സംവിധായകനായ വൈശാഖും തയാറായിരുന്നില്ല. സിനിമ വിജയം ആയപ്പോൾ അന്നെടുത്ത റിസ്ക്കിന്റെ ആശങ്ക മാറി.
ഇപ്പോൾ സിനിമ മാറി
ഞാൻ സിനിമയിൽ നിന്ന് ഇടയ്ക്ക് ഇടവേളകൾ എടുക്കാറുണ്ട്. പോക്കിരിരാജ ചെയ്തിട്ട് ആറു വർഷം കഴിഞ്ഞാണ് പുലിമുരുകൻ ഇറങ്ങിയത്. അങ്ങനെ ചില ഇടവേളകൾ മുൻപെ ഉള്ളതാണ്. ഇപ്പോൾ സിനിമ ആകെ വളർന്നു പോയി. ആ കാലഘട്ടം പോലെയല്ല ഇപ്പോൾ. വലിയ വ്യത്യാസം വന്നിട്ടുണ്ട്. ഒരു തമിഴ് പടം എടുത്തതിൽ നഷ്ടം സംഭവിച്ചു. അതുകൊണ്ടൊക്കെ ഞാനും ഒന്നു ഇടവേള എടുക്കാമെന്നു കരുതി. ഞാൻ ഒറ്റയ്ക്ക് സിനിമ ചെയ്യുന്ന ആളാണ്. എനിക്കു പുറകിൽ ഫണ്ടിങ്ങിന് വേറെ ആളൊന്നുമില്ല. എല്ലായ്പ്പോഴും കടം വാങ്ങി സിനിമ ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ, ചെറിയ പടമൊന്നും ചെയ്യാനും പറ്റില്ല. ‘ടോമിച്ചൻ മുളകുപാടം’ എന്നത് വലിയ പേരായിപ്പോയി. ആ പേരിൽ സിനിമ ഇറങ്ങുമ്പോൾ ആളുകൾ പലതും പ്രതീക്ഷിക്കും. അത് അനുസരിച്ച് എന്തെങ്കിലും കൊടുക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്. ‘പുലിമുരുകൻ’ എന്ന സിനിമ എനിക്കു നൽകിയ ഉത്തരവാദിത്തമാണ് അത്.