ഭരത്ചന്ദ്രന്മാരെ കണ്ടു ശീലിച്ചവർക്കു മുന്നിലേക്ക് അനുഭവകഥകളുമായെത്തിയ പൊലീസുകാരൻ

Mail This Article
മലയാളി ആഘോഷമാക്കി മാറ്റിയ പൊലീസ് കഥാപാത്രങ്ങളായ ഭരത് ചന്ദ്രൻ ഐപിഎസിന്റെയും ഇൻസ്പെക്ടർ ബല്‍റാമിന്റെയും വാർപ്പു മാതൃകകളെ പിന്തുടരാത്ത എഴുത്തുകാരനാണ് ഷാഹി കബീർ. പൊലീസ് ഉദ്യോഗസ്ഥനായ ഷാഹിയുടെ എല്ലാ കഥകളിലും ഒരു പൊലീസുകാരനുണ്ട്. എന്നാൽ നെടുനീളൻ സംഭാഷണങ്ങൾ പറയുന്ന മേൽഉദ്യോഗസ്ഥനെ ഒരു ദയയുമില്ലാതെ ഇടിച്ച് വീഴ്ത്തുന്ന സിനിമാറ്റിക്ക് യൂണിവേഴ്സല്ല ഷാഹിയുടെ ആല. ചെറിയ സാമ്പത്തിക പ്രതിസന്ധിയും, ജോലിയുടെ സമ്മർദ്ദങ്ങളും ഏറെയുള്ള, സേനയിലെ അധികാര ശ്രേണിയോട് നിരന്തരം കലഹിക്കേണ്ടി വരുന്ന ഒരു ശരാശരി മധ്യവർത്തി സമൂഹത്തിന്റെ പ്രതിനിധികളാണ് ഷാഹിയുടെ പൊലീസുകാരെല്ലാം.
പൊലീസ് സേനയിലെ തന്റെ അനുഭവങ്ങളുടെ നേർസാക്ഷ്യം തന്നെയല്ലേ ഷാഹിയുടെ ഓരോ കഥകളും കഥാപാത്രങ്ങളുമെന്നു ശങ്കിക്കുന്ന പ്രേക്ഷകർക്കുള്ള മറുപടി അദ്ദേഹത്തിന്റെ എഴുത്തിലെ ക്രാഫ്റ്റ് തന്നെയാണ്. ഷാഹിയെന്ന പൊലീസുകാരനും എഴുത്തുകാരനും കൂടി ചേരുന്നതാണ് അദ്ദേഹത്തിന്റെ രചനകളെല്ലാം. സിനിമയുടെ കഥാപശ്ചാത്തലം ഒരുക്കുന്നതിലും കഥാപാത്ര പരിചരണത്തിലും സേനയിലെ തന്റെ അനുഭവങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ ഷാഹി കബീറിനു കഴിയാറുണ്ട്. യഥാർത്ഥ സംഭവങ്ങളാണോ ഭാവനയാണോ എന്നു തിരിച്ചറിയാൻ കഴിയാത്തവിധമുള്ള ആഖ്യാനത്തിലൂടെ പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കുന്നിടത്താണ് ഷാഹി എന്ന എഴുത്തുകാരന്റെ ബ്രില്ല്യൻസ്.

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫിസർ ഓൺ ഡ്യൂട്ടിയാണ് ഷാഹിയുടെ രചനയിൽ പിറവിയെടുത്ത ഏറ്റവും പുതിയ ചിത്രം. ഓഫിസർ ഓൺ ഡ്യൂട്ടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ തന്നെ ഷാഹി രചനയും സംവിധാനവും നിർവ്വഹിക്കുന്ന റോന്തിന്റെ ഫസ്റ്റ് ലുക്കർ പോസ്റ്ററും പുറത്ത് വന്നിട്ടുണ്ട്. ദിലീഷ് പോത്തനും റോഷൻ മാത്യുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ജോസഫ്, നായാട്ട്, ഇല വീഴാപൂഞ്ചിറ, ഓഫിസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങളെ മുൻനിർത്തി ഷാഹി കബീറിന്റെ പൊലീസ് കഥാപാത്രങ്ങളിലൂടെ ഒരു തിരനോട്ടം.
