ADVERTISEMENT

അജിത്ത് നായകനായെത്തിയ ‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ തമിഴ് പ്രേക്ഷകരെ ഇളക്കി മറിച്ച് പ്രിയ വാരിയർ. നടിയുടെ അപ്രതീക്ഷിത കഥാപാത്രം പ്രേക്ഷകരെ കയ്യിലെടുത്തെന്നു മാത്രമല്ല എക്സ് പ്ലാറ്റ്‌ഫോമിലും തരംഗമായി മാറുകയാണ്. നടൻ അജിത്തിനോട് ഇതുവരെയും മനസ്സിൽ അടക്കിവച്ചിരുന്ന ആരാധന ഒരു കുറിപ്പായി പ്രിയ പങ്കുവച്ചിട്ടുമുണ്ട്.  ആദ്യമായി സംസാരിച്ചതുമുതൽ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ അജിത് തന്ന സ്നേഹവും പരിഗണയും ഒരിക്കലും മറക്കാനാകില്ലെന്ന് പ്രിയ പറയുന്നു. സെറ്റിൽ ഉള്ള ഓരോരുത്തരുടെയും ക്ഷേമം അന്വേഷിക്കാൻ അജിത് മറക്കാറില്ല, കുടുംബം, കാറുകൾ, യാത്ര, റേസിങ് തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുമ്പോൾ അജിത്തിന്റെ കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കം തന്നെ അദ്ഭുതപ്പെടുത്തിയെന്നും പ്രിയ വാര്യർ കുറിച്ചു.  

priya-prakash-varrier

‘‘എവിടെയാണ് പറഞ്ഞു തുടങ്ങേണ്ടത്?  ഇത് ഞാൻ വളരെക്കാലമായി മനസ്സിൽ അടക്കി വച്ചിരുന്ന കാര്യമാണ്.  ഞാൻ എന്തെഴുതിയാലും എനിക്ക് നിങ്ങളോട് ഉള്ള ആരാധന പ്രകടിപ്പിക്കാൻ അതൊന്നും പര്യാപ്തമാകില്ല സർ. ആദ്യമായി സംസാരിച്ചത് മുതൽ ഷൂട്ടിന്റെ അവസാന ദിവസം വരെ ഞാൻ എന്നൊരു വ്യക്തി ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്ന് അങ്ങ് ഓരോ നിമിഷവും എന്നെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. സെറ്റിൽ ആരും അവഗണിക്കപ്പെടുന്നില്ലെന്ന് അങ്ങ് എപ്പോഴും ഉറപ്പാക്കികൊണ്ടിരുന്നു. സെറ്റിൽ ഉള്ളപ്പോഴെല്ലാം ഞങ്ങൾ ഓരോരുത്തരുടെയും ക്ഷേമം അന്വേഷിക്കാൻ അങ്ങ് കൂടുതൽ സമയം കണ്ടെത്തി.  

priya-varrier-gbu2

ഒരു ടീമായി ആ ക്രൂയിസിൽ ഒരുമിച്ച് കഴിച്ച ഭക്ഷണങ്ങളും, തമാശകളും, ഒരുമിച്ച് ആസ്വദിച്ച നിമിഷങ്ങളും എത്ര ആസ്വാദ്യകരമായിരുന്നുവെന്ന് എനിക്ക് പറയാതിരിക്കാൻ കഴിയില്ല.  ഓരോ കാര്യങ്ങളെക്കുറിച്ചും  ഇത്രയും ജിജ്ഞാസയും അഭിനിവേശവുമുള്ള മറ്റൊരാളെ ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല. നിങ്ങളിലുള്ള ആ ചെറിയ "പിനോച്ചിയോ"യോട് എനിക്ക് അങ്ങേയറ്റം ബഹുമാനവും സ്നേഹവും ഉണ്ട്. കുടുംബം, കാറുകൾ, യാത്ര, റേസിങ് എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ അങ്ങയുടെ കണ്ണുകൾ തിളങ്ങുന്നത് അമ്പരപ്പോടെയാണ് ഞാൻ വീക്ഷിച്ചിരുന്നത്.  അങ്ങേയ്ക്ക് ചുറ്റുമുള്ള ഓരോരുത്തരെയും നിരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യാൻ ഒരു മടിയും കാണിച്ചിട്ടില്ല. ഈ ക്ഷമയും സമർപ്പണവും എന്നെപ്പോലുള്ള യുവാക്കൾക്ക് ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്, അത് എനിക്ക് എന്നും പ്രചോദനമായിരിക്കും. അങ്ങയുടെ സൗമ്യതയും ഊഷ്മളമായ സ്നേഹവും എന്നെ ഇപ്പോഴും അദ്ഭുതപ്പെടുത്തുന്നു, അതുകൊണ്ടാണ് ഞാൻ ഇത്രയധികം എഴുതിയത്. അങ്ങ് ഒരു യഥാർഥ രത്നമാണ്. ജീവിതത്തിൽ എത്ര ഉയരങ്ങളിൽ എത്തിയാലും എളിമ പുലർത്തണം എന്നുള്ളതാണ് അങ്ങയിൽ നിന്ന് എനിക്ക് കിട്ടിയ ജീവിത പാഠം.

priya-varrier-gbu23

ഇതുവരെയുള്ള എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം വൺ ആൻഡ് ഒൺലി അജിത് സാറിനൊപ്പം ആ ഗാനരംഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്.  ‘‘തൊട്ടുതൊട്ടു” എന്നത് അതുകൊണ്ടു തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമായി മാറുകയാണ്. 

priya-varrier-gbu32

അജിത് സർ, ജിബിയുവിൽ സാറിനോടൊപ്പം അഭിനയിച്ചത് ഞാൻ എന്നെന്നും വിലപ്പെട്ട ഓർമയായി എന്റെ മനസ്സിൽ സൂക്ഷിക്കും. അങ്ങയെക്കുറിച്ച് കൂടുതൽ അറിയാനും ഒരു സംഭവം തന്നെയായ അങ്ങയോടൊപ്പം അഭിനയിക്കാനും വലിയൊരു അവസരം ലഭിച്ചതിൽ ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും.  ഞങ്ങളെയെല്ലാം രസിപ്പിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യുന്നത് തുടരുക. അങ്ങയോടൊപ്പം വീണ്ടും അഭിനയിക്കണമെന്ന എന്റെ ആഗ്രഹം പ്രകടിപ്പിച്ചാൽ അതൊരു സ്വാർഥതയായി തോന്നാം എങ്കിലും വീണ്ടും വീണ്ടും അങ്ങയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് സ്നേഹബഹുമാനങ്ങളോടെ അങ്ങയുടെ ഒരു കടുത്ത ആരാധിക.’’ പ്രിയ വാര്യർ കുറിച്ചു.

നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്കു മേൽ എന്നടി കോപം’ എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ തമിഴ് അരങ്ങേറ്റം.

English Summary:

Priya Prakash Varrier, who starred alongside Ajith in "Good Bad Ugly," has captivated Tamil audiences.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com