ഞാൻ അൽഫാമിന്റെ ശത്രുവല്ല: സിനിമ കിട്ടാത്തതുകൊണ്ട് പ്ലമ്മിങിന് ഇറങ്ങിയതല്ല: സുധീര് സുകുമാരൻ അഭിമുഖം

Mail This Article
അൽഫാമിന്റെ ശത്രുവല്ല താനെന്ന് നടൻ സുധീർ സുകുമാരൻ. വർക്ക് ഔട്ട് ചെയ്യുകയും ആരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന തനിക്ക് എങ്ങനെ കാൻസർ വന്നു എന്ന് ആലോചിച്ചപ്പോൾ ഭക്ഷണശീലമാകാം കാരണം എന്ന് സ്വയം തോന്നുകയായിരുന്നു. അൽഫാം, ചുട്ടെടുത്ത ചിക്കൻ തുടങ്ങിയവ സ്ഥിരമായി കഴിക്കുമായിരുന്നു, കരിഞ്ഞ ഭക്ഷണം സ്ഥിരമായി കഴിച്ചത് കാൻസർ വരാൻ ഒരു കാരണമായിരിക്കും എന്നാണ് പറഞ്ഞത്. അല്ലാതെ ഡോക്ടർമാർ അങ്ങനെയൊന്നും തന്നോട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുധീർ സുകുമാരൻ മനോരമ ഓൺലൈനിനോടു പറഞ്ഞു.
തിരുവല്ല ബിലീവേഴ്‌സ് ചർച്ചിലെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് തനിക്ക് കാൻസർ വന്നതിനെപ്പറ്റി സുധീർ പറഞ്ഞത്. നടന്റെ വാക്കുകൾ വളച്ചൊടിച്ച് പല തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. താൻ പറഞ്ഞതുകേട്ട് അൽഫാമിനെ പേടിക്കണ്ട, മാംസഭക്ഷണം വൃത്തിയായി കരിയാതെ കഴിക്കുന്നതിനൊപ്പം പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് നല്ലതെന്നും സുധീർ വ്യക്തമാക്കി.
അൽഫാം കഴിച്ചാൽ കാൻസർ വരുമെന്ന് പറഞ്ഞോ ?
ഞാൻ അൽഫാമിനെതിരെ പറഞ്ഞിട്ടില്ല. അൽഫാം കഴിക്കുമ്പോൾ കരിഞ്ഞ ഭാഗം കഴിക്കുന്നത് ആരോഗ്യകരമല്ല എന്നാണ് പറഞ്ഞത്. എനിക്ക് വന്നത് കോളൻ കാൻസർ ആണ്. അത് കുടലിനെ ബാധിക്കുന്ന രോഗമാണ്. തിരുവല്ല ബിലീവേഴ്‌സ് ചർച്ചും മനോരമയും കൂടി സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഞാൻ എനിക്ക് കാൻസർ വന്നതിനെപ്പറ്റി പറഞ്ഞത്. ഈ ആരോഗ്യദൃഡഗാത്രനായ മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത എനിക്ക് അസുഖം വരാൻ കാരണം എന്താണെന്ന് ഞാൻ ആലോചിച്ചപ്പോൾ അത് എന്റെ ഭക്ഷണ ശീലമാകാം എന്നൊരു തോന്നൽ വന്നു. കോളൻ കാൻസർ വരാൻ ഒരു കാരണം നമ്മുടെ ഭക്ഷണ ശീലം കൂടി ആണല്ലോ. എനിക്ക് കുടുംബത്തിൽ പാരമ്പര്യമായി കാൻസർ ഇല്ല. ബോഡി ബിൽഡിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാൻ സ്ഥിരം കഴിക്കുന്നത് അൽഫാം ആയിരുന്നു. അതുകൊണ്ടാണ് കരിഞ്ഞ ഭക്ഷണമായിരിക്കും അസുഖം വരാൻ കാരണമെന്ന് തോന്നിയത്.
