ADVERTISEMENT

'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി സഹകരിക്കാൻ നടി അനശ്വര രാജൻ വൈമുഖ്യം കാണിച്ചുവെന്ന സംവിധായകൻ ദീപു കരുണാകരന്റെ ആരോപണത്തിന് നടിയുടെ മറുപടി. ആരോപണം തെറ്റാണെന്നും ദീപുവിന്റെ പരാമർശങ്ങൾ ഏറെ വേദനിപ്പിച്ചുവെന്നും അനശ്വര പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിഷയത്തിൽ നടിയുടെ പ്രതികരണം. 

‘തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങൾ നേരിടേണ്ടി വന്നതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംവിധായകൻ ശ്രീ ദീപു കരുണാകരൻ പല മാധ്യമങ്ങളിലും ഞാൻ പ്രൊമോഷനു സഹകരിക്കില്ല എന്ന് ഇന്റർവ്യൂകൾ നൽകി എന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി വരുന്നുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഞാൻ അഭിനയിച്ച 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രം 2024 ഓഗസ്റ്റിൽ റിലീസ് പ്ലാൻ ചെയ്തതാണ്.

ആദ്യം തന്നെ, "കൃത്യമായി കാശെണ്ണി പറഞ്ഞു ചോദിച്ചു വാങ്ങിയിട്ടാണ് പലപ്പോഴും ഞാൻ ഷൂട്ടിനു പോലും വന്നിട്ടുള്ളത്" എന്ന് അദ്ദേഹത്തിന്റെ പരാമർശത്തെ കുറിച്ച്: സിനിമയുടെ ഷൂട്ട് സമയത്ത് പേയ്മെന്റ് ഇഷ്യൂ വന്നപ്പോൾ "പ്രൊഡ്യൂസർ പേയ്‌മെന്റ് അക്കൗണ്ടിലേക്ക് ഇടാതെ റൂമിൽ നിന്നും ഇറങ്ങേണ്ട" എന്ന് ശ്രീ ദീപു പറഞ്ഞപ്പോഴും ഷൂട്ട് നിർത്തിവയ്ക്കേണ്ട ഒരു അവസ്ഥയിലും "ഷൂട്ട് തീരട്ടെ"എന്ന് പറഞ്ഞു മുൻകൈ എടുത്ത് ഇറങ്ങിയ എന്റെ ആത്മാർഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്റെ "കാശെണ്ണി കൊടുത്തിട്ടാണ്" എന്ന അത്രയും മോശമായ പരാമർശം അദ്ദേഹത്തെ പോലെ സിനിമ തൊഴിലാക്കിയ എന്നെ പ്രഫഷനലി എന്നതിനപ്പുറം ഇമോഷനലി ഏറെ വിഷമിപ്പിച്ചു.

കാരക്ടർ പോസ്റ്റർ, ട്രെയിലർ എന്നിവ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ഒഫീഷ്യൽ ഫെയ്സ്ബുക് പേജിലും എല്ലാ പോസ്റ്റുകളും ഷെയർ ചെയ്തിരുന്നു. എന്നാൽ എന്റെ ഒഫിഷ്യൽ ഫെയ്സ്ബുക് പേജിനെ ഫാൻസ് ഹാൻഡിൽ ചെയ്യുന്ന ഏതോ ഒരു പേജ് എന്ന തെറ്റായ ധാരണ പടർത്തുകയും പടത്തിലെ പ്രധാന അഭിനേതാവും സംവിധായകനും "കാല് പിടിച്ചു പറഞ്ഞിട്ട് പോലും ഞാൻ പ്രമോഷന് വരാൻ തയ്യാറായില്ല" എന്ന് അദ്ദേഹം പരാമർശിക്കുകയുണ്ടായി. എന്നാൽ റിലീസ് തീയതിക്കു തൊട്ട് മുൻപ് സിനിമയുടെ ഭാഗമായി ഞാൻ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. ഓൺലൈനിൽ ഈ സിനിമയുടേതായ ഒരേയൊരു പ്രമോഷൻ ഇന്റർവ്യൂ എന്റേത് മാത്രമാണ്. ശേഷം ടീമിന്റെ ഭാഗത്തു നിന്ന് ഒരുതരത്തിലും അപ്ഡേറ്റ്സും ഞങ്ങൾക്ക് വന്നിട്ടില്ല. റിലീസിനു 2 ദിവസം മുൻപ് ഞങ്ങൾ അവരെ ബന്ധപ്പെട്ടപ്പോൾ റിലീസ് മാറ്റി വച്ചു എന്നും ചില പ്രശ്‌നങ്ങൾ പരിഹരിക്കാതെ റിലീസ് ഉണ്ടാവില്ല എന്നും അറിയിച്ചു. അതും അങ്ങോട്ട് വിളിച്ചപ്പോൾ മാത്രമാണ് ഇക്കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്.