‘ജോസഫ്’ മുറിവേറ്റവന്റെ ഹൃദയ സങ്കീർത്തനം
ജോജു ജോർജിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ ചിത്രമാണ് എം. പത്മകുമാർ സംവിധാനം ചെയ്ത ജോസഫ്. റിട്ട. സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജോസഫിനെയാണ് ചിത്രത്തിൽ ജോജു അവതരിപ്പിച്ചത്. ഏറെ കാലം നെഗറ്റീവ്, കോമഡി വേഷങ്ങളിൽ തളക്കപ്പെട്ടു പോയ ജോജു ജോർജിന്റെ അഭിനയ ജീവിതത്തിലെ ധന്യമായ ഒരു ഏടായി മാറി ജോസഫ്. നോക്കിലും വാക്കിലും സൂഷ്മ ചലനങ്ങളിലും അടിമുടി ജോസഫായി മാറുന്നുണ്ടായിരുന്നു ജോജു. അത്രമേൽ സ്വാഭാവികമായും റിയലിസ്റ്റിക്കായുമായിട്ടാണ് ഷാഹി കബീർ ജോസഫെന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്. ജോസഫ് എന്ന പൊലീസുകാരന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും ഇടകലർന്നതായിരുന്നു ചിത്രത്തിന്റെ തിരക്കഥ.
അവയവദാനവുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതങ്ങളും അതിന്റെ മറവിൽ നടക്കുന്ന കോടികളുടെ കച്ചവടവും മാഫിയയുമൊക്കെയായിരുന്നു ഒരു കമേഴ്സ്യൽ സിനിമയായ ജോസഫ് എന്ന ക്രൈം ത്രില്ലറിന്റെ സെല്ലിങ് പോയിന്റ്സ്. എന്നാൽ സിനിമയെ സൂക്ഷ്മമായി സമീപിച്ചാൽ അത് ഒരു ക്രൈം ത്രില്ലറിനെക്കാൾ ഇമോഷണൽ ഡ്രാമയാണെന്നു വെളിപ്പെടും. ജോസഫെന്ന റിട്ട. സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ മനസ്സാണ് ഈ സിനിമ. പ്രണയിനിയായും ഭാര്യയായും മകളായും തന്റെ ജീവിതത്തിലൂടെ കടന്നുപോയ മൂന്നു സ്ത്രീകളോടുള്ള അയാളുടെ വൈകാരികമായ ബന്ധത്തിന്റെ കഥയാണിത്. ‘മാൻ വിത്ത് ദി സ്കാർ’ എന്ന ഒറ്റ ടാഗ് ലൈനിൽ ഒളിഞ്ഞു കിടപ്പുണ്ട് ജോസഫ് എന്ന സിനിമയുടെ ആത്മാവ്. ‘സ്കാർ’ എന്ന വാക്കിന് പാട്, അടയാളം, മുറിപ്പാട്, തഴമ്പ് എന്നിങ്ങനെ പല അർഥങ്ങൾ കൽപ്പിച്ചു നൽകാൻ കഴിയും മലയാളത്തിൽ. ജോസഫ് ഇനിയും ഉണങ്ങാത്ത മുറിവുകളുടെ ഭൂതകാലത്തിലാണ് ജീവിക്കുന്നത്. ‘മാൻ വിത്ത് ദി സ്കാർ’ എന്ന ടാഗ് ലൈനിനെ മുറിവുകളുമായി ജീവിക്കുന്നവൻ എന്നല്ല മറിച്ച് സ്വയം മുറിവേൽക്കപ്പെടുന്നവൻ എന്നാണ് എഴുത്തുകാരൻ പരിഭാഷപ്പെടുത്തുന്നത് ക്ലൈമാക്സിൽ.