ADVERTISEMENT

ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്നറിയിച്ച് നടി ലക്ഷ്മിപ്രിയ പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. വിവാഹമോചിതയായെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയ നടി അധികം വൈകാതെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ഫെയ്സ്ബുക്കിൽ നിന്നും കുറിപ്പ് പിൻവലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മാറി. 

‘‘ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു.പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്.

വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വർധിക്കുന്നത്.  കൗമാരം മുതൽ ഈ വയസ്സ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷനൽ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്‌ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. 

എല്ലാം എന്റെ പ്രശ്നമാണ്. ആയതിനാൽ ചേർത്തു വച്ചാലും ചേരാത്ത ജീവിതം, അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. ഞാൻ സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ‌ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷനൽ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കൾ ഇതൊക്കെ മാനിക്കാൻ അപേക്ഷിക്കുന്നു.’’–ലക്ഷ്മിപ്രിയയുടെ കുറിപ്പിൽ നിന്നും.

2005ല്‍ ആയിരുന്നു ലക്ഷ്മിപ്രിയയുടേയും ജയേഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്, പേര് മാതംഗി. സംഗീതജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് ജയേഷ്. 

ടെലിവിഷൻ പരിപാടികളിലൂടെയാണ് ലക്ഷ്മിപ്രിയ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2005ൽ ‘നരൻ’എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ട് സിനിമയിലെത്തി.  2010-ൽ സത്യൻ അന്തിക്കാട് ‌- ജയറാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയിലെ വേഷം ലക്ഷ്മിപ്രിയയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. തുടർന്ന് എൺപതോളം സിനിമകളിൽ ലക്ഷ്മിപ്രിയ അഭിനയിച്ചു. അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളാണ്. മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസിലും മത്സരാർഥിയായി നടി പങ്കെടുത്തിരുന്നു.

English Summary:

Actress Lakshmi Priya's Deleted Facebook Post Sparks Viral Divorce Speculation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com