അതിനു ശേഷം ഒരിക്കൽ പോലും ഈ ചിത്രം റിലീസ് ആകാൻ പോകുന്നു എന്ന് ഔദ്യോഗികമായ സ്ഥിരീകരണമോ എന്നെ അറിയിക്കുകയോ ഉണ്ടായിട്ടില്ല. എന്നാൽ പൊടുന്നനെ ചാനലുകളിൽ പ്രത്യക്ഷപെട്ട് എന്നെയും, എന്റെ അമ്മ, മാനേജർ തുടങ്ങിയവരേയും ആക്ഷേപിക്കുന്ന പ്രസ്താവനകൾ ആണ് ശ്രീ. ദീപു പറയുന്നത്. എന്ന് റിലീസ് ആണെന്ന് ഇന്ന് പോലും എനിക്ക് അറിവില്ലാത്ത ഒരു ചിത്രത്തിന്റെ പ്രമോഷനെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുന്ന സംവിധായകൻ, ഇതേ സിനിമക്കു വേണ്ടി യാതൊരു വിധ പ്രമോഷനോ ഇന്റർവ്യൂവോ കൊടുക്കാതെ ഈ അവസരത്തിൽ എന്റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശ്യത്തോടെ തന്നെ കൊടുത്തതാണ് ഈ നെഗറ്റീവ് പ്രസ്താവനകൾ എന്ന് ഞാൻ വിശ്വസിക്കുന്നു.

പ്രമുഖ ചാനലിൽ ശ്രീ. ദീപു കൊടുത്ത അഭിമുഖത്തിൽ അദ്ദേഹത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കിയ ചില അഭിനേതാക്കൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ ആ സംഭവങ്ങളും പേരുകളും ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല എന്നും അത് സിനിമയെയും വ്യക്തിപരമായും ഗുണം ചെയ്യില്ല എന്നും പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ എന്റെ പേര് മാത്രം വലിച്ചിഴക്കുന്നത് വഴി വ്യക്തിപരമായും സിനിമയെയും ഗുണം ചെയ്യും എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?

അതോടൊപ്പം, അദേഹത്തിന്റെ ഷൂട്ട് സമയത്ത് പ്രതിഫലം കിട്ടാതെ ക്യാരവനിൽ നിന്നും പുറത്തിറങ്ങാത്ത, കൃത്യസമയത്ത് ഷൂട്ടിനു എത്തി സഹകരിക്കാത്ത ദുരനുഭവങ്ങൾ മറ്റ് അഭിനേതാക്കളിൽ നിന്നും നടന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പരാമർശിച്ചിട്ടുണ്ട്. എന്നാൽ അവരുടെ പേരുകൾ ഒഴിവാക്കി കേവലം ഇൻസ്റ്റഗ്രാമിൽ മ്യൂസിക് പോസ്റ്റർ ഷെയർ ചെയ്‌തില്ല എന്ന് വിമർശിച്ച്, എന്റെ പേര് മാത്രം പരസ്യമായി പറയുകയും മേല്പറഞ്ഞ അഭിനേതാക്കളുടെ പേരുകൾ പറയാതെ താരതമ്യേന പുതുമുഖവും പെൺകുട്ടിയുമായ എന്റെ പേര് പറഞ്ഞതിലൂടെ ഞാൻ പ്രതികരിക്കില്ല എന്ന മനോഭാവമാവാം.

ഒരു സ്ത്രീ എന്ന വിക്ടിം കാർഡ് ഉപയോഗിക്കാൻ ഞാൻ ഇവിടെ താല്പര്യപെടുന്നില്ല. ഞാൻ അംഗമായ അമ്മ അസോസിയേഷനിൽ പരാതിക്കത്ത് ഇതിനകം നൽകിയിട്ടുണ്ട്. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി എന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ശ്രീ ദീപു ഉന്നയിച്ചാൽ ഔദ്യോഗികമായി തന്നെ ഈ വിഷയത്തെ നേരിടാനാണ് എന്റെ തീരുമാനം. ഒപ്പം ഈ വിഷയത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാര്യങ്ങളുടെ സത്യവാസ്ഥ അറിയാതെ അടിസ്ഥാന രഹിതമായ അഭിപ്രായങ്ങൾ ഉന്നയിച്ച് എന്നെ അപകീർത്തി പെടുത്തി വാർത്തകൾ പുറത്തുവിടുന്ന യൂട്യൂബ് ചാനൽ, വ്‌ളോഗേഴ്സ് എന്നിവർക്കെതിരെ നിയമപരമായി നീങ്ങുകയാണ്. എനിക്ക് ചെയ്തു തീർക്കേണ്ടതായ മറ്റുള്ള കമ്മിറ്റ്മെന്റ്സ് ഇരിക്കെ, മുൻകൂട്ടി അറിയിച്ചാൽ ഇപ്പോഴും ആ സിനിമയുടെ പ്രമോഷനു എത്താൻ ഞാൻ തയ്യാറാണ്. ഈ വർഷം ഇറങ്ങിയ എന്റെ മൂന്നു സിനിമകളുടെ പ്രമോഷനുകളുടെ ഭാഗമായി കഴിഞ്ഞ മൂന്നു മാസങ്ങളായി മറ്റു കമ്മിറ്റ്മെന്റുകൾ മാറ്റിവച്ചു പ്രമോഷനു പങ്കെടുത്തിരുന്ന വ്യക്തി എന്ന നിലയിൽ, ഞാൻ ഭാഗമാകുന്ന സിനിമയ്ക്ക് ആവശ്യമായിട്ടുള്ള പ്രമോഷനു പങ്കെടുക്കുന്നത് ആ സിനിമയുമായുള്ള എന്റെ കരാറിലുപരി അത് എന്റെ ഉത്തരവാദിത്തം ആണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് ഞാൻ. നന്ദി’, അനശ്വര രാജൻ കുറിച്ചു. 

English Summary:

Anaswara Rajan reacts to Deepu Karunakaran's allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com