ഹൈബ്രിഡ് കഞ്ചാവ്: ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും എതിരെ ഉടൻ നടപടിക്ക് ഫെഫ്ക

Mail This Article
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകർ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും എതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന് സംവിധായകൻ സിബി മലയിൽ. സംവിധായകർക്കെതിരെ നടപടിയെടുക്കാൻ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് നിർദേശം നല്കിയിട്ടുണ്ടെന്ന് ഫെഫ്ക പ്രസിഡന്റ് കൂടിയായ സംവിധായകൻ സിബി മലയിൽ പറഞ്ഞു. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഫെഫ്ക പറഞ്ഞിരുന്നു. ഇന്ന് പുലർച്ചെയാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
"സംവിധായകന്മാരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഡയറക്ടേഴ്സ് യൂണിയൻ അംഗങ്ങളാണ്. അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനായി ഡയറക്ടേഴ്സ് യൂണിയന്റെ ഭാരവാഹികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തീരുമാനം എന്തായാലും രേഖാമൂലം ഈ സംവിധായകരെ അറിയിക്കും," സിബി മലയിൽ പറഞ്ഞു.
ഛായാഗ്രഹകൻ സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ വച്ച് ലഹരി ഉപയോഗിക്കാൻ തുടങ്ങവെയാണ് സംവിധായകന്മാരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പൊലീസ് പിടിയിലായത്. ഫ്ലാറ്റിൽ നിരന്തരം ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നിഗമനം. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി മൂവരെയും വിട്ടയച്ചു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മലയാള സിനിമാ മേഖലയിലെ പ്രമുഖ സംവിധായകര്‍ തന്നെ ലഹരിയുമായി അറസ്റ്റിലാവുന്നത്.