അത് അഹങ്കാരമല്ല ആത്മവിശ്വാസമെന്ന് മലയാളികൾ മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു: പൃഥ്വിയെക്കുറിച്ച് ലക്ഷ്മി പ്രിയ

Mail This Article
സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരനെ പ്രശംസിച്ച് നടി ലക്ഷ്മി പ്രിയ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പൃഥ്വിരാജുമൊത്ത് ഒന്നിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും അദ്ദേഹത്തിന്റെ പ്രത്യേകതകളുമാണ് കുറിപ്പിലൂടെ പറയുന്നത്.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ: അകാലത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഒരമ്മ. ആ അമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം ആണ് മലയാള സിനിമയിലെ യുവ നടന്മാരായ ഇന്ദ്രജിത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും. വന്ന സമയത്ത് മുഖം നോക്കാത്ത സംസാര രീതി കൊണ്ടും വസ്തുനിഷ്ഠമായ അഭിപ്രായം കൊണ്ടും അഹങ്കാരി എന്ന പേര് സമ്പാദിച്ചവൻ! അത് അഹങ്കാരമല്ല ആത്മ വിശ്വാസമായിരുന്നു എന്ന് മലയാളികൾ മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു. ഞങ്ങൾക്കറിയുന്ന രാജു ഒരിക്കലും അഹങ്കാരിയായി തോന്നിയിട്ടില്ല. വൺവേ ടിക്കറ്റിൽ രാജുവിന്റെ അനിയത്തിയായി. താന്തോന്നിയിൽ രാജുവിനൊപ്പം മികച്ച കഥാപാത്രം. വീട്ടിലേക്കുള്ള വഴിയിൽ എന്റെ മകനെയാണ് രാജുവിന്റെ കഥാപാത്രം വളർത്തുന്നത്. ലോലിപ്പോപ്പ്, ടിയാൻ പിന്നെയും ഏതൊക്കെയോ സിനിമകൾ ഉണ്ട്. ഓർമ വരുന്നില്ല.
പിന്നെ ഓർമ വരുന്ന സിനിമ സെവൻത് ഡേ ആണ്. ഒരു വലിയ സീനിൽ മാത്രം വരുന്ന ക്യാരക്ടർ. അതിൽ മികച്ച രീതിയിൽ അഭിനയിക്കാൻ എനിക്ക് കഴിഞ്ഞത് രാജുവിന്റെ സപ്പോർട്ട് കൊണ്ടാണ്. കാരണം സജഷൻ ഷോട്ട് വയ്ക്കുമ്പോൾ ( എതിരെ ഉള്ള ആളിന്റെ ചെവിയും തലമുടിയും അഭിനയിക്കുന്ന ആളിന്റെ മുഖം ) സാധാരണ ആർട്ടിസ്റ്റ് മൊത്തം ഡയലോഗ്സ് ഒന്നും പറയാറില്ല. നമ്മൾ പക്ഷേ നന്നായി പെർഫോം ചെയ്യുകയും വേണം. എന്നാൽ രാജു ഫുൾ ആ സീൻ എനിക്കു മുന്നിൽ അഭിനയിച്ചു കൊണ്ടേ ഇരുന്നു.
അതുകൊണ്ട് അത് ഭംഗിയാക്കാൻ എനിക്ക് സാധിച്ചു. ഒരു സീനിൽ മാത്രം വരുന്ന കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുക വെല്ലുവിളി തന്നെയാണ്. ഷൂട്ടിങ് ഇടവേള കളിൽ തമാശകൾ ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്ന ആൾ തന്നെയാണ് രാജു. പൃഥ്വിരാജ് എന്ന നടനെ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനായി എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം എന്തെന്നാൽ രാജു ഓരോ ഷോട്ട് വയ്ക്കുമ്പോഴും ക്യാമറമാനോട് ഈ ലെൻസ് ഏതാണ്? ഇപ്പൊ വയ്ക്കുന്ന ഷോട്ട് ഏത് റേഞ്ച് ആണ്? ഇതിന്റെ ലൈറ്റ് ആൻഡ് ഷേഡ്സ് എങ്ങനെ എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും.
ഒരു നടൻ സത്യത്തിൽ അതൊന്നും അന്വേഷിക്കേണ്ടതില്ല. സംവിധായകന്റെ കയ്യിലെ മോൾഡ് മാത്രമാണ് അഭിനേതാവ്. ആ അന്വേഷകന്റെ ത്വരയാണ് നമ്മൾ ‘ലൂസിഫർ’ എന്ന സിനിമയിലൂടെ സംവിധാന മികവ് ആയി കണ്ടത്. ഒരു ബ്രഹ്മാണ്ഡ ചിത്രമായി ‘എമ്പുരാൻ’ നമുക്ക് മുന്നിലേക്ക് എത്താൻ പോകുന്നു. ക്യൂരിയസ് ആയ പൃഥ്വിരാജ് എന്ന നടനിൽ നിന്നും സംവിധായകൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ മികച്ച ട്രാൻസ്ഫമേഷൻ ആവട്ടെ എമ്പുരാൻ. എല്ലാവിധ ആശംസകളും.