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നടത്തുന്ന ഒരു ഇൻക്വസ്റ്റിൽ കണ്ടുമുട്ടുന്ന മൃതദേഹമാണ് ജോസഫിനെ പ്രതിസന്ധിയിലാക്കുന്നത്. മരണപ്പെട്ടത് തന്റെ പ്രണയിനിയാണെന്ന തിരിച്ചറിവ് അയാളുടെ താളം തെറ്റിക്കുന്നു. ഏറെ പ്രിയപ്പെട്ട ഭാര്യയോട് നീതി പുലർത്താൻ കഴിയാത്തവിധം അയാൾ തളർന്നു പോകുന്നു. തിരക്കഥയിൽ ഇൻക്വസ്റ്റിനെ ജോസഫിന്റെ ഭൂതകാലമായി ബന്ധിപ്പിക്കുന്നുണ്ട് ഷാഹി കബീർ. ഒരു ശരാശരി പൊലീസുകാരന്റെ സർവീസ് കാലത്ത് പരിചിതരും അപരിചിതരുമായ പലതരം മനുഷ്യരെ കാണുകയും സമാനമായ ഒട്ടേറെ അനുഭവങ്ങളിലൂടെ അവർ കടന്നുപോകുന്നുമുണ്ട്. ജോസഫ് സിനിമയിൽ മറ്റൊരു രീതിയിൽ അങ്ങനെയൊരു രംഗം റീക്രിയേറ്റ് ചെയ്യുമ്പോൾ പ്രേക്ഷകർക്ക് അത്രത്തോളം ജൈവികമായി ആ സന്ദർഭത്തെ അനുഭവപ്പെടുത്താൻ തിരക്കഥാകൃത്തായ ഷാഹിയ്ക്കു കഴിയുന്നുണ്ട്. പൊലീസുകാരനും അയാളുടെ കുടുംബവും ബന്ധങ്ങളും ഷാഹി സിനിമകളുടെ പ്രധാനപ്പെട്ട പ്രതിപാദ്യ വിഷയങ്ങളിലൊന്നാണ്.

‘പ്രേക്ഷക’നെ വേട്ടയാടുന്ന നായാട്ട്…
ജാതി, മതം, ദേശം, ഭാഷാ,തുടങ്ങി ചെറുതും വലുതുമായ വേർതിരിച്ചു എടുക്കാൻ കഴിയാത്തത്ര സങ്കീർണതകളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയാണ് ഷാഹി കബീർ തിരക്കഥയെഴുതി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ ചർച്ച ചെയ്തത്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ഷാഹി കബീറിനെ തേടിയെത്തിയത്തും പഴുതുകളടച്ച നായാട്ടിന്റെ ആഖ്യാന മികവിനു തന്നെയായിരുന്നു. ഇര, വേട്ട, വേട്ടയാടൽ, വേട്ടക്കാരൻ തുടങ്ങിയ ബിംബങ്ങളെ കെ.ജി. ജോർജ് സിനിമകൾ മുതൽ ഇങ്ങോട്ട് ലിജോ ജോസ് പല്ലിശേരിയും ദിലീഷ് പോത്തനും വരെ മലയാളത്തിൽ പ്രശ്നവത്ക്കരിച്ചിട്ടുണ്ട്. ജോർജും ലിജോയും ദിലീഷുമൊക്കെ അത്തരം ഒരു പ്ലോട്ടിനെ മനഃശാസ്ത്രപരമായിട്ടാണ് സമീപിച്ചിരുന്നതും അവതരിപ്പിച്ചിരുന്നതും. നായാട്ടിൽ എത്തുമ്പോൾ അത് തികച്ചും റിയലിസ്റ്റിക്കായ പച്ചയായ ഒരു കഥപറച്ചിലിലേക്കു വഴി മാറുന്നു. ‘നായാട്ട്' സമകാലിക മലയാള സിനിമയിലെ ഏറ്റവും സത്യസന്ധവും തെളിമയുമുള്ള ആഖ്യാനങ്ങളിലൊന്നാണെന്ന് നിസംശയം പറയാം.
