ആവണിക്കു പൊള്ളലേറ്റപ്പോൾ സൂര്യ സർ ഓടിയെത്തി, മമ്മൂക്ക ഡോക്ടറെ നിർദേശിച്ചു: അഞ്ജലി നായർ

Mail This Article
നടൻ സൂര്യ നായകനായെത്തിയ ‘റെട്രോ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് മകൾക്ക് പൊള്ളലേറ്റ വിവരം പങ്കുവച്ച് നടി അഞ്ജലി നായർ. അഞ്ജലിയുടെ മകൾ ആവണി ചിത്രത്തിൽ ബാലതാരമായി എത്തിയിരുന്നു. ഷൂട്ടിങ്ങിനിടെ കാശിയിൽ വച്ച് ചിത കത്തിക്കുന്ന സീനിൽ കാറ്റടിച്ച് മകളുടെ കയ്യിലേക്ക് തീ പടരുകയായിരുന്നുവെന്ന് അഞ്ജലി പറയുന്നു. ലൊക്കേഷനിൽ സൂര്യ ഉണ്ടായിരുന്നില്ലെങ്കിലും വിവരമറിഞ്ഞ് അദ്ദേഹം ഓടിയെത്തി മകളെ ആശ്വസിപ്പിച്ചു അണിയറപ്രവർത്തകർ ഡോക്ടറുടെ നിർദേശപ്രകാരം വേണ്ടതെല്ലാം ചെയ്‌തെന്നും ആ ദിവസത്തെ ഷൂട്ടിങ് പൂർത്തിയാക്കിയാണ് മകൾ മടങ്ങിയതെന്നും അഞ്ജലി നായർ പറയുന്നു. മകൾ നാട്ടിലെത്തിയപ്പോൾ നടൻ മമ്മൂട്ടി ഫോൺ ചെയ്ത് വിവരങ്ങൾ അന്വേഷിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഡോക്ടറെ കാണിക്കുകയും ചെയ്തു. കയ്യിൽ വലിയ പൊള്ളലേറ്റിട്ടും മകൾ അതെല്ലാം സഹിച്ച് ഷൂട്ടിങ് പൂർത്തിയാക്കിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും അഞ്ജലി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘റെട്രോ എന്ന സിനിമയിൽ നായികയായ പൂജ ഹെഗ്ഡെയുടെ ബാല്യകാലം ആണ് മകൾ ആവണി അഭിനയിച്ചത്. കാശിയിൽ ചിതകൾ കത്തുന്നിടത്തായിരുന്നു ഷൂട്ട്. അതിൽ മോള് ഒരു ചിത കത്തിക്കുന്ന സീൻ ഉണ്ട്. ആ സീനിനിടയിൽ വല്ലാതെ കാറ്റടിച്ചപ്പോൾ അവളുടെ ദേഹത്തേക്ക് തീ അടിച്ചു. പെട്ടെന്നായതുകൊണ്ട് സെറ്റിൽ ഉള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മോളുടെ കയ്യ് നന്നായി പൊള്ളി, കണ്ണിന്റെ കുറച്ചു ഭാഗം പുരികം, ചെവി, മുടി ഒക്കെ ചെറുതായി പൊള്ളി. കയ്യ് ചിതയിലേക്ക് നീട്ടി വച്ചിരിക്കുകയായിരുന്നു അതുകൊണ്ട് ആ കയ്യിൽ ആണ് കൂടുതൽ പൊള്ളലേറ്റത്.