കരിഞ്ഞ ചിക്കൻ സ്ഥിരമായി കഴിച്ചിരുന്നു
ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ കൂടുതൽ പ്രോട്ടീൻ കിട്ടാനായി പകുതി വേവിച്ച ചിക്കൻ കഴിക്കാൻ ആണ് എന്നോട് ട്രെയിനർ പറഞ്ഞിരുന്നത്. അത് നല്ല പ്രോട്ടീൻ ആണ്. പക്ഷേ പകുതി വേവിച്ചത് എനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് കുറച്ച് ചാർക്കോളിൽ കയറ്റി കരിച്ച് എടുക്കാൻ പറയും. അങ്ങനെ കരിഞ്ഞ അൽഫാം, ചിക്കൻ ചുട്ടത് ഒക്കെ ആയിരുന്നു ഞാൻ മിക്കവാറും കഴിക്കുക. അത് സ്ഥിരം കഴിച്ചതു കൊണ്ടായിരിക്കും എനിക്ക് ഈ അസുഖം വന്നത് എന്ന് ഞാൻ ഉറപ്പിച്ചു. ഇറച്ചി കഴിക്കുമ്പോൾ നമ്മൾ അതിന്റെ കൂടെ പച്ചക്കറികളും കഴിക്കണം. പക്ഷേ ഞാൻ പച്ചക്കറി അധികം കഴിക്കില്ലായിരുന്നു. ഈ അനുഭവമാണ് ഞാൻ പങ്കുവച്ചത്. ഇത് കഴിച്ചതുകൊണ്ടാണ് കാൻസർ വന്നത് എന്ന് പറഞ്ഞിട്ടില്ല. കരി കഴിച്ചതുകൊണ്ടാണ് കാൻസർ വന്നതെന്ന് ഒരു ഡോക്ടര്‍മാരും പറഞ്ഞിട്ടില്ല. ഞാൻ സ്വയം ആ നിഗമനത്തിൽ എത്തിയതാണ്. ഇപ്പോൾ എന്റെ വിഡിയോ കണ്ടിട്ട് ഡോക്ടർമാർ അത് ശരി വക്കുന്നുമുണ്ട്.
വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല
ഇന്നലെ കുറച്ച് ഹോട്ടലുകാർ എന്നെ വിളിച്ചിരുന്നു, നിങ്ങൾ ഞങ്ങളുടെ വയറ്റത്തടിക്കുമോ എന്ന് ചോദിച്ചു. അൽഫാം കഴിക്കാൻ പാടില്ല, കാൻസർ വരും എന്ന് ഞാൻ പറഞ്ഞിട്ടില്ല, എനിക്ക് ഇപ്പോഴും അൽഫാം ഇഷ്ടമാണ് കഴിക്കുകയും ചെയ്യും. പക്ഷേ അത് വൃത്തിയായി ഉണ്ടാക്കി കരിക്കാതെ കഴിക്കണം എന്നുമാത്രമാണ് ഞാൻ പറഞ്ഞത്. ചുട്ടു കഴിക്കുന്നത് പ്രശ്നമാണ്. ഞാൻ വിവാദം ഉണ്ടാക്കാനോ ആരുടെയെങ്കിലും അന്നം മുട്ടിക്കാനോ പറഞ്ഞതല്ല. ഞാൻ പറഞ്ഞതുകാരണം അൽഫാമിനെപ്പറ്റി വലിയൊരു വിവാദം ഉണ്ടാക്കേണ്ട ആവശ്യമേ ഇല്ല. ഞാൻ അൽഫാമിന്റെ ശത്രുവല്ല.
അറിയാവുന്ന പണി ചെയ്യുന്നത് നല്ലതല്ലേ
പ്ലമിങ് ചെയ്യുന്ന ഒരു വിഡിയോ കണ്ടിട്ട് ഒരുപാടു പേര്‍ വിളിച്ചിരുന്നു. പ്ലമിങ് മാത്രമല്ല ഒരുപാട് ജോലികൾ എനിക്ക് അറിയാം, ഞാൻ ലോറി ഓടിക്കും, ഇലക്ട്രിക്കൽ വെൽഡിങ് വർക്ക് ഒക്കെ അറിയാം. അത് ചെയ്യുന്നതിൽ ഒരു നാണക്കേടും ഇല്ല. എന്റെ വീട്ടിൽ പൈപ്പ് ചീത്തയായി ഞാൻ പ്ലമിങ് ചെയ്തപ്പോൾ അത് എന്റെ അനുജന്റെ മകൻ വിഡിയോ എടുത്ത് അയച്ചു തന്നത് പോസ്റ്റ് ചെയ്തതാണ്. എന്റെ വീട്ടിൽ വരുന്ന പണികൾ പലതും ഞാൻ ആണ് ചെയ്യുക, പണിക്കാരെ നോക്കി ഇരുന്നാൽ നമുക്ക് സമയത്ത് കാര്യം നടക്കില്ല. എനിക്ക് സിനിമ ഇല്ലാത്തതുകൊണ്ട് ഞാൻ പ്ലമിങ് ജോലിക്ക് പോകുന്നു എന്ന തരത്തിൽ അതിനെ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. ഞാൻ ഇപ്പോൾ പൊങ്കാല, ഒറ്റക്കൊമ്പൻ, ഇനിയും, ശുക്രൻ തുടങ്ങി നാല് സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. ചെയ്തു വച്ച പല സിനിമകൾ ഇറങ്ങാനും ഉണ്ട്.
