‘സിനിമയിലെ വയലന്‍സ് ജനങ്ങളെ സ്വാധീനിക്കും, പൊളിറ്റിക്കൽ കറക്ട്നെസ് പറയുന്നവർ എവിടെ?’

Mail This Article
സിനിമയിലെ വയലന്‍സ് ജനങ്ങളെ സ്വാധീനിക്കുമെന്നും അത്തരം രംഗങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി സംവിധായകരായ ആഷിഖ് അബുവും രമേശ് പിഷാരടിയും. ക്രൈം ഗ്ലോറിഫൈ ചെയ്യപ്പെടുന്നു. കൊലപാതകം നോർമലൈസ് ചെയ്യുന്നു. പൊളിറ്റിക്കൽ കറക്റ്റ്നെസ് പറയുന്ന ആരും ഈ വിഷയം സംസാരിക്കുന്നില്ലെന്ന് രമേശ് പിഷാരടി പറയുന്നു. സിനിമയിലെ വയലന്‍സ് ജനങ്ങളെ സ്വാധീനിക്കുമെന്നും അതെക്കുറിച്ചുള്ള ചര്‍ച്ചകളോട് ചലച്ചിത്രപ്രവര്‍ത്തകര്‍ ഉത്തരവാദിത്തത്തോടെ പ്രതികരിക്കണമെന്നും സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. അടുത്ത സമയത്ത് സിനിമകളില്‍ നിര്‍ദാക്ഷിണ്യമായി ശരീരം പൊട്ടിച്ചിതറുന്നത് പോലുള്ള വൈകൃതങ്ങള്‍ കാണിക്കുന്നുണ്ടെന്നും അതെല്ലാം ആഘോഷിക്കപ്പെടുകയാണെന്നും സംവിധായകന്‍ ബ്ലെസി അഭിപ്രായപ്പെട്ടു.
രമേശ് പിഷാരടി: വലിയ കൊലപാതകം, ആ കൊലപാതകത്തിനുശേഷം രണ്ടു വീട്ടുകാർ തമ്മിലുള്ള ശത്രുത. അതാണ് ഗോഡ്ഫാദർ സിനിമയുടെ യഥാർഥ കഥ. ഒരു കൊലപാതകവും കാണിക്കാതെ 450 ദിവസം ഓടിയ സിനിമ കൂടിയാണത്. ഒരു സിനിമ എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കണമെന്നത് എഴുത്തുകാരൻ വിചാരിക്കുന്നതുപോലെയാണ്. ഞാൻ രണ്ട് പടം ചെയ്തിട്ടുണ്ട്. ഒരു തുള്ളിച്ചോര ഈ രണ്ടുപടത്തിലും കാണിച്ചിട്ടില്ല. കാണിക്കുന്നവന് കാണിക്കുകയും ചെയ്യാം.
പക്ഷേ ഞാനുൾപ്പടെ, അല്ലെങ്കിൽ നമുക്ക് മുൻപേ നടന്ന തലമുറയെ പൊളിറ്റിക്കൽ കറക്ട്നെസ് എന്നൊരു വാക്ക് പഠിപ്പിച്ചു തരികയും അത് നിറം, ജാതി, ശരീരം ഇതൊക്കെ വച്ച് പരിഹസിക്കുന്നതു മാത്രമല്ല മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് പൊളിറ്റിക്കലി ഇൻകറക്ട് ആണ് എന്ന് ഒരു പൊളിറ്റിക്കൽ കറക്ട്നെസ്കാർ വാദിക്കുന്നതോ, അല്ലെങ്കിൽ കൊലപാതകങ്ങൾ റിറെക്കോർഡ് ചെയ്ത് മ്യൂസിക് ഇട്ട് ഗ്ലോറിഫൈ ചെയ്യുന്നതിനെതിരെ ഒരു പൊളിറ്റിക്കൽ കറക്ട്നെസിന്റെ വാചകങ്ങളോ എവിടെയും ഞാൻ ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല.
