‘പീഡനം ഒരു യാഥാർഥ്യമാണ്’; ചർച്ചയായി സുപ്രിയയുടെ വാക്കുകൾ

Mail This Article
ഇന്ത്യയിലെ പെൺകുട്ടികൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് പീഡനം നേരിടുന്നുണ്ടെന്ന കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. ഒരു പഠന റിപ്പോർട്ട് പങ്കുവച്ചാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് നേരിടുന്ന പീഡനം യാഥാർഥ്യമാണെന്ന് സുപ്രിയ കുറിച്ചത്. ഇന്ത്യയിൽ 58% പെൺകുട്ടികളും ഓൺലൈൻ ആയി പീഡനം നേരിടുന്നുണ്ടെന്ന് സുപ്രിയ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സമൂഹ മാധ്യമ വിചാരണയ്ക്ക് ശേഷം പലരും അത്തരം പ്ലാറ്റ്ഫോമുകളിൽ നിശബ്ദരാവുകയാണ് ചെയ്യാറുള്ളതെന്നും എന്നും സുപ്രിയ പറയുന്നു. ‘എമ്പുരാൻ’ സിനിമയുടെ റിലീസിനു ശേഷം കടുത്ത സൈബറാക്രമണവും വിമർശനവും സുപ്രിയ നേരിട്ടിരുന്നു. ഇത്തരം വിമർശനങ്ങളോട് പരോക്ഷമായി പ്രതികരിക്കുന്ന സുപ്രിയയുടെ പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
സുപ്രിയയുടെ വാക്കുകൾ: "പീഡനം യാഥാർഥ്യമാണ്! ഇന്ത്യയിലെ 58% പെൺകുട്ടികളും ഓൺലൈൻ പീഡനം നേരിടുന്നുണ്ട്. 50% പെൺകുട്ടികൾ പറയുന്നത് പൊതു ഇടങ്ങളെ അപേക്ഷിച്ച് സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള പീഡനം നേരിടുന്നുണ്ടെന്നാണ്. സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള ആക്രമണം നേരിട്ടതിനു ശേഷം മൂന്നിലൊന്നു പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയായ നിശ്ശബ്ദരാവുകയോ ചെയ്യാറുണ്ട്."
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം പൃഥ്വിരാജിന്റെ കുടുംബം സമാനതകളില്ലാത്ത ആക്രമണമാണ് സോഷ്യൽ മീഡിയ വഴി നേരിട്ടത്. വിവാദങ്ങൾക്കിടയിൽ പൃഥ്വിരാജിനു പിന്തുണയുമായി സുപ്രിയ മേനോൻ എത്തിയിരുന്നു. പൃഥ്വിരാജ് ചരിത്രം കുറിക്കുകയാണെന്നും, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം ഉണ്ടെന്നും സുപ്രിയ കുറിച്ചിരുന്നു. എന്നാൽ സുപ്രിയ മേനോനും പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും എതിരെ ചില സംഘപരിവാർ നേതാക്കൾ അടക്കം വിദ്വേഷ പരാമർശങ്ങൾ നടത്തി.
‘മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ മേനോൻ അർബൻ നക്സലാണ്. ആ അർബൻ നക്സൽ എഴുതിയ പോസ്റ്ററിൽ നാട്ടിലെ ജനങ്ങളോട് 'തരത്തിൽ കളിക്കടാ എന്റെ ഭർത്താവിനോട് വേണ്ട' എന്നാണ് എഴുതിയിരിക്കുന്നത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്’, എന്നാണു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്. വിമർശനങ്ങൾക്കും വിദ്വേഷ പരാമർശങ്ങൾക്കുമൊന്നും നേരിട്ട് മറുപടിയുമായി സുപ്രിയ എത്തിയിരുന്നില്ല.
വിമർശനങ്ങൾ കൊഴുക്കുമ്പോഴും 'L2 എമ്പുരാൻ' സിനിമയിലെ ഒരു ഗാനത്തിലൂടെയാണ് സുപ്രിയ മേനോൻ മറുപടി നൽകുന്നത്. പൃഥ്വിരാജിന്റെ മാനേജ്‌മന്റ് പേജിൽ വന്ന ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് സുപ്രിയ 'ഇത് കേൾക്കൂ' എന്ന കുറിപ്പിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആ വാക്കുകൾ കുറിച്ചത്. 'പറയാൻ പോകുന്നത് ഒരു രാജാവിന്റെ കഥ, ഈ പൃഥ്വിയാകെ സ്വന്തമാക്കിയ ഒരു നായകന്റെ വീരഗാഥ' എന്ന് തുടങ്ങുന്ന വരികളോടെ ആ വീരഗാഥ സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം ഒരു വലിയ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന പൃഥ്വിരാജ് സുകുമാരന്റെ ചിത്രവും സുപ്രിയ പങ്കുവച്ചിരുന്നു.