നോ വയലൻസ്; സമ്പൂർണ കുടുംബ ചിത്രം, മികച്ച പ്രതികരണങ്ങളുമായി ‘ഗെറ്റ് സെറ്റ് ബേബി’ രണ്ടാം വാരത്തിലേക്ക്

Mail This Article
മാറുന്ന കുടുംബ ബന്ധങ്ങളുടെ മനസ്സറിഞ്ഞൊരുക്കിയിരിക്കുന്ന ചിത്രമായി പ്രേക്ഷകർ നെഞ്ചോടുചേർക്കുകയാണ് ഉണ്ണി മുകുന്ദന്‍റെ കരിയർ ബെസ്റ്റ് പ്രകടനത്തിലൂടെ ഇതിനകം ഏവരും ഏറ്റെടുത്ത 'ഗെറ്റ് സെറ്റ് ബേബി'. ഒരു ടോട്ടൽ ഫീൽഗുഡ് വിരുന്നാണ് ചിത്രമെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. നോ വയലൻസ് നോ ഫൈറ്റ്, കുടുംബങ്ങൾക്ക് മാത്രമായി ഒരു ചിത്രം, ഇന്നത്തെ കുടുംബങ്ങൾക്ക് വേണ്ടതെല്ലാം ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ട്, എന്നാണ് പ്രേക്ഷക അഭിപ്രായം. കുടുംബങ്ങളുടെ അകമഴിഞ്ഞ സ്വീകാര്യതയോടെ ചിത്രം തിയറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
ഒരു പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ അടയാളപ്പെടുത്തിയിരിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി' എന്ന സിനിമയിലെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രം. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ഇമോഷനും കോമഡിയും എല്ലാം മികച്ച രീതിയിൽ ഉണ്ണി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ വാക്കുകള്‍. ആക്ഷനിൽ എക്കാലത്തും ഞെട്ടിക്കാറുള്ള ഉണ്ണിയുടെ ഏറ്റവും ഒടുവിൽ എത്തിയ 'മാർക്കോ' എന്ന സിനിമയിലും ആക്‌ഷനിൽ അദ്ദേഹം ഗംഭീരമാണെന്ന് തെളിയിച്ചിരുന്നു.
എന്നാൽ ആക്ഷനും വയലൻസും ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകരുടെ പ്രീതി നേടുന്ന രീതിയിൽ തനിക്ക് എത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി'യിൽ അദ്ദേഹം. ചാമിങ് ആൻഡ് വൈബ്രന്‍റ് ആണ് ചിത്രത്തിൽ ഉണ്ണിയുടെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന ക്യാരക്ടർ. മലയാള സിനിമയിലെ തന്നെ ശ്രദ്ധേയമായ ഒരുപിടി ഡോക്ടർ കഥാപാത്രങ്ങളുടെ ഗണത്തിലേക്കാണ് ഫാമിലികളുടെ പ്രിയപ്പെട്ട ഡോക്ടറായി ഉണ്ണി മുകുന്ദന്‍റെ ഈ കഥാപാത്രവും എത്തിയിരിക്കുന്നത്. കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കളിചിരികളും കുസൃതിതരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തിൽ. സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.
കളർഫുള്‍ വിഷ്വൽസാണ് അലക്സ് ജെ പുളിക്കലിന്‍റെ ക്യാമറ കാഴ്ചകള്‍. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. ആശിർവാദ് സിനിമാസാണ് ഡിസ്ട്രിബ്യൂഷൻ.