ഒരു ആൺകുട്ടിയും ആ സീനിൽ അവൾക്കൊപ്പമുണ്ടായിരുന്നു, ആ കുട്ടിക്ക് ഒന്നും പറ്റിയില്ല. ഭാഗ്യത്തിനാണ് വസ്ത്രത്തിലേക്കു തീ പടരാതിരുന്നത്. അവർ പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ച് ഫസ്റ്റ് എയിഡ് കൊടുത്തു. സൂര്യ ആ സീനിൽ ഉണ്ടായിരുന്നില്ല, എന്നിട്ടും അദ്ദേഹം ഷൂട്ടിങ് സ്ഥലത്തേക്ക് ഓടിയെത്തി മകളെ ആശ്വസിപ്പിച്ചു. മകൾ ആ ഒരു സീനിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ അമ്മയാണ് അവളോടൊപ്പം ഷൂട്ടിങ്ങിന് പോയത്. കുറച്ചു സമയം റെസ്റ്റ് എടുത്തതിനു ശേഷം വൈകുന്നേരം അവൾ വീണ്ടും ഷൂട്ടിങ്ങിന് എത്തി.
അവളുടെ സീനുകൾ മുഴുവൻ ചെയ്തു തീർന്നതിനു ശേഷമാണ് മടങ്ങിയത്. പൊള്ളിയതിനു ശേഷവും അവൾ എങ്ങനെ വീണ്ടും അഭിനയിച്ചു എന്നത് എനിക്കിപ്പോഴും അദ്ഭുതമാണ്. ഒരു ചെറിയ പൊള്ളൽ വന്നാൽ പോലും നമുക്ക് സഹിക്കാൻ പറ്റില്ലല്ലോ. അവളുടെ കയ്യ് നന്നായി പൊള്ളിപ്പോയിരുന്നു. പിറ്റേന്ന് രാവിലെ 3 മണിക്ക് എഴുന്നേറ്റ് കയ്യ് നനക്കാതെ കുളിച്ച് ഭഗവാനെ തൊഴുതിട്ടാണ് അവൾ മടങ്ങി വന്നത്.
അവൾ നാട്ടിലെത്തിയതിനു ശേഷം മമ്മൂക്ക ഈ വിവരം അറിഞ്ഞു. അദ്ദേഹം ഞങ്ങളെ വിളിച്ചു, അദ്ദേഹത്തിന്റെ നിർദേശപ്രകാരം മറ്റൊരു ഡോക്ടറെ കാണിച്ചു. പിന്നെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഇതുപോലെ സംഭവിച്ചപ്പോൾ കാണിച്ച ഡോക്ടറെക്കുറിച്ച് വിഷ്ണുവും പറഞ്ഞു തന്നു, രണ്ടുപേരെയും കാണിച്ചു. കയ്യിൽ മരുന്ന് തേച്ച് കെട്ടിവച്ചു. കുറെ ദിവസം കഴിഞ്ഞാണ് കയ്യിലെ പൊള്ളൽ ഭേദമായത്. കെട്ടിവച്ചതു ഇടയ്ക്കു അഴിക്കുമ്പോൾ അവൾക്ക് ഭയങ്കര വേദനയുണ്ടായിരുന്നു.

സൂര്യ സർ സെറ്റിൽ വന്ന് അവളോട് സംസാരിച്ചത് അവൾക്ക് ഭയങ്കര സന്തോഷമായി. സൂര്യ സാർ തിരുവനന്തപുരത്ത് പടത്തിന്റെ ലോഞ്ചിന് വന്നപ്പോൾ അവളെ സ്റ്റേജിലേക്ക് വിളിച്ച് ഇതിനെപ്പറ്റി പറഞ്ഞിരുന്നു. അവളുടെ ധൈര്യത്തെപ്പറ്റി പറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചു. ഇപ്പോൾ ‘റെട്രോ’ റിലീസ് ആയപ്പോൾ ഞങ്ങൾ എല്ലാവരും തിയറ്ററിൽ പോയി കണ്ടു, എല്ലാവർക്കും ഒരുപാട് ഇഷ്ടമായി.
മകൾ പഠനത്തോടൊപ്പം അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇനി വരാനുള്ളത് വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘റിവോൾവർ റിങ്’ എന്ന ചിത്രമാണ്. പിന്നെ കലേഷ് നായകനായ ഫേസസ് എന്ന ചിത്രവും വരുന്നുണ്ട്. ഇപ്പോൾ ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് സ്കൂൾ തുറക്കാൻ കാത്തിരിക്കുന്നു. എളമക്കര അശോക വേൾഡ് സ്കൂളിൽ ആണ് പഠിക്കുന്നത്. അവൾക്ക് മിസ് ആകുന്ന ക്ലാസ്സുകളിലെ നോട്ട് എല്ലാം ഓൺലൈൻ ആയി അധ്യാപകർ അയച്ചു തരും. മിസ് ആകുന്ന പരീക്ഷ എല്ലാം ഒറ്റയ്ക്ക് ഇരുന്ന് എഴുതും. പഠനവും നല്ലതുപോലെ അവൾ കൊണ്ടുപോകുന്നുണ്ട്.’’ അഞ്ജലി നായർ പറഞ്ഞു.