അകം, പുറം സിനിമയായ മനുഷ്യൻ: മലയാളത്തെ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച പ്രതിഭ; ഷാജി എൻ.കരുൺ ഓർമയാകുമ്പോൾ

Mail This Article
രാജ്യാന്തര ശ്രദ്ധ നേടിയ സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനുമായിരുന്നു ഷാജി എൻ.കരുൺ. സിനിമാ ജീവിതത്തിന്റെ 50 വർഷം പൂർത്തിയാക്കിയ വേളയിൽ സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ജെ.സി.ഡാനിയേൽ അവാർഡ് നേടിയിരുന്നു. കഴിഞ്ഞ വർഷം മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ഷാജി എൻ കരുണിന്റെ അഭിമുഖം.
50 വർഷത്തെ ചലച്ചിത്ര ജീവിതത്തിന്റെ ഉടമയാണ്. ഇതിൽ ഏറിയ കാലവും സ്വന്തം സിനിമയുണ്ടാക്കുക എന്നതിനപ്പുറം മലയാള സിനിമയുടെ വളർച്ചയ്ക്കു വേണ്ടിയാണ് പ്രയത്നിച്ചതെന്നു കാണാം?
ശരിയാണ്. ഏറെപ്പേർക്കും അറിയാത്തതോ അല്ലെങ്കിൽ വിസ്മൃതിയിലായതോ ആയ ഒന്നാണത്. അതിൽ വിഷമമില്ല. എന്റെ ദൗത്യങ്ങളിൽ ഇപ്പോഴും ശ്രദ്ധ പുലർത്തുകയാണ്. 1974ൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പാസായി തൊട്ടടുത്ത വർഷം അപ്പോൾ തുടക്കമിട്ട കെഎസ്എഫ്ഡിസിയിൽ ചേരുകയായിരുന്നു. അതിനെ തുടർന്ന് 1998 ൽ ചലച്ചിത്ര അക്കാദമി. രണ്ടിടത്തും എനിക്ക് ദൗത്യമുണ്ടായിരുന്നു.
മലയാള സിനിമയെ ലോകത്തിനു മുന്നിലേക്കു കൊണ്ടുവരിക എന്നതായിരുന്നു അതിൽ പ്രധാനം. കെഎസ്എഫ്ഡിസിയിൽ സ്റ്റുഡിയോ മാനേജരായി പ്രവർത്തിക്കുന്ന സമയത്ത് എഡിറ്റിങ്, റിക്കോർഡിങ്, ലാബ് സംവിധാനം തുടങ്ങി സിനിമാ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾക്കു വേണ്ടതെല്ലാമൊരുക്കി നമുക്കു പൂർണസജ്ജമാകാനായി എന്നതു ചാരിതാർഥ്യജനകമായ ഓർമയാണ്.
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) യാഥാർഥ്യമാക്കുന്നതിലും പങ്കു വഹിച്ചു?
ചലച്ചിത്ര അക്കാദമി വന്നതോടെയാണ് നമ്മുടെ മേളയ്ക്ക് ഒരു രാജ്യാന്തരമാനം കൈവന്നത്. അതിന് മുൻപ് ഫിലിമോത്സവവമാണു നടന്നത്. ലോകത്തെ മികച്ച സിനിമകൾ കേരളത്തിലേക്കു കൊണ്ടുവരിക, അവയുടെ മത്സരം സംഘടിപ്പിക്കുക, സിനിമകൾ വിലയിരുത്താൻ പ്രഗല്ഭരടങ്ങിയ ജൂറിയെ കണ്ടെത്തുക, ചലച്ചിത്രകാരന്മാരെ ഇവിടേക്കു കൊണ്ടുവരിക, രാജ്യാന്തര ഫെസ്റ്റിവൽ മാനദണ്ഡങ്ങൾ അനുസരിച്ചു സിനിമകൾ എത്തിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുക എന്നതെല്ലാം പ്രാരംഭദശയിൽ ശ്രമകരമായിരുന്നു.
‘പിറവി’ എഴുപതോളം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും 31 രാജ്യാന്തര പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ‘സ്വം’ കാനിൽ പാംദോറിന് നാമനിർദേശം ചെയ്തു. ‘വാനപ്രസ്ഥം’ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ചു. കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ച 3 ചിത്രങ്ങളുടെ സംവിധായകനെന്ന നേട്ടം അപൂർവമാണ് ?
