ഒരു ബസ് മുഴുവൻ 'ഗെറ്റ് സെറ്റ് ബേബി' കാണാൻ തിയറ്ററിൽ; വൈറലായി കടമേരിക്കാരുടെ സിനിമായാത്ര

Mail This Article
മാർക്കോയ്ക്ക് ശേഷം പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ സിനിമ ഗെറ്റ് സെറ്റ് ബേബി കാണാൻ ഒരു ബസ് നിറയെ ആളുകളുമായി പുറപ്പെട്ട നാട്ടുകാരുടെ യാത്ര ശ്രദ്ധ നേടുന്നു. കോഴിക്കോട് വടകരയിലെ കടമേരി എന്ന സ്ഥലത്തുനിന്നാണ് ഒരു കൂട്ടം സിനിമാസ്വാദകർ ഒരുമിച്ച് സിനിമ കാണാൻ പോയത്. കുടുംബത്തോടും കുട്ടികളോടും ഒപ്പം മനസ്സു നിറഞ്ഞു കാണാനാകുന്ന സിനിമയാണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ഈ കൂട്ടത്തിന്റെ വിഡിയോ പങ്കുവച്ച സ്കന്ദ സിനിമാസ് വിഡിയോയ്‌ക്കൊപ്പം കുറിച്ചത് ഇങ്ങനെ: ‘വടകരയിലെ കടമേരിയിൽ നിന്ന് ഒരുകൂട്ടം സിനിമാപ്രേമികൾ, ബസ് സ്പെഷൽ ട്രിപ്പ് എടുത്ത് "ഗെറ്റ് സെറ്റ് ബേബി" കാണാൻ തിയറ്ററിൽ പോയ വിഡിയോ കണ്ടു. ജനങ്ങളിലേക്ക് ഞങ്ങളുടെ ചിത്രം ഇത്ര സ്വീകാര്യമായതിൽ ഏറെ സന്തോഷം. കടമേരിയിലെ നാട്ടുകാർക്ക് വലിയ നന്ദി.’
കടമേരിയിൽ നിന്നുള്ള ഉണ്ണി മുകുന്ദന്റെ ആരാധകരാണ് ബസ് പിടിച്ച് ‘ഗെറ്റ് സെറ്റ് ബേബി’ കാണാൻ വടകരയിലെ ഒരു തിയറ്ററിലേക്ക് പോയത്. വിനോദയാത്ര പോലെ ആടിയും പാടിയുമായിരുന്നു നാട്ടുകാരുടെ യാത്ര. കുട്ടികളും മുതിർന്നവരും ഉൾപ്പടെ അറുപതോളം പേരാണ് സിനിമ കാണാനെത്തിയത്. സിനിമ കണ്ടതിന്റെ അനുഭവവും അവർ പങ്കുവച്ചു.
വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’ റിലീസ് ആയത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി ഉണ്ണി മുകുന്ദന്റെ തിരിച്ചുവരവാണ് ഈ ചിത്രം. മാര്‍ക്കോയില്‍ കണ്ട ഉണ്ണി മുകുന്ദന്റെ നേരെ വിപരീതമാണ് ഗെറ്റ് സെറ്റ് ബേബിയിലെ ഉണ്ണി. വിനയ് ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നിഖില വിമലാണ് നായിക.