‘ഗോവർധനുപോലും കണ്ടെത്താനാകാത്ത സത്യങ്ങളാണ് എമ്പുരാനിൽ കാണാനാകുക’; ഇന്ദ്രജിത്ത് പറയുന്നു

Mail This Article
‘എമ്പുരാൻ’ സിനിമയിലെ ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്ന ഗോവർധന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിലെ എട്ടാമത്തെ കഥാപാത്രമായാണ് ഗോവർധനെ അണിയറപ്രവർത്തകർ വെളിപ്പെടുത്തുന്നത്.
ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഇന്ദ്രജിത്ത് പ്രതികരിച്ചത് ഇങ്ങനെ:
‘ലൂസിഫറിലെയും എമ്പുരാനിലെയും സത്യാന്വേഷിയായ ഗോവർധനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ആർക്കും അറിയാത്ത ചില സത്യങ്ങൾ ഡാർക്ക് വെബ്ബിലൂടെയും മറ്റും കണ്ടെത്തി ലോകത്തോട് വിളിച്ചു പറയുന്ന ഒരു വ്യക്തിയായിരുന്നു ലൂസിഫറിലെ ഗോവർധൻ. ആ കഥാപാത്രം തന്നെയാണ് എമ്പുരാനിലും തുടരുന്നത്. ഇങ്ങനെയുള്ള ആളുകൾക്ക് ലോകം നമ്മുടെ വിരൽത്തുമ്പിലാണെന്ന തോന്നൽ പലപ്പോഴും ഉണ്ടാകും. എന്നാൽ അതിനുമപ്പുറം നമ്മൾ അറിയാത്ത ചില കാര്യങ്ങൾ ലോകത്തുണ്ട്. അല്ലെങ്കിൽ നമുക്ക് ആർക്കും കണ്ടെത്താൻ പറ്റാത്ത ചില സത്യങ്ങൾ ലോകത്ത് മറഞ്ഞിരിപ്പുണ്ട് എന്ന തിരിച്ചറിവും എമ്പുരാനിലൂടെ ഗോവർധനിൽ വരുന്നുണ്ട്.
ഒരു പ്രോജക്ടിൽ നിന്നും നടനിൽ നിന്നും സിറ്റുവേഷനിൽ നിന്നുമൊക്കെ എന്തൊക്കെ വേണമെന്നുള്ള വ്യക്തമായ ധാരണ രാജുവിനുണ്ട്. അതിന്റെ ഷോട്ട് എങ്ങനെ വേണം, ആ കഥാപാത്രം എങ്ങനെ നടക്കണം, സംസാരിക്കണം എന്നുപോലും അദ്ദേഹത്തിന് അറിയാം. ഞാനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്ന് വിശ്വസിക്കുന്ന ആളാണ്. സംവിധായകന് അങ്ങനെയൊരു ധാരണ ഉണ്ടെങ്കിൽ പാതിജോലി പൂർത്തിയായി കഴിഞ്ഞു. ഗോവർധനെക്കുറിച്ചും പൃഥ്വിക്ക് കൃത്യമായി അറിയാം.
അത് എന്നോട് സംസാരിച്ച് ആ കഥാപാത്രത്തെ അങ്ങനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. അതുകൊണ്ട് എന്റെ ജോലി എളുപ്പമായിരുന്നു. എമ്പുരാൻ കുറേകൂടി ബിഗ് സ്കെയിൽ സ്റ്റോറി പറയുന്ന സിനിമയാണ്. സ്റ്റീഫൻ നെടുമ്പള്ളിയിലൂടെ പോയി അബ്രാം ഖുറേഷിയിലാണ് ‘ലൂസിഫർ’ പറഞ്ഞു നിർത്തിയത്. ഇനിയങ്ങോട്ട് പല കഥകൾ, മൾട്ടിപ്പിൾ സ്റ്റോറി നരേറ്റിവ് എമ്പുരാനിൽ വരുന്നുണ്ട്.
ആരാണ് ഇയാൾ, ഇയാളുടെ പാസ്റ്റ് എന്തായിരുന്നു, അല്ലെങ്കിൽ ഇപ്പോൾ എന്താണ് അയാൾ, എന്താണ് അയാളുടെ ഭാവി? ഇങ്ങനെയുള്ള ചോദ്യങ്ങൾ സിനിമയിലുടനീളം നിലനിൽക്കുന്നുണ്ട്. അതിനൊക്കെയുള്ള ഉത്തരം ഒരളവു വരെ ഈ സിനിമ നിങ്ങളുടെ മുന്നിലെത്തിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്’.