കാനിൽ എനിക്കു കിട്ടിയ അംഗീകാരം മലയാള സിനിമയ്ക്കു കൂടി കിട്ടിയതാണ്. പായൽ കപാഡിയയുടെ ഇപ്പോഴത്തെ സിനിമ വരുന്നതിന് 30 വർഷം മുൻപാണ് ‘സ്വം’ അവിടെ മത്സരവിഭാഗത്തിൽ കാണിച്ചത്. പൊതുവേ ഇന്ത്യൻ സിനിമകൾ കാനിൽ എത്തിയിട്ടുണ്ടെങ്കിലും മത്സര വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നില്ല.
1989ൽ ‘പിറവി’ ക്കു ലഭിച്ച ആദ്യ ചാർലി ചാപ്ലിൻ പുരസ്കാരം അപ്രതീക്ഷിതമായിരുന്നോ?
എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായാണ് അതിനെ കാണുന്നത്. ലണ്ടൻ ടൈംസ് ഒന്നാം പേജിൽ എഴുതിയത് ‘അവാർഡ് ഷിഫ്റ്റ്്സ് ടു ഇന്ത്യ’ എന്നായിരുന്നു. ബ്രിട്ടിഷ് രാജ്ഞിയുടെ ശിൽപിയെന്നറിയപ്പെടുന്ന പാബ്ലോസി രൂപകൽപന ചെയ്ത ശിൽപം സമ്മാനമായി ലഭിച്ചു. മടക്കയാത്രയിൽ ബ്രിട്ടിഷ് എയർവേയ്സിൽ കയറുമ്പോൾ ഇതാ നമുക്കൊപ്പം ഇങ്ങനെയൊരു യാത്രക്കാരനുണ്ടെന്ന് അനൗൺസ്മെന്റ്. എല്ലാവരും എഴുന്നേറ്റു കയ്യടിച്ചു.
ഛായാഗ്രാഹകനെന്ന നിലയിൽ അരവിന്ദനുമായി ചേർന്നുള്ള ചലച്ചിത്ര സംരംഭങ്ങളെ എങ്ങനെ ഓർമിക്കുന്നു?
കെഎസ്എഫ്ഡിസിയിലുള്ളപ്പോഴായിരുന്നു ‘കാഞ്ചനസീത’. ചിത്രത്തിനു കിട്ടിയ അംഗീകാരങ്ങളും മറ്റും കെഎസ്എഫ്ഡിസിക്കു കിട്ടിയതായി കരുതാം. കാരണം ഏറ്റവും ആധുനികമായ സംവിധാനങ്ങളും ഉപകരണങ്ങളും കൊണ്ടാണ് അതു ഷൂട്ടുചെയ്തത്. തമ്പ്, കുമ്മാട്ടി, പോക്കുവെയിൽ പോലെയുള്ള സിനിമകളും മറക്കാനാവാത്ത അനുഭവമാണ്.
കെഎസ്എഫ്ഡിസിയുടെ ചെയർമാനെന്ന നിലയിൽ പുതിയ ഉത്തരവാദിത്തങ്ങൾ എന്തെല്ലാമാണ്?
സിനിമയ്ക്കു വേണ്ട ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുകയാണ് ലക്ഷ്യം. നമ്മുടെ സ്റ്റുഡിയോകൾ രാജ്യാന്തര നിലവാരമുള്ള പ്രൊഡക്‌ഷൻ സെന്ററുകളാക്കണം. അങ്ങനെയല്ലാത്തതു കൊണ്ടാണ് ഇവിടെ നിന്നുള്ള സിനിമകൾ അനുബന്ധ ജോലികൾക്കായി പുറത്തേക്കു പോകുന്നത്.
സിനിമയുടെ വളർച്ചയ്ക്കു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ വ്യക്തിപരമായി അങ്ങയുടെ സിനിമകൾ കുറയുന്നതിൽ ദുഃഖമില്ലേ?
വളരെയേറെ. ഹിന്ദിയിലടക്കം 8 സിനിമകൾ ചെയ്തു. ഇത്തരം കാര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കുറഞ്ഞത് 10 സിനിമകൾ കൂടിയെങ്കിലും ചെയ്യാമായിരുന്നു.