അജിത്തിന്റെ ഏറ്റവും വലിയ ഹിറ്റ്; കേരളത്തിലും തരംഗം; ‘ഗുഡ് ബാഡ് അഗ്ലി’ കലക്ഷന്‍

Mail This Article
അജിത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ വിജയമായി മാറാൻ ‘ഗുഡ് ബാഡ് അഗ്ലി’. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ‘വിടാമുയര്‍ച്ചിയുടെ പരാജയത്തിനു ശേഷം അജിത്തിന്റെ വമ്പൻ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ. കലക്‌ഷൻ ട്രാക്കിങ് സൈറ്റായ സാക്നിക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നും ചിത്രം വാരിയത് 28.50 കോടിയാണ്. ‘വിടാമുയർച്ചി’ 26 കോടിയാണ് ആദ്യദിനം ഇന്ത്യയിൽ നിന്നും നേടിയത്. എന്നാൽ റിലീസ് ചെയ്ത ദിവസം തന്നെ മോശം റിപ്പോർട്ട് വന്നതോടെ ചിത്രം ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞു.
എന്നാൽ ‘ഗുഡ് ബാഡ് അഗ്ലി’ക്കു ഗംഭീര പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിക്കുന്നത്. വിജയ് ചിത്രമായ ‘ഗോട്ടി’നുപോലും 20.66 കോടിയാണ് ആദ്യദിനം ഇന്ത്യയിൽ നിന്നും ലഭിച്ചത്. ഇതോടെ റിലീസ് ദിനത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര കലക്‌ഷൻ നേടിയ അജിത് ചിത്രമായി ഗുഡ് ബാഡ് അഗ്ലി മാറി. 2022 ൽ ആദ്യ ദിനത്തിൽ 28 കോടി നേടിയ വലിമെയുടെ കലക്‌ഷൻ റെക്കോർഡ് മറികടന്നിരിക്കുകയാണ് ചിത്രം.
ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാരാന്ത്യത്തില്‍ കലക്‌ഷൻ ഇരട്ടിയാകാനാണ് സാധ്യത. ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും 75 ലക്ഷം കലക്‌ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ബസൂക്ക, മരണമാസ്സ്, ആലപ്പുഴ ജിംഖാന എന്നീ സിനിമകൾക്കൊപ്പമായിരുന്നു കേരളത്തിൽ അജിത് ചിത്രം പുറത്തിറങ്ങിയത്. ലിമിറ്റഡ് സ്ക്രീനുകൾ നിന്നും ഇത്രയും കലക്‌ഷൻ സിനിമയ്ക്ക് സ്വന്തമാക്കാനായത് വലിയ നേട്ടമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
‘മാർക്ക് ആന്റണി’ക്കുശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ ‘ഫാൻ ബോയ് സംഭവമാണ്’ എന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്. ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്. മാത്രമല്ല അജിത്തിന്റെ ടൈറ്റിൽ കാർഡ് ഏറെ ആവേശമുണർത്തുന്നതാണെന്നും പ്രേക്ഷകർ പറയുന്നു. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി.വി. പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. തൃഷ, പ്രിയ വാരിയർ, പ്രഭു, പ്രസന്ന, ജാക്കി ഷ്റോഫ് എന്നിവരാണ് മറ്റ് താരങ്ങൾ.