മഞ്ഞുമ്മൽ ബോയ്സിന്റെ ഒന്നാം വാർഷികത്തിൽ അവർ ആ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു !

Mail This Article
സാത്താന്റെ അടുക്കളയെന്ന് അറിയപ്പെട്ട ഡെവിൽസ് കിച്ചൻ കമൽഹാസന്റെ ഗുണ സിനിമയിലൂടെ ഗുണകേവായി അറിയപ്പെട്ടു. അതും വർഷങ്ങൾക്കു മുമ്പ്. എന്നാൽ മഞ്ഞുമ്മൽ ബോയ്സ് എന്ന ഒറ്റ സിനമയിലൂടെയാണ് കൊടൈക്കനാലിലെ ഗുണകേവ് വീണ്ടും ഹിറ്റായത്. ഈ സ്ഥലത്തെ പറ്റി അറിയാമെങ്കിലും എന്തുകൊണ്ടാണ് ഗുണകേവ് ഇത്രയും പ്രശസ്തി ആർജിച്ചതെന്നും അതിനുള്ളിലെ പേടിപ്പെടുത്തുന്ന കഥയും പലർക്കും അറിയില്ലായിരുന്നു. ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷും പിള്ളേരുമാണ് പിന്നീട് അവിടെ നടന്ന യഥാർഥ കഥയുമായി പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തികളും ഇതിലുണ്ടായ വെല്ലുവിളികളും ഗുണ കേവ് എന്ന സെറ്റിലേക്കെത്തിയതും എല്ലാം പങ്കുവെക്കുകയാണ് സംവിധായകനും അണിയറ പ്രവർത്തകരും.
‘സിനിമയുടെ പ്രധാന ലൊക്കേഷൻ കൊടൈക്കനാൽ ആണ്. എന്നാൽ കേവിൽ അനുവാദമില്ലാതെ ഇറങ്ങാൻ കഴിയില്ല. പല വട്ടം അവിടെ പോയിട്ടുണ്ടെങ്കിലും ഞാൻ ഈ ഗുണാകേവ് കണ്ടിട്ടില്ല. അങ്ങനെ ആദ്യം ഞങ്ങൾ ഗുണാകേവ് കാണാൻ തീരുമാനിക്കുകയും എങ്ങനെയൊക്കെയോ ഒരു ഫോറസ്റ്റ് ഗാർഡിനെ സമീപിച്ച് പെർമിഷനെടുത്തു. ടൂറിസ്റ്റുകൾ വരുന്നതിനു മുമ്പ് ഗുണാകേവ് ഇറങ്ങി കാണണം. ഞാനും പ്രൊഡ്യൂസർ ഷോൺ, ഷൈജു ഖാലിദ്, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി എന്നിവരാണുണ്ടായത്. നമ്മൾ ആദ്യം തന്നെ അവിടെ കാണുന്നത് ഒരു കുരങ്ങന്റെ തലയോട്ടിയാണ് ആ മണവും കൊല്ലങ്ങളോളം സൂര്യ വെളിച്ചം അടിക്കാത്ത പാറകളും അതിന്റെ അകത്തുനിന്നു ഇതെല്ലാം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇറ്റ്സ് ഇംപോസിബിൾ ടു ഷൂട്ട് . ഇത്രയും ആൾക്കാർ ഇറങ്ങി ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്. ടെക്നോളജി വികസിച്ചിട്ടും ക്യാമറകൾ ചെറുതായിട്ടും വെയിറ്റ് കുറഞ്ഞിട്ടും ലൈറ്റുകൾ ചെറുതായിട്ടും ഇന്ന് അത് അച്ചീവ് ചെയ്യാൻ എത്ര ബുദ്ധിമുട്ടാണെന്നുള്ളത് ആലോചിച്ചപ്പോൾ എനിക്ക് ഗുണ സിനിമയുടെ അണിയറപ്രവർത്തകരോട് ഭയങ്കര ബഹുമാനം തോന്നി. നമ്മുടെ മൊത്തം സിനിമ ഗുണ കേവിലാണ്. അങ്ങനെയാണ് ഞങ്ങൾ ആ വലിയ തീരുമാനം എടുക്കുന്നത് ഗുണ കേവ് നമുക്ക് സെറ്റിടാമെന്നു.’– ചിദംബരം

‘ഗുണാകേവിനെ ഏകദേശം അതേ സൈസിൽ തന്നെയാണ് സെറ്റ് ഇട്ടത്. കൂടാതെ കൊടൈക്കനാലിലെ പല സ്ഥലങ്ങളിലെയും പാറകൾ ഒക്കെ വച്ചിട്ടാണ് സെറ്റ് ഉണ്ടാക്കി എടുത്തത്. ഇതിന്റെ ഒക്കെ ടെക്സ്ചർ കണ്ടാൽ നിങ്ങൾക്ക് അറിയാൻ പറ്റും ഇത് എങ്ങനെയാണ് നമ്മൾ ചെയ്തതെന്ന്. ചില പോർഷൻ ഒക്കെ നമ്മൾ ശരിക്കും യഥാർത്ഥത്തിൽ കൊടൈക്കനാലിൽ തന്നെ ഷൂട്ട് ചെയ്തിട്ടുണ്ട്. എൻട്രി മുതലാണ് ഈ സെറ്റ് ആരംഭിക്കുന്നത്. ഗുണക്കേവിൽ ഇറങ്ങുമ്പോൾ തന്നെ രണ്ട് സൈഡിലും നമ്മൾ പ്രതീക്ഷിക്കാത്ത പോലെ തന്നെ നിരവധി കുഴികളും ചെറിയ ചെറിയ വിടവുകളും ഭൂമി തെന്നി മാറിയത് പോലെയൊക്കെ കാണാം. ഇതിൽ ഒരുപാട് ചെടികളൊക്കെ നമ്മൾ വെച്ചിട്ടുണ്ട് .