ADVERTISEMENT

വിവാദങ്ങൾക്കിടയിലും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ‘എമ്പുരാൻ’ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയ്ക്കു ചുക്കാൻ പിടിച്ച സംവിധായകൻ പൃഥ്വിരാജ് സുകുമാരനെയും തിരക്കഥാകൃത്ത് മുരളി ഗോപിയെയും അഭിനന്ദിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. പൃഥ്വിരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നിൽ പൃഥ്വിരാജുമായി സൗഹൃദം പങ്കുവെയ്ക്കുന്നതും രണ്ടാമത്തെ ചിത്രം പൃഥ്വിരാജിനെ ചുംബിക്കുന്നതുമാണ്. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. പിന്നല്ല എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്.

നേരത്തേ എമ്പുരാന്റെ ബജറ്റുമായി ബന്ധപ്പെട്ട് നിർമാതാവ് സുരേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇത് പിന്നീട് അദ്ദേഹം നീക്കംചെയ്യുകയും ചെയ്തിരുന്നു. അന്ന് ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നത്.

‘സ്നേഹപൂർവം’ എന്ന അടിക്കുറിപ്പോടെയാണ് തിരക്കഥാകൃത്തായ മുരളി ഗോപിക്കൊപ്പമുള്ള ചിത്രം ആന്റണി പങ്കുവച്ചത്. ‘എന്നും എപ്പോഴും’ എന്ന ക്യാപ്ഷനോടെ മോഹൻലാലിനൊപ്പം നടന്നുപോകുന്നൊരു ചിത്രവും ആന്റണി പങ്കുവച്ചു.

അതേസമയം സംവിധായകൻ പൃഥ്വിരാജിനു പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ‘എമ്പുരാനു’മായി നോട്ടിസിനു ബന്ധമില്ലെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്. 2022ല്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് നടപടി എന്നും ഉദ്യോഗസ്ഥർ പറയുന്നു. 

 നേരത്തേ കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു പൃഥ്വിരാജിന് ഐ.ടി നോട്ടിസ് നൽകിയത്. അതിനിടെ ‘എമ്പുരാൻ’ നിര്‍മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുകയും കോഴിക്കോടും ചെന്നൈയിലുമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 1.5 കോടി രൂപയും സാമ്പത്തിക രേഖകളുമാണ് ഇ.ഡി പിടിച്ചെടുത്തത്. വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനത്തിന്റെ പേരിലായിരുന്നു റെയ്ഡ്.

English Summary:

Despite controversies, 'Empuraan' is emerging as the biggest hit in Malayalam cinema. Now, producer Antony Perumbavoor has congratulated director Prithviraj Sukumaran and screenwriter Murali Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com