ഫാന്റസി കോമഡിയുമായി ജയസൂര്യ; താരത്തിന്റെ 106ാമത് ചിത്രത്തിനു തുടക്കം

Mail This Article
മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന ‘കത്തനാരി’നു വേണ്ടി മറ്റൊരു പ്രോജക്ടും ഏറ്റെടുക്കാതെ മനസ്സും ശരീരവും സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കു മുന്നിലെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘കത്തനാറിന്റെ’ ചിത്രീകരണം പൂർണമായും പൂർത്തിയാക്കി, മറ്റൊരു കഥാപാത്രമാകാൻ സാവകാശത്തോടെ ഉൾക്കൊണ്ടു കൊണ്ടാണ് പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താരം ക്യാമറയ്ക്കു മുന്നിലെത്തിയത്. ജയസൂര്യ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. താരത്തിന്റെ 106ാം ചിത്രമാണിത്.

സൂപ്പർ ഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’നു ശേഷം നേരമ്പോക്ക് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ലളിതമായ ചടങ്ങിൽ സണ്ണി വെയ്ൻ സ്വിച്ചോൺ കർമ്മവും, സരിതാ ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു തുടക്കം.

ജയസൂര്യ, വിനായകൻ കോംബോ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകം സൃഷ്ടിക്കാൻ പോന്നതാണ്. ആ കൗതുകം നിലനിർത്തിക്കൊണ്ടുതന്നെയാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുൻ മാനുവൽ തോമസ്, അദ്ദേഹത്തെ നായകനാക്കി നിർമിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

സമൂഹത്തിലെ സാധാരണക്കാരായവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ. അവരുടെ ജീവിത പശ്ചാത്തലത്തിലൂടെ പൂർണമായും നർമത്തിന്റെ പാതയിലൂടയാണ് ചിത്രത്തിന്റെ കഥാ സഞ്ചാരം. ജയസൂര്യ, വിനായകൻ എന്നിവർക്കു പുറമേ പ്രശസ്ത റാപ് സിംഗർ ബേബിജീൻ ഈ ചിത്രത്തിലെ സുപ്രധാനമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുരേഷ് കൃഷ്ണ ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു. ജയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിങ്, സജിത്ത് പി.വൈ., ഛായാഗ്രഹണംവിഷ്ണു ശർമ്മ, എഡിറ്റിങ് ഷമീർ മുഹമ്മദ്, പ്രൊഡക്‌ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂട്, മ്യൂസിക് ഷാൻ റഹ്‌മാൻ, ആര്‍ട് ഡയറക്ടർ മഹേഷ് പിറവം, ലൈൻ പ്രൊഡ്യൂസർ റോബിൻ വർഗീസ്, വസ്ത്രാലങ്കാരം സിജി നോബിൾ തോമസ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസ്സോ. ഡയറക്ടേർസ് രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, സംഘട്ടനം ഫിനിക്‌സ് പ്രഭു, വിഎഫ്എക്സ് മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, ഡിസൈൻസ് യെല്ലോ ടൂത്ത്, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ്. ഫോട്ടോ സുഹൈബ് എസ്.ബി.കെ.