വളരെ പരിമിതമായ സ്ഥലത്ത് ഇരുന്നുകൊണ്ടാണ് ഈ വിഷയം ഇപ്പോഴും സംസാരിക്കുന്നത്. ഇതിനെക്കുറിച്ച് അഞ്ച് മാസം മുമ്പേ സംസാരിച്ചതാണ്. സോഷ്യൽ മീഡിയയിൽ ഇതിന്റെ കഷ്ണങ്ങൾ വരും, സർട്ടിഫിക്കറ്റും സെൻസറിങും തിയറ്റിൽ അല്ലേ ഒള്ളൂ. ക്രൈം ഈ ലെവലിൽ അവതരിപ്പിക്കുക, വില്ലനായി അഭിനയിച്ച ആളുകൾ സ്റ്റാറിനെപ്പോലെ നടക്കുക. നിരന്തരം കൊല്ലുക, വലിയ പടങ്ങളിൽ ഉൾപ്പടെ കഴുത്തുവെട്ടി കളയുക. ഇതൊക്കെ നിരന്തരം കാണുമ്പോൾ ഇതെല്ലാം സ്വാഭാവികമാണെന്നു തോന്നും. സാധാരണഗതിയിൽ അല്ലാത്ത ആളുകൾക്ക് ഇതെല്ലാം സ്വാഭാവികമാണെന്നു തോന്നാം. ഇതിൽ ചെറിയൊരു നിയന്ത്രണം ആവശ്യമാണ്.
കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ തോക്കു വിൽക്കുന്ന നാടാണ് നമ്മുടേത്. ഒരു നിയന്ത്രണം ഉണ്ടെങ്കിൽ നല്ലതാണെന്നു തോന്നുന്നു.
ആഷിഖ് അബു: സിനിമകളിലെ വയലൻസ് സ്വാധീനിക്കും. വളരെ ശക്തമായൊരു മീഡിയമാണിത്. സിനിമ മാത്രമല്ല, മറ്റു പല കാര്യങ്ങളും നമ്മുടെ സ്വഭാവ രൂപീകരണത്തിലും ജീവിതരീതിയിലുമൊക്കെ മാറ്റം വരുത്തുന്നുണ്ട്. സമൂഹത്തിൽ ഇത്തരം ചർച്ചകൾ നടക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനോട് പ്രതികരണമെന്നു തന്നെയാണ് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എനിക്കു പ്രതികരിക്കാനുള്ളത്.
‘റൈഫിൾ ക്ലബ്ബി’ന്റെ കാര്യം തന്നെ എടുക്കാം. ഒരു വിഡിയോ ഗെയിം കാണേണ്ടതുപോലെയാണ് അതിലെ ഷൂട്ടിങ് സീനുകൾ കാണേണ്ടത് എന്നൊരു ധാരണയുടെ പുറത്താണ് അങ്ങനെ കൊറിയോഗ്രഫി ചെയ്തത്.
ബ്ലെസി: അടുത്ത സമയത്ത് സിനിമകളില്‍ നിര്‍ദാക്ഷിണ്യമായി ശരീരം പൊട്ടിച്ചിതറുന്നത് പോലുള്ള വൈകൃതങ്ങള്‍ കാണിക്കുന്നുണ്ട്. അതെല്ലാം ആഘോഷിക്കപ്പെടുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ജയിലര്‍ എന്ന സിനിമയില്‍ വാഴത്തണ്ട് വെട്ടിമാറ്റുന്നത് പോലെ തല വെട്ടിമാറ്റുന്ന കണ്ടിട്ട് തിയറ്ററില്‍ ഇരുന്ന് ഷോക്ക് ആയി പോയിട്ടുണ്ട്. ഇത്തരം വൈകൃതങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ എങ്ങനെ ഒരു സമൂഹം രൂപപ്പെടുമെന്ന് ചലച്ചിത്രകാരന്‍മാരും നായകന്‍മാരും ആലോചിക്കണം.