എന്റെയും മകന്റെയും ഏറ്റവും വലിയ സൗഭാഗ്യം: ഭർത്താവിനെക്കുറിച്ച് മീര വാസുദേവ്

Mail This Article
അഭിനയ ജീവിതത്തിൽ 25 പൂർത്തിയായ സന്തോഷം പങ്കുവച്ച് നടി മീര വാസുദേവ്. നടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് താരം പറയുന്നു. പിന്നെ ചില അവഗണനകളും പ്രശ്‌നങ്ങളുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും അതൊക്കെ ദോഷത്തെക്കാള്‍ ഗുണമാണ് ചെയ്തതെന്നും മീര പറഞ്ഞു.
‘‘ഈ വര്‍ഷം 2025 എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്.. ഒരു നടിയും കലാകാരിയുമെന്ന നിലയില്‍ ഞാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ വര്‍ഷങ്ങളിലൂടെ ഒരു നല്ല സിനിമാ ടെക്‌നീഷ്യനും നടനും മികച്ച ആശയവിനിമയക്കാരിയുമായി മാറാനും പഠിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എന്റെ എല്ലാ പരാജയങ്ങള്‍ക്കും, നിരാശകൾക്കും, ഒറ്റപ്പെടലിന്റെയും ഒഴിവാക്കലിന്റെയും നിമിഷങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവളായിരിക്കും. കാരണം ആര്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും എന്താണ് പ്രാധാന്യമുള്ളതെന്ന് ചിന്തിക്കാനും അതിന് വിലകൊടുക്കാനും സഹായിച്ചത് അതാണ്.
എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബത്തിലെ എല്ലാവരും, എന്നെ പോലെ തന്നെ കുടുംബബന്ധത്തിലും സ്‌നേഹത്തിലും ആരോഗ്യത്തിലും ജോലിയിലും അനുഗ്രഹീതരായിരിക്കണമെന്ന് ഞാന്‍ പ്രാർഥിക്കുന്നു. നിങ്ങളുടെ സമൃദ്ധിക്കും മനസ്സമാധാനത്തിനും വേണ്ടി ഞാന്‍ പ്രാർഥിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ കഴിയട്ടെ.’’–മീരയുടെ വാക്കുകൾ.
മീരയുടെ ഭർത്താവ് വിപിനും കുറിപ്പിൽ കമന്റുമായി എത്തിയിട്ടുണ്ട്. ‘‘നീയാണ് എന്റെ ലോകം’’ എന്നാണ് വിപിൻ കുറിച്ചത്. ‘‘എന്റെ ജീവിതം അനുഗ്രഹീതമാക്കുന്നത് നീയാണ്. എന്റെയും അരിഹയുടെയും (മകൻ) ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം’’, എന്നാണ് മീര ഇതിനു മറുപടി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷമാണ് മീരയും വിപിനും വിവാഹിതരാകുന്നത്. കുടുംബവിളക്ക് സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇവർ തമ്മില്‍ പരിചയത്തിലാവുന്നത്. എന്നാല്‍ മീരയുടേത് മൂന്നാം വിവാഹമാണെന്നത് ചില വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നടൻ ജോൺ കൊക്കനുമായുള്ള രണ്ടാം വിവാഹത്തിൽ അരിഹ എന്നു പേരുള്ള മകനുണ്ട്. ആദ്യ രണ്ട് വിവാഹബന്ധവും വേര്‍പിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു മീര വാസുദേവ്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.
അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.