ഇതൊക്കെ നിലനിർത്താനാണ് പാട്. റിയലായിട്ടും അല്ലാതെയുമുള്ള കല്ലുകളും ഫൈബർ, പ്ലാസ്റ്റിക് വേസ്റ്റുകൾ ഇതൊക്കെ ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ ഉണ്ടാക്കിയത് സ്ട്രോങ്ങ് ആയിട്ടാണ്. പത്ത് മുപ്പത് പേർക്കൊക്കെ കേറി നിൽക്കാൻ പറ്റുന്ന തരത്തിൽ തന്നെയാണ് ഉണ്ടായിരിക്കുന്നത് .ഹ്യൂമിഡിറ്റി നിലനിർത്താൻ വേണ്ടി ഫുൾ എസി ചെയ്തിട്ടുണ്ടായിരുന്നു.’ – അജയൻ ചാലിശ്ശേരി
തുടക്കത്തിൽ തന്നെ ഡയറക്ടർ പറഞ്ഞിട്ടുള്ള ഒരു കാര്യമായിരുന്നു മഴ പെയ്യണം മിസ്റ്റ് ഉണ്ടാകണം എന്നൊക്കെ. അത് വളരെ ചലഞ്ചിങ് ആയിരുന്നു. വെള്ളം പല സൈഡിൽ നിന്നും വളരെ ശക്തമായിട്ട് ഒലിച്ച് ഈ കുഴിയിലേക്ക് പോകും, എന്നാലിത് ഹാർഡ് ആയി കഴിഞ്ഞാലും പ്രയാസമാണ്. പിന്നെ ഗുണകേവിൽ സുഭാഷ് വീഴുന്ന കുഴിയുണ്ട്. ഇത് നമ്മൾ തന്നെ കുഴിച്ചുണ്ടാക്കിയതാണ്. ഏകദേശം 10 അടി കുഴിച്ചപ്പോൾ തന്നെ കുഴിയിൽ വെള്ളം കണ്ടു. നമ്മൾ കിണറൊക്കെ കുത്തുന്ന പോലെ ഈ കുഴിയിൽ വെള്ളം വന്നികയു പിന്നീട് ഇതിന്റെ മുകളിൽ ഗ്രിൽ ചെയ്തിരിക്കുകയാണ്. ഈ കുഴിയിൽ വീഴുന്ന ഭാഗത്ത് ഉള്ളിൽ സൈഡിലൊക്കെ സിലിക്കോൺ മെറ്റീരിയൽ ഉപയോഗിച്ച് സോഫ്റ്റ് ചെയ്തിട്ടുണ്ട് . ശ്രീനാഥ് ഭാസിയെ എടുക്കാൻ വേണ്ടിയിട്ട് ഈ വിടവുകളുടെ ഇടയിൽ കൂടി ഇറങ്ങി പോണം. ഇതിനായി ഫ്ലോറിൽ നിന്ന് 50 അടി പൊക്കത്തിൽ കിണർ പോലെ മൂന്ന് വിടവുകൾ ഉണ്ടാക്കുകയാണ് ചെയ്തത്. ഈ മൂന്നെണ്ണം കൂടി ഒരുമിപ്പിച്ചു കഴിഞ്ഞാൽ ഏകദേശം 150 അടിയോളംവരുന്ന ഒരു കിണർ അല്ലെങ്കിൽ ഒരു വിടവാകും. മൂന്നു വിടവിനും ഓരോ കാര്യങ്ങളുണ്ട്. ഇതിൽ ഭാസി വീണു കിടക്കുന്നതും പിന്നെ സൗബിൻ ഒരു പാറയുടെ മുകളിൽ വന്നിട്ട് ആദ്യമായിട്ട് ഭാസിയെ കാണുന്നതും സൗബിൻ വന്ന് കയർ കെട്ടി അവനെ രക്ഷപ്പെടുത്തുന്നതും ഒക്കയാണ് ഈ വിടവുകൾ. പിന്നെ സിനിമയിലെ പ്രധാനപ്പെട്ട ഒരു ഭാഗം ലൂസ് അടിക്കെടാ എന്നു പറയുമ്പോൾ കയർ കുടുങ്ങി കിടക്കാൻ ഇവർ രണ്ടാളും ഒരു സ്ഥലത്ത് ജാമായി നിൽക്കുന്ന ഭാഗമൊക്കെ നമ്മൾ അവിടെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. തറയിൽ നിന്ന് 40 അടി മുകളിലാണ് ആ കുടുങ്ങിക്കിടക്കുന്ന സീനൊക്കെ. – അജയൻ ചാലിശ്ശേരി.
ഒരു ലിമിറ്റിൽ കൂടുതൽ ചെയ്യാൻ പറ്റില്ല ഇതൊന്നും എന്ന് അജയേട്ടൻ ആദ്യമേ പറയുകയുണ്ടായി. കാരണം ഇത് അത്രയ്ക്കും ആഴത്തിൽ പഠിച്ച് ചെയ്യേണ്ടതാണ്. ഗുണ കേവിൽ പോയി അവിടെ നിന്ന് എല്ലാം മനസ്സിലാക്കി പക്ഷെ നമുക്കത് ചലഞ്ചിങ് ആയിട്ട് തോന്നി. (തൗഫീക് ഹുസൈൻ – വിഎഫ്എക്സ് സൂപ്പർവൈസർ)