ട്രെയിനിൽ വച്ച് അജ്ഞാതൻ ഉമ്മ തരുമോയെന്ന് ചോദിച്ചു: വെളിപ്പെടുത്തലുമായി മാളവിക

Mail This Article
ട്രെയിനിൽ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് മാളവിക മോഹനൻ. ലോക്കൽ ട്രെയിനിലെ രാത്രി യാത്രയ്ക്കിടെ സഹയാത്രികൻ മോശമായി പെരുമാറുകയായിരുന്നു. പെട്ടെന്നുണ്ടായ ഞെട്ടലിൽ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചിരുന്നു പോയെന്ന് മാളവിക വെളിപ്പെടുത്തി. ഹൗട്ടർഫ്ലൈ എന്ന ഹിന്ദി യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
മാളവികയുടെ വാക്കുകൾ: "പണ്ട് ഞാനും രണ്ട് സുഹൃത്തുക്കളും കൂടി ലോക്കൽ ട്രെയിനിൽ തിരികെ വരിക ആയിരുന്നു. സമയം ഒരു ഒൻപതര ആയിട്ടുണ്ടാകും. ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിൽ ആയിരുന്നു ഞങ്ങൾ. ആ കംപാർട്മെന്റിൽ ഞങ്ങളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഞാൻ വിൻഡോ ഗ്രില്ലിന് അടുത്തായിരുന്നു ഞങ്ങൾ മൂന്നുപേരും ഇരുന്നത്. ഞങ്ങൾ ഇരിക്കുന്നത് കണ്ട് ഒരാൾ ആ ഗ്രില്ലിൽ മുഖം അമർത്തി നിന്ന് ഒരു ഉമ്മ തരുമോ എന്നു ചോദിച്ചു. ഞങ്ങൾ മരവിച്ചിരുന്നു പോയി. അന്ന് ഞങ്ങൾക്ക് 19-20 വയസ് വരും. ഇതിനോടൊക്കെ എങ്ങനെ പ്രതികരണമെന്ന് അന്ന് അറിയില്ലായിരുന്നു. എന്തെങ്കിലും പ്രതികരിച്ചാൽ അയാൾ അകത്തേക്ക് വരുമോ എന്ന പേടിയും ഉണ്ടായി. അടുത്ത സ്റ്റേഷൻ എത്താനാണെങ്കിൽ 10 മിനിറ്റും എടുക്കും. എല്ലാ പെൺകുട്ടികൾക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകും."
‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക. മോഹന്‍ലാലിനൊപ്പം ഒരുമിക്കുന്ന ‘ഹൃദയപൂര്‍വ’മാണ് അണിയറയില്‍ ഒരുങ്ങുന്ന മാളവികയുടെ പുതിയ ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് താരം ഇപ്പോൾ.