ബ്രിട്ടീഷ് കോളനിവാഴ്ചയുടെ അധികാരഘടനയുടെ പിൻതുടർച്ചകളിലൂടെയാണ് ഇപ്പോഴും നമ്മുടെ പൊലീസ് സേന മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ ഇടപെടലുകൾക്കും ഒരു സിവിൽ പൊലീസുകാരനിൽ തുടങ്ങി ആഭ്യന്തര മന്ത്രി വരെ നീളുന്ന അധികാര പിരമിഡുകൾക്കിടയിലും ശ്വാസം മുട്ടുന്ന പൊലീസുകാരുടെ ആത്മസംഘർഷങ്ങളുടെ കഥകൂടിയായിരുന്നു നായാട്ട്. ചിലപ്പോഴെങ്കിലും നിരപരാധിയെ അപരാധിയാക്കുകയും അപരാധിയെ നിരപരാധിയാക്കുകയും ചെയ്യുന്ന സിസ്റ്റത്തിന്റെ നെറികെടിനൊപ്പം കണ്ണടയ്ക്കേണ്ടിവരുന്ന നിസഹായനും നിരായുധനുമായ പൊലീസുകാരനെയും നായാട്ടിൽ കാണാം. വെട്രിമാരന്റെ വിസാരണൈ ഉൾപ്പടെയുള്ള ഭരണകൂട ഭീകരതയെ പ്രശ്നവത്ക്കരിക്കുന്ന സിനിമകളിലെല്ലാം പ്രതിനായക സ്ഥാനത്ത് പൊലീസുണ്ടായിരുന്നു. നായാട്ടിൽ എത്തുമ്പോൾ അതേ പൊലീസ് നായകനും പ്രതിനായകനും നിസഹായനുമാകുന്നു എന്ന വ്യത്യാസമുണ്ട്.
ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, യമാ ഗിൽഗമേഷ് എന്നിവരുടെയെല്ലാം അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളെ ഷാഹി തന്റെ തൂലികയിൽ കോർത്തിടുന്നുണ്ട് നായാട്ടിലൂടെ.
നന്മമരങ്ങളില്ലാത്ത ഇല വീഴാപൂഞ്ചിറ…

ഷാഹി കബീർ സ്വതന്ത്ര സംവിധായകനായ ചിത്രമായിരുന്നു ഇല വീഴാപൂഞ്ചിറ. നിധിഷ് ജി.യും ഷാജി മാറാടും ചേർന്നൊരുക്കിയ തിരക്കഥയ്ക്കാണ് ഷാഹി ചലച്ചിത്രഭാഷ്യം ചമച്ചത്. സൗബിൻ ഷാഹിറും സുധി കോപ്പയുമായിരുന്നു പ്രധാന വേഷങ്ങളിൽ. ഇല വീഴാപൂഞ്ചിറയെന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയെ തിരക്കഥയ്ക്കു അനുഗുണമായി ഉപയോഗപ്പെടുത്തിയതിലാണ് സംവിധായകന്റെ ബ്രില്ല്യൻസ്. പൊലീസുകാരന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെയും അതുമായി ബന്ധപ്പെട്ടു നടക്കുന്ന കുറ്റകൃത്യത്തെയും ഇല വീഴാപൂഞ്ചിറയുടെ സവിശേഷ ഭൂമികയിലേക്ക് വിളക്കി ചേർത്ത് ഷാഹി കബീർ ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.
