ADVERTISEMENT

ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പനി’ലെ തന്റെ ഷെഡ്യൂൾ പൂർത്തിയായതായി അറിയിച്ച് ബോളിവുഡ് താരം കബീർ ദുഹാൻ സിങ്. പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ കബീർ എത്തുന്നത്. ഉണ്ണി മുകുന്ദൻ നായകനായ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം മാർക്കോയിലെ വില്ലൻ വേഷത്തിനു ശേഷം കബീർ ദുഹാൻ സിങ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ താരമാണ് കബീർ ദുഹാൻ സിങ്. അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത മമ്മൂട്ടി- വൈശാഖ് ചിത്രം ടർബോയിലൂടെയാണ്. 

സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഒറ്റക്കൊമ്പൻ’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിർവഹിച്ചത് ഷിബിൻ ഫ്രാൻസിസ്.മീനച്ചിൽ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർഥ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഒറ്റക്കൊമ്പൻ' ഒരുക്കുന്നത്. സുരേഷ് ഗോപിയാണ് ഈ മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ക്ലീൻ ഫാമിലി ആക്‌ഷൻ ഡ്രാമ ആയി ഒരുക്കുന്ന ചിത്രം സുരേഷ് ഗോപി എന്ന നടനേയും താരത്തേയും ഒരുപോലെ ഉപയോഗിക്കുന്ന ചിത്രമായിരിക്കും.

ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുക. 

കോ പ്രൊഡ്യൂസേർസ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ഛായാഗ്രഹണം ഷാജികുമാർ, സംഗീതം ഹർഷവർദ്ധൻ രമേശ്വർ, എഡിറ്റിങ് വിവേക് ഹർഷൻ, ഗാനങ്ങൾ വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടർ സുധി മാഡിസൺ, പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് കെ.ജെ. വിനയൻ. ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജേർ പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ റോഷൻ, പിആർഒ ശബരി.

English Summary:

Bollywood actor Kabir Duhan Singh announced the completion of his schedule for the big-budget film 'Ottakomban'. Kabir is playing a police officer in the film.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com