‘വനിത വിനീത’ പോലെ അവിടെയും; ‘ഛാവ’ കാണാൻ കുതിരപ്പുറത്തേറി യുവാവ് തിയറ്ററിൽ

Mail This Article
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ഛാവ’ ബോളിവുഡിൽ തരംഗമാകുകയാണ്. 130 കോടി ബജറ്റിൽ നിർമിച്ച ചിത്രം ആഴ്ചകൾക്കുള്ളിൽ മുതൽമുടക്ക് തിരിച്ചു പിടിച്ചു കഴിഞ്ഞു. നാല് ദിവസം കൊണ്ട് 200 കോടിയാണ് ആഗോള കലക്‌ഷനായി ചിത്രം വാരിയത്.
ഇതിഹാസ മറാഠി യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥ പറയുന്ന ചിത്രം ആവേശത്തോടെയാണ് പ്രേക്ഷകരും ഏറ്റെടുക്കുന്നത്. ചിത്രത്തിന്റെ കഠിനമായ ക്ലൈമാക്സ് കണ്ട് കണ്ണീരണിയുന്ന പ്രേക്ഷകരുടെ വിഡിയോ വൈറലാണ്. ഇതിനിടെ സംഭാജി മഹാരാജാവ് ആയി വേഷം െകട്ടി കുതിരപ്പുറത്ത് തിയറ്ററിലെത്തുന്ന യുവാവിന്റെ വിഡിയോയും കൗതുക കാഴ്ചയായി. കൊച്ചിയിലെ വനിത വിനീത തിയറ്ററിൽ നായകനെ അനുകരിച്ച് വേഷം കെട്ടി തിയറ്ററിൽ വരുന്നവരുണ്ട്. സമാനമായ ആരാധക ഭ്രാന്ത് ആണ് ‘ഛാവ’ കാണാനെത്തുന്ന പ്രേക്ഷകനും കാണാനാകുക.
പലരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ സംഭാജി മഹാരാജാവിന് അഭിവാദ്യം അർപ്പിക്കുന്നുണ്ട്. പെൺകുട്ടികൾ അടക്കമുള്ളവരാണ് അഭിവാദ്യം അർപ്പിക്കുന്നതെന്നതും ശ്രദ്ധേയം.
നടൻ വിക്കി കൗശലിന്റെ കരുത്തുറ്റ പ്രകടനമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഔറംഗസേബ് ആയെത്തുന്ന അക്ഷയ് ഖന്നയുടെ നെഗറ്റിവ് വേഷവും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്.
1681 കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. ഫെബ്രുവരി 14ന് തിയറ്ററുകളിലെത്തിയ ചിത്രം 2025ലെ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പണിങ് റെക്കോർഡുമായി ബോക്സ് ഓഫിസിൽ ശക്തമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.