സിനിമ ഇല്ലാത്തതുകൊണ്ട് പ്ലമിങ് പണി സ്വീകരിച്ചതല്ല
സിനിമയിൽ ഇഷ്ടംപോലെ അവസരങ്ങൾ ഉണ്ട്, പക്ഷേ ഒഴിവ് കിട്ടുമ്പോൾ എന്റെ വീട്ടിലെ ജോലികളും ഞാൻ ചെയ്യും. ഇനി എനിക്ക് പണി ഇല്ലാതെ പ്ലമിങ് ചെയ്യുന്നു എന്ന് പറഞ്ഞാലും കുഴപ്പമില്ല മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കി ജീവിക്കുന്ന ആളല്ല ഞാൻ. ഞാൻ അധ്വാനിക്കുന്നു സന്തോഷമായി ജീവിക്കുന്നു, ആര് എന്ത് പറഞ്ഞാലും എന്നെ ബാധിക്കില്ല. എന്തായാലും ഞാൻ ഇട്ട വിഡിയോ മുപ്പത് ലക്ഷത്തോളം ആളുകൾ കണ്ടു. ചിലർ എനിക്ക് മെസേജ് അയച്ചത് ചേട്ടൻ ഇട്ട വിഡിയോ കണ്ടിട്ട് ഇപ്പോൾ പണിക്ക് പോകാൻ തോന്നുന്നു എന്നാണ്. വൈറ്റ് കോളർ ജോലി മാത്രം നോക്കി ഇരിക്കാതെ അറിയാവുന്ന പണി ചെയ്യുന്നതാണ് നല്ലത്.
മടി പിടിച്ചിരിക്കുന്നവർ എന്റെ വിഡിയോ കണ്ടിട്ട് പണിക്ക് പോയി തുടങ്ങിയാൽ സന്തോഷം. എനിക്ക് ഇന്നലെ ഒരുപാട് മെസ്സേജുകൾ കിട്ടി. ഒരാൾ പറഞ്ഞത് ‘‘ചേട്ടാ ഞാൻ ഡിഗ്രി കഴിഞ്ഞതാണ് പക്ഷേ ജോലി ഒന്നും കിട്ടിയില്ല, ചേട്ടന്റെ വിഡിയോ കണ്ടിട്ട് എനിക്കിപ്പോൾ ഏത് ജോലിയും ചെയ്യാനുള്ള ഒരു പ്രചോദനം ഉണ്ടായിട്ടുണ്ട്, ഞാൻ ഇനി ജോലിക്ക് പോകും’’ എന്നാണ്. ആ മെസ്സേജ് കണ്ടപ്പോൾ സന്തോഷം തോന്നി. വിഡിയോ കണ്ട് പ്രചോദനം കിട്ടി കുറച്ചുപേരെങ്കിലും പണിക്ക് പോയി തുടങ്ങിയാൽ നല്ലതല്ലേ. എന്റെ വിഡിയോ കണ്ടിട്ട് മറ്റുള്ളവർക്ക് പ്രചോദനം ഉണ്ടാകട്ടെ.
കാൻസറിനെ പേടിക്കാതെ നേരിടുക
കാൻസർ വന്നത് കണ്ടുപിടിക്കാൻ വളരെ വൈകിപ്പോയി. പൈൽസ് ആണെന്ന് കരുതി അതിനു ചികിൽസിച്ചുകൊണ്ടിരുന്നു. അസുഖം കണ്ടെത്തിയപ്പോൾ നല്ല ചികിത്സ കിട്ടിയതുകൊണ്ട് അസുഖം പൂർണമായി സുഖപ്പെട്ടു. കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ ഞാൻ അതിനെ ഒരു പനി പോലെ കണ്ട് മനക്കരുത്തോടെ നേരിട്ടു. ഇപ്പോൾ എനിക്ക് ഒരു കുഴപ്പവും ഇല്ല. എല്ലാ ജോലിയും ചെയ്യാൻ കഴിയും. ജിമ്മിൽ വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങി എല്ലാ വർക്ക്ഔട്ടുകളും ചെയ്യും. കാൻസറിനെ പേടിക്കേണ്ടതില്ല. അത് ചെറിയ ലക്ഷണങ്ങൾ ഉള്ളപ്പോഴെ കണ്ടുപിടിച്ച് വേണ്ട ചികിത്സ തേടിയാൽ പൂർണമായും സുഖപ്പെടുന്ന അസുഖമാണ്. തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുകയും ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ അത് പൂർത്തിയാക്കിയതിനു ശേഷം കൃത്യമായി ഫോളോ അപ്പ് ചെയ്യുകയും വേണം. കാൻസറിനെ അങ്ങനെ പേടിച്ച് ഓടേണ്ട കാര്യമില്ല. പൂർണമായി സുഖപ്പെട്ടാൽ നമുക്ക് പഴയതുപോലെ ജീവിതത്തിലേക്ക് മടങ്ങിവരാം.