ഹിന്ദിയോട് വെറുപ്പ്, പിന്നെന്തിന് തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്ത് പണം ഉണ്ടാക്കുന്നു: വിവാദവുമായി പവൻ കല്യാൺ

Mail This Article
ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ഹിന്ദി ഭാഷ കൊണ്ടുവരുന്ന കേന്ദ്ര നീക്കത്തെ എതിര്‍ക്കുന്ന തമിഴ്‌നാട് നേതാക്കള്‍ക്കെതിരെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാര്‍ട്ടി അധ്യക്ഷനും നടനുമായ പവന്‍ കല്യാണ്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഹിന്ദി ഭാഷ കൊണ്ടുവരുന്നതിനെതിരെ നേതാക്കള്‍ നടത്തുന്നത് കടപ പ്രതിഷേധമാണെന്നാണ് പവന്‍ കല്യാണ്‍ ആരോപിച്ചത്. നേതാക്കള്‍ ഹിന്ദിയെ എതിര്‍ക്കുന്നു. എന്നാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് താരം ആരോപിക്കുന്നു. കാകിനാടയിലെ പീതാംപുരത്ത് പാര്‍ട്ടിയുടെ 12-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കവെയാണ് പവന്‍ കല്യാണിന്‍റെ പ്രതികരണം.
‘‘ചിലര്‍ സംസ്‌കൃതത്തെ വിമര്‍ശിക്കുന്നു, എന്തുകൊണ്ടാണെന്ന് അറിയില്ല. തമിഴ് രാഷ്‌ട്രീയക്കാര്‍ ഹിന്ദിയെ എതിര്‍ക്കുമ്പോഴും സാമ്പത്തിക നേട്ടത്തിനായി അവരുടെ സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്നു. അത് എന്തുകൊണ്ടാണ്? ബോളിവുഡില്‍ നിന്ന് അവര്‍ പണം ആഗ്രഹിക്കുന്നു, പക്ഷേ ഹിന്ദി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. ഏത് തരത്തിലുള്ള യുക്തിയാണിത്?
ഹിന്ദി സംസാരിക്കുന്ന ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുകയും എന്നാല്‍ ഹിന്ദി ഭാഷ നിരസിക്കുകയും ചെയ്യുന്നത് തമിഴ്നാടിന്റെ ഭാഗത്ത് നിന്നുള്ള അന്യായമാണ്. ഹരിയാന, യുപി, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ താമസിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇങ്ങനെയുള്ള ആളുകളെയും ഇവിടെ കൊണ്ടുവരുന്നത് നിർത്തൂ.
ഇന്ത്യയ്ക്ക് തമിഴ് ഉള്‍പ്പെടെ ഒന്നിലധികം ഭാഷകള്‍ ആവശ്യമാണ്, അല്ലാതെ രണ്ടെണ്ണം മാത്രമല്ല. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വളര്‍ത്താനും ഭാഷാ വൈവിധ്യം അംഗീകരിക്കണം.’’–പവൻ കല്യാണിന്റെ വാക്കുകൾ.