ADVERTISEMENT

ഉത്സവകാലത്ത് അമ്പലത്തിൽ നിന്നുള്ള ശബ്ദകോലാഹലങ്ങൾക്കെതിരെ പ്രതികരിച്ച് നടി അഹാന.  വീടിനു സമീപം വച്ചിരിക്കുന്ന കോളാമ്പിയിൽ നിന്ന് കാതടപ്പിക്കുമാറ് വരുന്ന പാട്ടുകളുടെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ വിമർശനം.  ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ നടക്കുന്നത് കാണാൻ താല്പര്യമുള്ളവർ അവിടെ വന്നു കാണുമെന്നും എല്ലാവരെയും കോളാമ്പി വച്ച് അറിയിക്കേണ്ട ആവശ്യമില്ല എന്നും അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.  അമ്പലത്തിൽ നിന്ന് ഭക്തിഗാനത്തിന് പകരം തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നതെന്ന് അഹാന പറയുന്നു.  ‘ഇതാണോ കാവിലെ പാട്ടുമത്സരം’ എന്ന് ചോദിച്ച അഹാന ഒരാഴ്ചയിലേറെ ആയിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നും കുറിച്ചിട്ടുണ്ട്. 

"ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ചെവിക്ക് തകരാറു സംഭവിക്കുന്ന തരത്തിൽ ഒരു സ്പീക്കറിലൂടെ കേൾക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്നാണ് അമ്പലങ്ങളുടെ ഭാരവാഹികൾ കരുതുന്നതെങ്കിൽ തെറ്റി.  നിങ്ങൾ അങ്ങനെ അനുമാനിക്കുന്നത് നിർത്തേണ്ട സമയം അതിക്രമിച്ചു.  ഇത്തരത്തിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 10-11 മണിവരെ ഉച്ചത്തിൽ പാട്ടുവച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തി ഒരു ആഴ്ചയിലേറെയായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്.  ഇത് കേൾക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര പരിസരത്ത് പോയി ഇത് കേൾക്കും." അഹാന കുറിച്ചു.

ahaana-status
അഹാന കൃഷ്ണയുടെ സ്റ്റാറ്റസ്

ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടു കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്പലത്തിൽ നിന്നുവന്ന പാട്ടുകേട്ട് അഹാന ഞെട്ടി. "സരക്ക് വച്ചിരിക്കെ ഇറക്കി വച്ചിരിക്കെ കറുത്ത കോഴി മുളക് പോട്ട് വറുത്ത് വച്ചിരിക്കെ" എന്ന തമിഴ് ഡപ്പാം കൂത്ത് പാട്ടാണ് അമ്പലത്തിൽ നിന്ന് കേട്ടത്.  "അമ്പലത്തിൽ ഇടാൻ പറ്റിയ സൂപ്പർ പാട്ട്, ഹര ഹരോ ഹര ഹര" എന്നാണ് അഹാന വീണ്ടും സ്റ്റാറ്റസിൽ കുറിച്ചത്.

പിറ്റേന്ന് രാവിലെ ആയിട്ടും അമ്പലത്തിൽ നിന്നുവരുന്ന ശബ്ദകോലാഹലത്തിനു ഒരു മാറ്റവും ഇല്ല എന്ന് അഹാന കൃഷ്ണ പറയുന്നു.  "സുപ്രഭാതം, ഇതാണോ ഈ കാവിലെ പാട്ടുമൽസരം എന്ന് പറയുന്ന സാധനം". തുടർന്ന് കാതുപൊട്ടുന്ന കോളാമ്പി ശബ്ദത്തിനൊടുവിൽ പാട്ടുകേട്ട് തലവേദനയായ തന്റെ ഫോട്ടോ സ്റ്റോറിൽ പോസ്റ്റ് ചെയ്തുകൊണ്ട്, "വയ്യ എനിക്ക് ഈ പാട്ടുകാരെക്കൊണ്ട്" എന്നും അഹാന കുറിച്ചിട്ടുണ്ട്.

English Summary:

Actress Aahaana Krishna criticizes excessive noise from a temple during a festival, sharing her frustration on Instagram about loudspeakers and disruptive "Dapankoothu" music.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com