അച്ഛനെ പോലെ തന്നെ, അതേ ഡാൻസ്; ആദ്യമായി പൊതുവേദിയിൽ ഒന്നിച്ചെത്തി പ്രഭുദേവയും മകനും

Mail This Article
മകൻ ഋഷി രാഘവേന്ദർ ദേവയെ ആദ്യമായി പൊതുവേദിയിൽ പരിചയപ്പെടുത്തി നടനും സംവിധായകനും ഡാൻസ് കൊറിയോഗ്രാഫറുമായ പ്രഭുദേവ. ചെന്നൈയിൽ നടന്ന ‘പ്രഭുദേവ ഡാൻസ് ഷോ’യിലാണ് അച്ഛനും മകനും ഒന്നിച്ചെത്തിയത്. പ്രഭുദേവയും ഋഷിയും ഒന്നിച്ചുള്ള ഡാൻസ് നമ്പർ കാണികളെ ആവേശത്തിലാക്കി. ഇതാദ്യമായാണ് അച്ഛനും മകനും ഒന്നിച്ചു ഡാൻസ് ചെയ്യുന്നത്.
‘‘ആദ്യമായി എന്റെ മകൻ ഋഷി രാഘവേന്ദർ ദേവയെ നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇത് ഡാൻസിനും അപ്പുറമാണ്- ഇതൊരു പാരമ്പര്യവും അഭിനിവേശവുമാണ്, ഒപ്പം ഇപ്പോൾ തുടങ്ങുന്ന ഒരു യാത്രയും.’’–മകനൊപ്പമുള്ള ഡാൻസ് വിഡിയോ പങ്കുവച്ച് പ്രഭുദേവ കുറിച്ചു.
നിരവധി പേരാണ് ഋഷിയ്ക്ക് ആശംസകൾ നേരുന്നത്. അച്ഛനെപ്പോലെ തന്നെ അടിപൊളിയായാണ് ഋഷിയുടെ നൃത്തവുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം ചെന്നൈയിൽ നടന്ന പ്രഭുദേവയുടെ ലൈവ് ഷോയിൽ കോളിവുഡിൽ നിന്നും നിരവധി സെലിബ്രിറ്റികളും പങ്കെടുത്തിരുന്നു. ധനുഷ്, വടിവേലു, എസ്ജെ സൂര്യ, റോജ, മീന തുടങ്ങിയ താരങ്ങളും എത്തിയിരുന്നു.
പ്രഭുദേവയുടെയും മുൻ ഭാര്യ റംലത്തിന്റെയും മകനാണ് ഋഷി. 1999 ൽ വിവാഹിതരായ റംലത്തും പ്രഭുദേവയും 2011 ലാണ് വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് മക്കളുണ്ട്. ഇവരുടെ മൂത്ത മകൻ പതിമൂന്നാം വയസ്സിൽ കാൻസർ ബാധിച്ച് മരണമടഞ്ഞു.
2020ൽ മുംബൈ സ്വദേശിയായ ഹിമാനിയെ പ്രഭുേദവ വിവാഹം ചെയ്തിരുന്നു. 2023ൽ ഇവർക്കൊരു പെൺകുഞ്ഞ് ജനിച്ചു.