ADVERTISEMENT

നടന്മാർ നിർമാതാക്കൾ ആകരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനങ്ങള്‍ തള്ളിക്കളഞ്ഞ് ഉണ്ണി മുകുന്ദന്‍. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ല എന്നാണ് താരത്തിന്‍റെ നിലപാട്. തന്‍റെ പണം കൊണ്ട് തനിക്കിഷ്ടമുള്ള സിനിമകള്‍ നിര്‍മിക്കുമെന്നും അതിനെ ആരും ചോദ്യംചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി പറഞ്ഞു. പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.

‘‘നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ്. എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്‍റെ അവകാശമാണ്. ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല.അതൊരു മാന്യതയാണ്.

ഞാൻ നിർമിച്ച സിനിമകളും നല്ലതാണെന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോടുപോലും ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഒരു നടനോട് സിനിമ നിർമിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ എന്നറിയില്ല. അതെന്റെ അവകാശമാണ്. എന്റെ മാത്രമല്ല എല്ലാവർക്കും. ആ പ്രസ്താവനയേ ശരിയല്ല. ഇതൊരു ഫ്രീ സ്പേസ് ആണ്. സീറോ ബജറ്റിലും പുതിയ ആളുകളെ വച്ചുമൊക്കെ സിനിമ ചെയ്യാം. ഇതിനൊരു റൂട്ട് ബുക്കൊന്നുമില്ല.

ഇൻഡസ്ട്രിയിൽ ഈ ആള് മാത്രമാണ് സിനിമ ചെയ്യേണ്ടതെന്ന് എവിെടയും എഴുതിവച്ചിട്ടില്ല. വേറെ മേഖലയിൽ നിന്നും ജോലിയൊക്കെ രാജിവച്ച് വന്ന് സിനിമ ചെയ്യുന്ന ആളുകളുണ്ട്. ഞാൻ പോലും സിനിമ പഠിച്ചിട്ട് വന്ന് സിനിമാ നടനായ ആളല്ല, പ്രൊഡക്‌ഷൻ എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. ജീവിതാനുഭവങ്ങൾകൊണ്ടാണ് അതൊക്കെ പഠിക്കേണ്ടത്. ഞാൻ അധികം പ്രതിഫലം വാങ്ങാറില്ല. അഞ്ചുവര്‍ഷത്തോളമായി എന്‍റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നത്.’’ – ഉണ്ണി മുകുന്ദന്റെ വാക്കുകൾ. 

നടിമാര്‍ക്ക് വലിയ പ്രതിഫലമൊന്നും കിട്ടുന്നില്ലെന്നും ഇനിയും കുറച്ചാല്‍ ഒന്നുമുണ്ടാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നിഖില വിമല്‍ അഭിപ്രായപ്പെട്ടു.

English Summary:

Unni Mukundan has rejected the Producers Association's decision that actors should not be producers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com