ഇനി മുമ്പെങ്ങുമില്ലാത്ത വിധം കത്തും: ഖാലിദിനൊപ്പമെന്ന് ജിംഷി; പിന്തുണച്ച നസ്ലിനു ചീത്ത വിളി

Mail This Article
ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്ത സംവിധായകൻ ഖാലിദ് റഹ്മാന്റെ ചിത്രം പങ്കുവച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ്. എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരുമെന്നും ചിത്രത്തോടൊപ്പം ജിംഷി ഖാലിദ് കുറിച്ചു. കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്തതിന് ഇന്നലെ അറസ്റ്റിലായ ഗായകൻ വേടന്റെ "എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ" എന്ന പാട്ടിനൊപ്പമാണ് ജിംഷി ഖാലിദ് സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
‘‘എരിതീയിൽ എണ്ണ പകർന്നതിനു നന്ദി. ഇനി ഈ ചെറുകനൽ മുമ്പെങ്ങുമില്ലാത്തവിധം ആളിപ്പടരാൻ പോകുന്നു.’’ ജിംഷി ഖാലിദ് കുറിച്ചു. ജിംഷി പങ്കുവച്ച ചിത്രത്തിന് നടൻ നസ്ലൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി അടക്കമുള്ളവർ കമന്റ് ചെയ്തിട്ടുണ്ട്. നസ്‍ലിന്റെ ലവ് ഇമോജി കമന്റിന് ‘ബ്രോ ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവും ലഹരിയും നാട്ടിൽ നോർമലൈസ് ആയി നാട്ടിലെ മൊത്തം പിള്ളേരും ഇതൊക്കെ അടിച്ചു നടക്കട്ടെ’’ എന്നാണ് ഒരാൾ മറുപടി കൊടുത്തിരിക്കുന്നത്.

ലുക്ക്മാന്റെ കമന്റിനും നിരവധിപേർ അസഭ്യം പറയുന്നുണ്ട്. ‘‘എന്റെ പടം കൂടി ഇടൂ’’ എന്നാണു നടൻ ശ്രീനാഥ് ഭാസി കമന്റ് ചെയ്തത്. ഒന്നു പുറകിലേക്ക് നോക്കൂ നീ എന്റെ തോളുരുമ്മി നിൽപ്പുണ്ട് എന്ന് ജിംഷി ഖാലിദ് മറുപടി നൽകി.

‘‘കഴിവ് ലഹരിക്ക് കൊടുത്തു നശിപ്പിക്കല്ലേ എന്ന് ചങ്ങാതിയോട് പറ’’ എന്നൊരാൾ കമന്റ്റ് ചെയ്തതിന് ‘‘എവറസ്റ്റ് ബേസ് ക്യാമ്പ് വരെ ട്രക്ക് ചെയ്യാൻ ധൈര്യമുള്ള ഒരാളോട് എനിക്ക് അത് പറയാൻ കഴിയില്ല’ എന്ന മറുപടിയാണ് ജിംഷി നൽകിയത്. ജിംഷിയുടെ പോസ്റ്റിന് നിരവധിയപേരാണ് പിന്തുണച്ചും വിമർശിച്ചും കമന്റ് രേഖപ്പെടുത്തുന്നത്.
ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ സുഹൃത്തും പിടിയിലായിരുന്നു. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷൈജു ഖാലിദ്, ഛായാഗ്രാഹകൻ ജിംഷി ഖാലിദ്, എന്നിവർ ഖാലിദ് റഹ്മാന്റെ സഹോദരന്മാരാണ്.
നസ്‌ലിനെ നായകനാക്കി ഒരുക്കിയ ‘ആലപ്പുഴ ജിംഖാന’യാണ് ഖാലിദ് റഹ്മാൻ അവസാനമായി സംവിധാനം ചെയ്ത സിനിമ. ജിംഷി ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ.