ഏതുവേഷവും ഞാൻ ആസ്വദിക്കും, മലയാളത്തിൽ ഈ വർഷം 2 ഉഗ്രൻ സിനിമകൾ: ജയറാം പറയുന്നു

Mail This Article
അന്യഭാഷകളില്‍ പോയി നിലവാരം കുറഞ്ഞ വേഷങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയറാമിനെതിരെ വലിയ വിമർശനം പ്രേക്ഷകരിൽ നിന്നും നേരിടുകയുണ്ടായി. ശങ്കർ ചിത്രമായ ‘ഗെയിം ചേഞ്ചറി’ലെ നടന്റെ വേഷത്തിനു ട്രോളുകളും കിട്ടി. ഇപ്പോഴിതാ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി എത്തുകയാണ് താരം. ഏത് ഭാഷയിൽപോയാലും അവർ തരുന്ന സ്നേഹം മറക്കാനാകില്ലെന്നും മലയാളസിനിമയോടുള്ള അവരുടെ സ്നേഹവും ആദരവുമാണ് തനിക്കു കൂടി ലഭിക്കുന്നതെന്നും ജയറാം പറയുന്നു. ഏത് വേഷമായാലും അത് ആസ്വദിച്ചാണ് ചെയ്യുന്നതെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ‘റെട്രോ’ സിനിമയുടെ തിരുവനന്തപുരം പ്രമോഷൻ വേദിയിൽ ജയറാം പറഞ്ഞു.
‘‘എന്തു പറഞ്ഞു തുടങ്ങുമെന്ന് അറിയില്ല, എബ്രഹാം ഓസ്‌ലർ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഇതിനു മുമ്പ് തിരുവനന്തപുരത്ത് ലുലു മാളില്‍ വരുന്നത്. വീണ്ടും ഒരു ചരിത്ര വിജയമാകാൻ നൂറ് ശതമാനം അർഹതപ്പെട്ട സിനിമയുടെ ഭാഗമായി ഇവിടെ വരാൻ കഴിഞ്ഞതിലും വളരെ സന്തോഷം.
കാർത്തിക് സുബ്ബരാജിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു നടന്മാർപോലും ഉണ്ടാകില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഫോൺ വരുന്നത്. ഒരു സിനിമയുണ്ട് കഥ പറയണമെന്നു പറഞ്ഞു. അങ്ങനെ ചെന്നൈയിലെ വീട്ടിലെത്തി കഥ പറയാൻ തുടങ്ങി. തുടക്കം മുതൽ തന്നെ കഥ രസകരം. പകുതി കഴിഞ്ഞപ്പോൾ ചോദിച്ചു, സസ്പെൻസിൽ നിൽക്കാൻ പറ്റില്ല, ആരാണ് നായകൻ എന്ന്. ഒന്ന് ഊഹിച്ചു നോക്കാൻ അദ്ദേഹം പറഞ്ഞു. ഞാനപ്പോൾ പറഞ്ഞു, സൂര്യയല്ലേ അത് ചെയ്യുന്നത്. അദ്ദേഹത്തിനേ ഇതു ചെയ്യാൻ പറ്റൂ. അദ്ദേഹം എനിക്കു കൈ തന്നു. അടുത്ത ചോദ്യം ഡോക്ടറായ ചാപ്ലിൻ പ്യാരിവേലിന്റെ കഥാപാത്രം ആരു ചെയ്യുമെന്നായിരുന്നു. അതിനാണ് സർ നിങ്ങളുെട അടുത്തു വന്നതെന്ന് അദ്ദേഹം മറുപടിയായി പറഞ്ഞു. ഇത് ഞാൻ ചെയ്യുന്നു. ഈ കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തു പറയുന്നില്ല.
എന്തിനാണ് മറ്റു ഭാഷകളിൽ പോയി ചെറിയ വേഷങ്ങൾ ചെയ്യുന്നതെന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്. നമ്മളെ മറ്റു ഭാഷകളിൽ വിളിക്കുക, സ്വീകരിക്കുക, ഇഷ്ടപ്പെടുക, അവരുടെ ആ സ്നേഹം ഏറ്റുവാങ്ങാൻ പറ്റുക..ഭാഷ ഏതായാലും അവർ നമ്മുടെ മലയാളത്തിനു തരുന്ന സ്നേഹമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. അല്ലാതെ എനിക്കു തരുന്ന സ്നേഹമല്ല.
തെലുങ്കിലായാലും തമിഴിലായാലും കന്നഡയിലായാലും ഞാൻ ചെയ്യുന്ന സിനിമകളിലൂടെയെല്ലാം തന്നെ അവർ എനിക്കു തരുന്ന സ്നേഹം മലയാള സിനിമയ്ക്കു തരുന്ന സ്നേഹമാണ്. ഞാൻ അത് ആസ്വദിക്കുകയാണ്. എന്തു ചെറിയ ജോലി ചെയ്താലും നമ്മൾ അത് ആദ്യം ആസ്വദിക്കുക. വർഷങ്ങൾക്കു മുമ്പേ എന്നോടു ചോദിക്കുന്ന മറ്റൊരു ചോദ്യമാണ്, ഈ അമ്പലപ്പറമ്പിൽ ചെണ്ട കൊട്ടാൻ പോകുന്നത്. ദേശീയ പുരസ്കാരം കിട്ടുന്നതിനേക്കാള്‍ സന്തോഷമാണ് പൂരപ്പറമ്പില്‍ പതിനായിരങ്ങളുടെ നടുവിൽ നിന്നു അതിൽ ഞാന്‍ കണ്ടെത്തുന്നത്. എന്റെ ജോലിയെക്കുറിച്ച് ഞാൻ ആദ്യം സ്വപ്നം കാണും. ആ സ്വപ്നങ്ങളാണ് മുന്നോട്ടു നയിക്കുന്നത്.
ഈ വർഷം 2 ഉഗ്രൻ മലയാള സിനിമകളാണ് ചെയ്യാൻ പോകുന്നത്. സിനിമകൾ ഏതെന്നത് സസ്പെൻസ്. ചിത്രീകരണം തുടങ്ങാൻ പോകുന്നതേ ഒള്ളൂ.’’–ജയറാമിന്റെ വാക്കുകൾ.