ADVERTISEMENT

‘എമ്പുരാനി’ലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ച് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി. സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് ആശിഷ് പ്രത്യക്ഷപ്പെടുന്നത്. ആന്‍റണി റാവുത്തര്‍ എന്നാണ് ക്യാരക്ടറിന്‍റെ പേര്. അണിയറക്കാർ ഇപ്പോൾ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ആശിഷിന്റെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കൗതുകം ഉണര്‍ത്തിയ കഥാപാത്രം ആയിരുന്നു ഇത്. പലരും ഇത് മണിക്കുട്ടന്‍ ആണെന്നു തെറ്റിദ്ധരിച്ചിരുന്നു. അതേ സമയം കഥാപാത്രത്തിന്‍റെ പേര് പുറത്തുവന്നതോടെ ചിത്രത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകനാണോ ഇതെന്ന സംശയവും ആരാധകരുടെ ഇടയിൽ ഉയരുന്നുണ്ട്. ഡാനിയല്‍ റാവുത്തര്‍ എന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ ക്യാരക്ടറിന്‍റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അങ്ങനെയെങ്കിൽ സിനിമയിലും അച്ഛനും മകനുമായി വേഷമിട്ട താരങ്ങളെന്ന പ്രത്യേകതയും ഇവർക്കുണ്ട്.

‘എമ്പുരാൻ’ സിനിമയിലെ സർപ്രൈസ് കാസ്റ്റിങുകളിലൊന്നായിരുന്നു ആന്റണി പെരുമ്പാവൂർ അവതരിപ്പിച്ച ഡാനിയൽ റാവുത്തർ എന്ന കഥാപാത്രം. മുംബൈയിലെ അധോലോക സംഘത്തിലൊരുവനായ റാവുത്തർ, അബ്റാം ഖുറേഷിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്നാണ് സിനിമയിൽ പറയുന്നത്. സിനിമയുടെ മൂന്നാം ഭാഗത്തിൽ ആന്റണി റാവുത്തറിനും ഡാനിയൽ റാവുത്തറിനും തുല്യ പ്രാധാന്യമുണ്ടാകുമെന്നു സൂചനയുണ്ട്. ‘ലൂസിഫർ’ സിനിമയുടെ ക്ലൈമാക്സ് ഭാഗത്തും ആന്റണിയുടെ സാന്നിധ്യമുണ്ടായിരുന്നു. മുംബൈയിൽ നടക്കുന്ന ബോബിയുടെ ഡീലിനടയിലേക്ക് ഖുറേഷിയും സയീദ് മസൂദും എത്തുന്നതാണ് ലൂസിഫറിൽ കാണിക്കുന്നത്. ഇതിൽ ഇവര്‍ക്കു വേണ്ട സഹായം കൊടുക്കാനായി എത്തുന്നതാണ് റാവുത്തറെന്നാണ് ‘എമ്പുരാൻ’ കണ്ടിറങ്ങിയ ആരാധകർ അഭിപ്രായപ്പെടുന്നത്.

റാവുത്തർ എന്ന കഥാപാത്രം അതിഥി വേഷത്തിൽ മാത്രമാണ് ഈ രണ്ട് സിനിമകളിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ‘ലൂസിഫർ’ ഫ്രാഞ്ചൈസിയിൽ പ്രധാന സ്ഥാനം തന്നെയാണ് പൃഥ്വിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയും നൽകിയിരിക്കുന്നത്. 1980 കളിലെ സ്റ്റീഫന്റെ ചെറുപ്പം കാണിക്കുന്ന ഭാഗത്തെ കഥ നടക്കുന്നത് മുംബൈയാണ്.

റാവുത്തറിന്റെ തട്ടകത്തിൽ വന്നു കളിക്കാറായോ എന്നു പറഞ്ഞാണ് കൗമാരപ്രായത്തിലുള്ള സ്റ്റീഫനെ(പ്രണവ് മോഹൻലാൽ) തല്ലാൻ ഗുണ്ടകൾ പാഞ്ഞടക്കുന്നത്. റാവുത്തർ മുംബൈ സ്വദേശിയായതു കൊണ്ടു തന്നെ ഇവിടെ പരാമർശിക്കുന്ന റാവുത്തർ, ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രമാകാനാണ് സൂചന. അങ്ങനെയെങ്കിൽ ‘ലൂസിഫർ’ മൂന്നാം ഭാഗത്തിൽ സ്റ്റീഫനൊപ്പം നിൽക്കുന്ന കഥാപാത്രമായി റാവുത്തറും എത്താം.

‘നേര്’ സിനിമയിലൂടെ സഹനിർമാതാവായാണ് ആശിഷ് ജോ ആന്റണി സിനിമാ രംഗത്തെത്തുന്നത്. ‘നേര്’ സിനിമയുടെ ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമയുടെ റീമേക്ക് നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ് ജോ ആന്റണിയും ചേർന്നാണ്. നേരത്തെ മോഹൻലാൽ സംവിധാനം ചെയ്ത ‘ബറോസി’ന്റെ രാജ്യാന്തര വിതരണവും ആശിഷ് ആണ് നേരിട്ടു നടത്തിയത്. ഫാർസ് ഫിലിംസും ആശിഷ് ജോ ആന്റണിയുടെ ആശിർവാദ് സിനിമാസ് കമ്പനിയുമായി ചേർന്നായിരുന്നു ബറോസിന്റെ രാജ്യാന്തര വിതരണം.

English Summary:

Aashish Joe Antony, son of Antony Perumbavoor, is making his acting debut through the movie 'Empuraan'.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com