‘അണ്ണാ ഈ മാസം സെറ്റല്ലേ?’; തരുൺമൂർത്തിയുടെ പോസ്റ്റിന് ആരാധകന്റെ കമന്റ്

Mail This Article
മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡചിത്രം എമ്പുരാന്റെ വലിയ വിജയത്തിനുശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘തുടരും’. സാധാരണക്കാരനായ ടാക്സി ഡ്രൈവറായി എത്തുന്ന മോഹൻലാലിന്റെ വേഷപ്പകർച്ചയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത്. വെറുമൊരു ഫീൽ ഗുഡ് ചിത്രം മാത്രമല്ല ‘തുടരും’ എന്ന പ്രതീതി ഉണർത്തി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള സംവിധായകൻ തരുൺ മൂർത്തിയുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
‘ബാക്ക് ടു തുടരും മൂഡ്’ എന്ന അടിക്കുറിപ്പോടെ സംവിധായകൻ പങ്കുവച്ച ചിത്രം വീണ്ടും സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി. സംവിധായകൻ തരുൺ മൂർത്തിയും ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷാജി കുമാറുമാണ് ഫോട്ടോയിലുള്ളത്. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. ‘ഇങ്ങനെ ഇരുന്നാൽ മതിയോ? തുടങ്ങണ്ടേ നമുക്ക്’, ‘ഞങ്ങളും തുടരും മൂഡ് ആയി. അണ്ണാ ഈ മാസം എല്ലാം സെറ്റ് അല്ലേ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതു മുതൽ സിനിമയുടെ സ്വഭാവം സംബന്ധിച്ചുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. ‘എന്താ മോനെ മൂഡ്’ എന്ന ചോദ്യത്തിനൊപ്പം മുണ്ടും ഷർട്ടും ധരിച്ച് വള്ളിച്ചെരുപ്പും ഇട്ട് സ്പ്ലെൻഡറിൽ പറക്കുന്ന മോഹൻലാലിന്റെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘എന്താ മോനെ മൂഡ്’ എന്ന ചോദ്യത്തിന് ‘ഇത് തുടരും മൂഡ്’ എന്നായിരുന്നു അണിയറപ്രവർത്തകരുടെ ഉത്തരം. ഇതിന്റെ തുടർച്ചയായി വേറെയും പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. വിന്റജ് മോഹൻലാലിന്റെ രസികൻ ഭാവപ്പകർച്ചകളായിരുന്നു എല്ലാ പോസ്റ്ററുകളുടെയും ആകർഷണം.
പലതരം ഉത്തരാധുനിക ആയുധങ്ങളുമായി, വളരെ സ്റ്റൈലിഷായി മോഹൻലാൽ നിറഞ്ഞാടുന്ന എമ്പുരാന്റെ കോടിക്കിലുക്കത്തിനൊപ്പം താരത്തിന്റെ നാടൻ വേഷവും ആരാധകരുടെ ഹൃദയം കവർന്നു. പ്രേക്ഷകർ നെഞ്ചേറ്റുന്ന മോഹൻലാൽ–ശോഭന താരജോഡികളുടെ തിരിച്ചുവരവ് കൂടിയാകും ചിത്രമെന്നാണ് പ്രതീക്ഷ.

മോഹൻലാൽ എന്ന നടനിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ‘വീട്ടിലെ ഒരാൾ’ എന്ന എലമെന്റിന് മുൻതൂക്കം നൽകുന്ന സിനിമയാണ് ‘തുടരും’. കള്ളിമുണ്ട് ഉടുത്ത്, കവലയിലിരുന്ന് തമാശ പറയുകയും കുട്ടികൾക്കൊപ്പം പാട്ടു പാടി അവരെ രസിപ്പിച്ചു നടക്കുകയും ചെയ്യുന്ന ലാളിത്യമുള്ള ഒരു സാധാരണക്കാരൻ. അത്തരമൊരു കഥാപാത്രമാണ് ‘തുടരും’ എന്ന സിനിമ ഒരുക്കി വച്ചിരിക്കുന്നതും. ഒരേ വർഷം രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന, ഏറെ റേഞ്ചുള്ള രണ്ടു കഥാപാത്രങ്ങളായി മോഹൻലാൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നതിൽ ആരാധകർക്കുള്ള ആവേശം ചെറുതൊന്നുമല്ല.
യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. എമ്പുരാനിൽ അധോലോക നായകനായ ഖുറേഷി അബ്റാമായി മോഹൻലാൽ എത്തുമ്പോൾ തുടരും എന്ന സിനിമയിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖമായി അഭിനയിക്കുന്നു. ജനുവരിയിലായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അതു മാറ്റുകയായിരുന്നു.
‘തുടരും’ സിനിമയുടെ പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെൻസറിങ് പൂർത്തിയായ സ്ഥിതിക്ക് ഉടൻ തന്നെ സിനിമയുടെ റിലീസ് തീയതി ടീം അറിയിച്ചേക്കും. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.