കലക്‌ഷനിൽ അടിപതറാതെ ‘റെട്രോ’; കേരളത്തിൽ നിന്നും 2.5 കോടി; കലക്‌ഷൻ റിപ്പോർട്ട്

Mail This Article
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും തിയറ്ററുകളിൽ മികച്ച കലക്‌ഷനുമായി സൂര്യ ചിത്രം റെട്രോ. 17.75 കോടിയാണ് ചിത്രം തമിഴ്നാട്ടിൽ നിന്നും ആദ്യദിനം വാരിയത്. റിലീസ് ദിവസം ഏറ്റവുമധികം ഗ്രോസ് ലഭിക്കുന്ന സൂര്യ ചിത്രമായും റെട്രോ മാറി. േകരളത്തില്‍ നിന്നുളള കലക്‌ഷൻ 2.5 കോടിയാണ്. കർണാടകയിൽ നിന്നും നേടിയത് 3 കോടി.
സിനിമയുടെ ആഗോളകലക്‌ഷൻ 35 കോടിയാണ്. അജിത്തിന്റെ സിനിമകളായ ഗുഡ് ബാഡ് അഗ്ലി (51 കോടി), വിടാമുയർച്ചി (48 കോടി) എന്നിവയാണ് ഈ വർഷം ആഗോള കലക്‌ഷനിൽ ഏറ്റവുമധികം ഗ്രോസ് നേടിയത്. ഇതിൽ മൂന്നാമതാണ് റെട്രോ.
നടന്റെ ആരാധകരെ പൂർണമായും തൃപ്തിപ്പെടുന്ന തരത്തിലുള്ള മേക്കിങ് ആണ് സിനിമയുടേതെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ ചിത്രത്തിനു വൻ സ്വീകരണമാണെങ്കിലും കേരളത്തില്‍ തണുത്ത പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ‘കങ്കുവ’യുടെ ദയനീയമായ പരാജയത്തിനുശേഷം റിലീസിനെത്തുന്ന സൂര്യ ചിത്രം കൂടിയാണിത്. പ്രണയവും പ്രതികാരവുമൊക്കെ നിറഞ്ഞ സിനിമ 1990കളിലെ കഥയാണ് പറയുന്നത്. 168 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.
കഥയിലെ പുതുമയില്ലായ്മ സിനിമയുടെ പ്രധാന പോരായ്മയാണെങ്കിലും അതിനെ തന്റെ മേക്കിങിലൂടെ മറികടക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. വെസ്റ്റേൺ ഹോളിവുഡ് ക്ലാസിക് സിനിമകളിലെ അനുസ്മരിപ്പിക്കുന്ന അവതരണശൈലിയാണ് ഇത്തവണ കാർത്തിക് പരീക്ഷിച്ചിരിക്കുന്നത്. ചില സീനുകൾ ക്ഷമയെ പരീക്ഷിക്കുന്നുണ്ടെങ്കിലും ഒരു പരിധിവരെ സംവിധായകൻ ഇതിൽ വിജയിക്കുന്നുമുണ്ട്.
പാരിവേൽ എന്ന ഗ്യാങ്സ്റ്ററായി സൂര്യ ചിത്രത്തിലെത്തുന്നു. രുക്മിണിയുടെ വേഷത്തിൽ പൂജ ഹെഗ്‍ഡെ കരിയറിലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും കേൾക്കുന്നു. സൂര്യയുടെ അച്ഛനായി എത്തുന്നത് ജോജുവാണ്. തിലകൻ എന്ന ഗ്യാങ്സ്റ്ററുടെ വേഷത്തിൽ ജോജുവും തിളങ്ങുന്നു. സ്വാസികയാണ് സൂര്യയുടെ അമ്മ വേഷത്തിലെത്തുന്നത്.
ചാപ്ലിൻ പ്യാരിവേല്‍ എന്ന മലയാളി ഡോക്ടറായി ജയറാം തകർത്തഭിനയിച്ചു. നാസർ, സുജിത് ശങ്കർ, കരുണാകരൻ, സിങ്കംപുലി, വിധു, അവിനാശ്, തരക്, പ്രേം കുമാർ, ഉദയ് മഹേഷ്, രമ്യ സുരേഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.