ADVERTISEMENT

മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ കുതിപ്പ് തുടരുന്നു. രണ്ടാം ദിനം 24 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത്. ഇതോടെ ചിത്രം ഇതുവരെ നേടിയ കലക്ഷൻ 40 കോടിയായി. ആദ്യദിവസം മികച്ച ഓപ്പണിങ് കലക്‌ഷൻ ലഭിക്കുന്ന ഏഴാമത്തെ മലയാള ചിത്രമായി ‘തുടരും’ മാറി. ബുക്ക്മൈഷോയിലൂടെ മാത്രം നാല് ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് റിലീസ് ദിവസം തന്നെ വിറ്റുപോയത്. ഇപ്പോഴും ഇതേ ട്രെൻഡ് തുടരുകയാണ്.

വരും ദിവസങ്ങളിൽ സിനിമയുടെ കലക്‌ഷൻ കുത്തനെ ഉയരാനാണ് സാധ്യത. ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടാക്കാൻ സാധിക്കുന്നത്. വെള്ളിയാഴ്ച മുതൽ അർദ്ധരാത്രി പ്രത്യേക ഷോ പല തിയറ്ററുകളിലും കളിക്കുകയുണ്ടായി. കോട്ടയം പോലുള്ള ജില്ലകളിൽ രണ്ട് തിയറ്ററുകൾ അധികം ചാർട്ട് ചെയ്തു. രണ്ടാം ദിനത്തിലേക്കെത്തുമ്പോൾ ചിത്രം ബ്ലോക്ബസ്റ്ററിലേക്കു നീങ്ങുന്നുവെന്ന സൂചനയാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ‘എമ്പുരാനിൽ’ സ്റ്റൈലിഷ് മാസ് അവതാരമായ മോഹൻലാലിനെയാണ് ആഘോഷിച്ചതെങ്കിൽ ഈ സിനിമയിൽ വിന്റേജ് മോഹൻലാലിനെ കാണാം. മോഹൻലാൽ എന്ന പെർഫോമറെ ഒരുപാട് നാളുകൾക്കുശേഷം കാണാനായി എന്നാണ് പ്രേക്ഷക കമന്റുകൾ.

ഫീൽ ഗുഡ് പോലെ തുടങ്ങുന്ന സിനിമ ഇടവേളയോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നു. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. 

ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. 

English Summary:

Tudaarum, starring Mohanlal and Shobana, breaks box office records! This feel-good thriller surpasses ₹40 crore in just two days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com