ഷാഹി തിരക്കഥയെഴുത്തിയ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു ആഖ്യാന ശൈലിയാണ് ഇല വീഴാപൂഞ്ചിറയിൽ അദ്ദേഹം അവലംബിച്ചത്. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്ക്രീൻ സ്പേസും പെർഫോമിങ് സ്പേസും നൽകുന്ന എഴുത്തുകാരനും സംവിധായനുമാണ് ഷാഹി കബീർ. നന്മ മരങ്ങളല്ല അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാരും. നന്മയും തിന്മയും ഇടകലർന്ന ഒരു മനുഷ്യന്റെ എല്ലാ ബലഹീനതകളുമുള്ളവരാണ് ഷാഹിയുടെ കഥാപാത്രങ്ങൾ. ഓരോ കഥാപാത്രത്തെയും അത്രയെറെ ആഴത്തിലും സൂക്ഷമതയോടും അവതരിപ്പിക്കാൻ ഷാഹി കബീർ ജാഗ്രത കാണിക്കാറുണ്ട്. സിബിഐ - 5 ഉൾപ്പടെ 2022-ൽ ഇറങ്ങിയ മിക്ക സിനിമകളിലും നിറംമങ്ങി പോകുകയും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്ത സൗബിൻ ഷാഹിർ ഗംഭീര തിരിച്ചു വരവ് നടത്തിയ സിനിമ കൂടിയായിരുന്നു ‘ഇല വീഴാ പൂഞ്ചിറ’.
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി

നടനും സഹസംവിധായകനുമായ ജിത്തു അഷ്റഫ് സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ ചിത്രമാണ് ഓഫിസർ ഓൺ ഡ്യൂട്ടി. നായാട്ടിനു ശേഷം ഷാഹി കബീറിന്റെ തിരക്കഥയിൽ വീണ്ടും അഭിനേതാവായി കുഞ്ചാക്കോ ബോബൻ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. പ്രിയാമണി, ജഗദീഷ്, ജിത്തു അഷ്റഫ്, വിശാഖ് നായർ, റമ്സാൻ മുഹമ്മദ്, വൈശാഖ് ശങ്കർ, മീനാഷീ ശങ്കർ, ലയ മാമ്മൻ, ഐശ്വര്യരാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഷാഹി കബീറിന്റെ പതിവ് ആഖ്യാനശൈലിയിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ് ഓഫിസർ ഓൺ ഡ്യൂട്ടി. അൽപ്പം കൂടി കൊമെഴ്സ്യൽ ചേരുവകളും മാസും ചേർന്നൊരു ത്രില്ലറാണ് ഓഫിസർ. കുഞ്ചാക്കോ ബോബന്റെ കരിയറിൽ ഒരിക്കൽകൂടി മറ്റൊരു മികവാർന്ന കഥാപാത്രത്തെ സൃഷ്ടിച്ചു നൽകുന്നു ഷാഹി കബീർ. പൊലീസുകാരനും വ്യക്തിജീവിതവും ഇതിനുമുമ്പും ഷാഹിയുടെ സിനിമകളിലെ പ്രധാന പ്ലോട്ടുകളിലൊന്നായിരുന്നെങ്കിൽ ഓഫിസറിലെത്തുമ്പോൾ അത് കുറച്ചുകൂടി പേഴ്സണലാകുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ മാനസിക ആരോഗ്യത്തെയും ആത്മ സംഘർഷങ്ങളെയും സൂക്ഷമമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഓരോ സിനിമകളും കഴിയുമ്പോഴും തന്റെ ഗ്രാഫ് ഉയർത്തികൊണ്ടു വരുന്ന ചാക്കോച്ചന്റെ മറ്റൊരു അവീസ്മരണീയ പ്രകടനത്തിനും ഓഫിസർ ഓൺ ഡ്യൂട്ടി സാക്ഷിയാകുന്നു,
ഓഫിസർ ഓൺ ഡ്യൂട്ടി സൂപ്പർഹിറ്റിലേക്ക് കുതിക്കുമ്പോൾ തന്നെ ഷാഹി കബീർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട്. ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാനവേഷത്തിലെത്തുന്ന റോന്തിലൂടെ മറ്റൊരു റിയലിസ്റ്റിക്ക് ചലച്ചിത്രാനുഭവം ഷാഹി പ്രേക്ഷകർക്കു സമ്മാനിക്കുമെന്നു പ്രതീക്ഷിക്കാം.