ADVERTISEMENT

കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച് സീമ ജി.നായർ. സമൂഹത്തിൽ വളർന്നു വരുന്ന അക്രമവാസനയ്ക്ക് കാരണം സിനിമയാണെന്ന വാദത്തെ എതിർത്തുകൊണ്ടു പങ്കുവച്ച കുറിപ്പിലാണ് അക്രമ രാഷ്ട്രീയത്തിന്റെ ഇരകളെ അക്കമിട്ടു നിരത്തി സീമ ജി.നായർ വിമർശനം ഉന്നയിച്ചത്. സിനിമയിൽ കൊല്ലപ്പെട്ടവരിൽ പലരും ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അവർ ആയുസ്സെത്തിയാണ് മരിച്ചതെന്നും ചൂണ്ടിക്കാട്ടിയ താരം മയക്കു മരുന്നു പോലെ ഭയപ്പെടേണ്ടതാണ് പകയുള്ള രാഷ്ട്രീയമെന്നും അഭിപ്രായപ്പെട്ടു. 

സീമ ജി. നായരുടെ കുറിപ്പിന്റെ പൂർണരൂപം: 

കുറച്ചു ദിവസങ്ങൾ ആയി ചില കാര്യങ്ങൾ എഴുതണം എന്നു കരുതി. ചിലർക്ക് ഇതു മോശം ആകും, ചിലർക്ക് ശരിയാവും, ചിലർക്ക് തെറ്റാവും. ‘മാർക്കോ’ എന്ന സിനിമയെ കൂട്ടം കൂടി ആക്രമിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ആ സിനിമയാണ് പലതിനും കാരണം, അത് നിരോധിക്കുന്നു അങ്ങനെ പോകുന്നു പുകിലുകൾ. ഇനി അടുത്ത കാര്യത്തിലേക്കു കടക്കട്ടെ! കെ.ടി. ജയകൃഷ്ണൻ മാസ്റ്ററിനെ 1999ൽ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസ് മുറിയിലിട്ടു വെട്ടിക്കൊന്നത്, അന്നത് കണ്ട കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല.

ആ കുഞ്ഞുങ്ങൾ, അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും. 2012ൽ രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായി ടി.പി ചന്ദ്രശേഖർ എന്ന മനുഷ്യനെ.... (അദ്ദേഹം ഒറ്റയ്ക്കായിരുന്നു) ഒറ്റയ്ക്ക് പോകുകയായിരുന്ന ഒരു മനുഷ്യനെ കൊല്ലാൻ ഒരു കൂട്ടം ആൾക്കാരായിരുന്നു ഉണ്ടായിരുന്നത് ... കാറിടിച്ചു വീഴ്ത്തി, ബോംബെറിഞ്ഞു ‘51’ വെട്ടു വെട്ടി തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കി കൊന്നു ... (അന്നൊന്നും മാർക്കോ ഇറങ്ങിയിട്ടില്ല).

2012 ഫെബ്രുവരി 20ന് അരിയിൽ ഷുക്കൂർ എന്ന പയ്യനെ രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തു കൊലപ്പെടുത്തി. 2019ൽ പെരിയ ഇരട്ടക്കൊലയിൽ ശരത് ലാലും കൃപേഷും ക്രൂരമായി കൊല ചെയ്യപ്പെട്ടു. 2018 ജൂലൈ മാസത്തിൽ എറണാകുളം മഹാരാജാസ് കോളജിൽ വച്ച് അഭിമന്യു എന്ന 21 വയസ്സുകാരൻ കുത്തേറ്റുമരിച്ചു. ഇങ്ങനെ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. ഇതിന്റെ കാരണങ്ങൾ നിസ്സാരം ആയിരുന്നു. 

കഴിഞ്ഞ ദിവസം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർഥി സംഘടന ഒരു സമരത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിക്കുന്നത് കേട്ടു, നേതൃത്വം നൽകുന്നത് ഒരു പെൺകുട്ടി. ‘കയ്യും  വെട്ടും, കാലും  വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും’! അതേറ്റു പറയാൻ നൂറ് കണക്കിന് കുട്ടികളും. മയക്കു മരുന്നിനെക്കാളും ഭീകരം ആയിട്ടാണ് ഇത് ഇൻജക്ട് ചെയ്യപ്പെടുന്നത്, അത് രക്തത്തിൽ കലരുകയാണ്. എന്തുചെയ്യാനും പ്രാപ്തർ ആക്കുകയാണ് ഈ ക്യാംപസ് രാഷ്ട്രീയം. മാർക്കോ സിനിമയിൽ കൊല ചെയ്യപ്പെട്ട എല്ലാരും ഇവിടെ ജീവനോടെ ഉണ്ട്. ഏതു സിനിമയിൽ കൊന്നവരും ഇവിടെ ജീവനോടെ ഉണ്ട്. അവരെല്ലാം ആയുസ്സെത്തി തന്നെയാണ് മരിച്ചത്. (മുകളിൽ എഴുതിയ ആരും ഇവിടെ ജീവനോടെ ഇല്ല) 

ഒരു സിനിമ നിരോധിക്കുമ്പോൾ എവിടുന്നു അത് കാണാൻ പറ്റും എന്ന് പുതുതലമുറ തേടിപ്പോവും. വീണ്ടും അതിനു കിട്ടുന്നത് പബ്ലിസിറ്റി ആണ്. അതുകാണാനുള്ള ആവേശം ആണ്. ഇവിടെ മയക്കു മരുന്നിന്റെ തേരോട്ടം ആണ്. അത് അവസാനിപ്പിക്കാതെ ഒരു കൊലപാതകങ്ങളും ഇല്ലാതാവുന്നില്ല, അതിന്റെ ഒപ്പമാണ് ‘പകയുള്ള രാഷ്ട്രീയവും’! ഇത് രണ്ടുമാണ് പ്രധാന വിഷയം. സിനിമകളെ നിരോധിക്കാൻ ആണെങ്കിൽ ഇവിടെ ഇറങ്ങുന്ന ഹോളിവുഡ്, ബോളിവുഡ്, കോളിവുഡ് സിനിമകൾ നിരോധിക്കേണ്ടിവരും. കാരണം ഞാനൊക്കെ ജനിച്ചപ്പോൾ മുതൽ സിനിമയിൽ കാണുന്നതാണ് കൊല്ലലും, കൊലയും. ഒന്നിനെയും ന്യായീകരിക്കുന്നില്ല, പക്ഷേ ചിലതു എഴുതാതിരിക്കാൻ പറ്റില്ല

English Summary:

Seema G. Nair condemns the rising political violence in Kerala, refuting claims that films like "Marco" are to blame. She cites numerous real-life political murders and highlights the hypocrisy of blaming cinema while ignoring rampant drug abuse and revenge politics.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com