വിഷു കൊഴുപ്പിക്കാൻ മലയാള സിനിമകൾ

Mail This Article
‘എമ്പുരാൻ’ നൽകിയ പുത്തനുണർവിന് ശേഷം തീയറ്ററുകൾക്ക് ഉത്സവമായി വിഷു ചിത്രങ്ങൾ എത്തുന്നു. മൂന്ന് വമ്പൻ ചിത്രങ്ങളാണ് ഇത്തവണ വിഷുക്കണിയുമായി കൊട്ടക നിറയ്ക്കാനെത്തുന്നത്. മമ്മൂട്ടിച്ചിത്രം 'ബസൂക്ക', നസ്‌ലിന്റെയും ടീമിന്റെയും 'ആലപ്പുഴ ജിംഖാന', ബേസിൽ ജോസഫിന്റെ 'മരണമാസ്' എന്നിവയാണ് മലയാളത്തിലെ വിഷു റിലീസുകൾ. ഇതോടൊപ്പം തന്നെ തമിഴിൽ അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയും കേരളത്തിൽ റിലീസിനെത്തുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ടാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാന്‍ എത്തിയത്. വിവാദങ്ങൾ കൊഴുക്കുന്നതിനിടയിലും കേരളത്തില്‍നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് എമ്പുരാന്‍ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ മമ്മൂട്ടി ചിത്രവും എത്തുന്നത് ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കുന്നത്. വിഷുവിനു പിന്നാലെ ഈസ്റ്ററിനും ഏപ്രിൽ മാസം ഒടുവിലും നിരവധി ചിത്രങ്ങൾ തീയറ്ററിൽ എത്തുന്നുണ്ട്. കളക്ഷൻ വാരിക്കൂട്ടിയ എമ്പുരാനു പിന്നാലെ വിഷുച്ചിത്രങ്ങളും എത്തുന്നതോടെ സിനിമാമേഖലയിൽ എമ്പാടുമുള്ള പ്രതിസന്ധികൾക്ക് അറുതിവരുമെന്നാണ് സിനിമാപ്രവർത്തകരുടെ കണക്കുകൂട്ടൽ.
ബസൂക്ക
മലയാള സിനിമയിൽ ഒരുകാലത്ത് ഹിറ്റ് കോംബോ ആയിരുന്നു മമ്മൂട്ടിയും തിരക്കഥാകൃത്ത് കലൂർ ഡെന്നീസും. കലൂർ ഡെന്നിസിന്റെ മകൻ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു എന്നതാണ് ബസൂക്കയുടെ പ്രത്യേകത. ചിത്രത്തിന്റെ തിരക്കഥയും ഡീനോ ഡെന്നിസിന്റേത് തന്നെ. ഗൗതം വാസുദേവ മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുകയാണ്. ഗെയിം ത്രില്ലർ ഴോണറിൽ ആണ് ബസൂക്ക ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ട്രെയിലർ പുതുതലമുറയെ ഉൾപ്പടെ ആവേശം കൊള്ളിച്ചിട്ടുണ്ട്.
ആലപ്പുഴ ജിംഖാന
ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലൻ നായകനാകുന്ന ആലപ്പുഴ ജിംഖാനയാണ് ഈ വിഷുവിന് തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ ആരാധകരുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടുകഴിഞ്ഞു. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായി എത്തുന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മരണമാസ്
മമ്മൂട്ടിയുടേയും നസ്ലന്റെയും ചിത്രങ്ങളോട് മാറ്റുരക്കാൻ മലയാളത്തിലെ ഹിറ്റ് മെഷിൻ എന്നറിയപ്പെടുന്ന ബേസിൽ ജോസഫിന്റെ മരണമാസ്' എന്ന ചിത്രവും വിഷുവിന് എത്തുന്നുണ്ട്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് നടൻ ടൊവിനോ തോമസ് ആണ്. നടൻ സിജു സണ്ണി കഥയെഴുതി സിജുവും ശിവപ്രസാദും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിൽ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും വേഷമിടുന്നു. ചിത്രത്തിലെ പാട്ടുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കോമഡി ഴോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 10നു തന്നെ മരണമാസ്സ് തിയേറ്ററുകളിൽ എത്തുന്നുണ്ട്.
ഗുഡ് ബാഡ് അഗ്ലി
മാർക്ക് ആന്റണിക്കു ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം. അജിത്ത് നായകനാകുന്ന സിനിമയിൽ തൃഷയാണ് നായിക.
ഏപ്രിൽ മൂന്നാം വാരവും കൈനിറയെ സിനിമകളാണ് എത്തുന്നത്. ആഭ്യന്തര കുറ്റവാളി, ഹത്തനെ ഉദയ എന്നീ ചിത്രങ്ങളാണ് ഈസ്റ്റർ റിലീസ് ആയി തിയറ്ററുകളിൽ എത്തുന്നത്. അന്തരിച്ച ജോസഫ് മനു സംവിധാനം ചെയ്ത് അഹാന കൃഷ്ണ നായികയായ നാൻസി റാണി എന്ന ചിത്രവും ഈസ്റ്റർ റിലീസ് ആയി തിയറ്ററിൽ എത്തുമെന്ന് സൂചനയുണ്ട്. നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച് ആസിഫ് അലി നായകനാകുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് മറ്റു താരങ്ങൾ.
നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഹത്തനെ ഉദയ'. കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. ആഭ്യന്തര കുറ്റവാളി ഏപ്രിൽ 17 നും ഹത്തനെ ഉദയ ഏപ്രിൽ 18 നും തിയറ്ററിലെത്തും. ഏപ്രിൽ ഒടുവിലത്തെ ആഴ്ച പടക്കുതിര, ദി പെറ്റ് ഡിറ്റക്ടീവ്, ഹിമുക്രി, തെളിവ് സഹിതം എന്നീ ചിത്രങ്ങളും തിയറ്ററിൽ എത്തുന്നുണ്ട്.