ADVERTISEMENT

നടി അഹാന കൃഷ്ണയ്‌ക്കെതിരെ ആരോപണവുമായി അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജയിംസിന്റെ ഭാര്യ. തന്റെ ഭർത്താവ് സംവിധാനം ചെയ്ത‘നാന്‍സി റാണി’ സിനിമയുടെ പ്രമോഷന് അഹാന സഹകരിക്കുന്നില്ല എന്നാണ് ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം.  രണ്ട് വര്‍ഷം മുന്‍പായിരുന്നു ജോസഫ് മനു ജയിംസിന്റെ അന്ത്യം. ഇപ്പോൾ നൈനയാണ് സിനിമയുടെ നിർമാണവും മറ്റു റിലീസ് കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്നത്. അഹാന മാനുഷിക പരിഗണന വച്ചു പോലും പ്രമോഷന് സഹകരിക്കുന്നില്ല എന്നാണ് നൈന പറയുന്നത്. സിനിമയുടെ പ്രസ്മീറ്റിലായിരുന്നു നൈനയുടെ ആരോപണം.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വച്ച് നടന്ന പ്രസ് മീറ്റില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഹാന പങ്കെടുത്തിരുന്നില്ല. സിനിമയിലെ മറ്റു താരങ്ങളായ അജു വർഗീസ്, സോഹൻ സീനു ലാൽ, ദേവി അജിത്ത് എന്നിവർ പ്രസ്മീറ്റിൽ പങ്കെടുത്തു. തന്റെ ഭര്‍ത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും നൈന പറയുന്നു. ജോസഫ് മനു ജയിംസ് ജീവനോടെയില്ല എന്നതിനാല്‍ തന്നെ മാനുഷിക പരിഗണന വച്ച് അഹാന വരേണ്ടതായിരുന്നുവെന്നും നൈന പറഞ്ഞു.

‘അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. പ്രതിസന്ധികൾ ഒരുപാട് ഉണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ നിശബ്ദയായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഒരു താരം മാർക്കറ്റിങിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം.’ നൈന പറയുന്നു. 

‘പ്രതിഫലമൊക്കെ മുഴുവൻ കൊടുത്തു തീർത്തതാണ്. എഗ്രിമെന്റിലും പ്രമോഷന് പങ്കെടുക്കണമെന്നുള്ളതാണ്. അജു ചേട്ടൻ പറഞ്ഞതുപോലെ ഉന്തികേറ്റി വലിച്ചു വച്ച് മുഴച്ചു നിൽക്കുന്നതിനേക്കാളും നല്ലത് ഇങ്ങനെ തന്നെ പോകുന്നതാണ്. ഇല്ലാത്ത നഷ്ടം വരികയാണെങ്കിൽ സ്വയം സഹിക്കുക. ഞങ്ങൾക്കു കഴിയാവുന്നതിന്റെ അത്രത്തോളം അപേക്ഷിച്ചു. ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ചെയ്യുക. ഇനി എന്തെങ്കിലും ഉണ്ടെന്നുണ്ടെങ്കിൽ അതിനു മാപ്പ് പറയണമെങ്കിൽ അതുവരെയും ചെയ്തിട്ടുള്ളതാണ്.’–നൈനയുടെ വാക്കുകൾ.

2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനു ജയിംസിന്റെ വിയോ​ഗം. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. നാന്‍സി റാണി റിലീസിന് തയാറെടുക്കുന്നതിനിടെ ആയിരുന്നു മനുവിന്‍റെ അപ്രതീക്ഷിത വിയോഗം. ‘ഐ ആം ക്യൂരിയസ്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മനു മലയാളം, കന്ന‍ഡ, ഇംഗ്ലിഷ് സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാന്‍സി റാണി. അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലാല്‍, ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, വൈശാഖ് നായര്‍, മല്ലിക സുകുമാരന്‍, ഇന്ദ്രന്‍സ്, ലെന, മാമുക്കോയ, ഇര്‍ഷാദ് അലി, ധ്രുവന്‍, വിശാഖ് നായര്‍, അബു സലിം, അനീഷ് ജി മേനോന്‍, തെന്നല്‍ അഭിലാഷ്, സോഹന്‍ സീനുലാല്‍, പൌളി വില്‍സണ്‍, സുധീര്‍ കരമന, കോട്ടയം രമേശ്, നന്ദു പൊതുവാള്‍, വിഷ്ണു ഗോവിന്ദ്, സൂരജ് തേലക്കാട്, അച്യുതാനന്ദന്‍, ഏലൂര്‍ ജോര്‍ജ്, ഷൈന്‍ സി ജോര്‍ജ്, കോട്ടയം പുരുഷന്‍, ബേബി, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്‍റെ ഭാഗമാണ്.

LISTEN ON

English Summary:

Actress Ahaana Krishna Refuses to Promote Film Nancy Rani, Angering Late Director's Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com