‘പണി 2’ ഈ വർഷം; ആദ്യ ഭാഗത്തേക്കാള്‍ തീവ്രത; പുതിയ മുഖങ്ങൾ

Mail This Article
ജോജു ജോർജിന്റെ സൂപ്പർഹിറ്റ് ചിത്രം ‘പണി’ക്കു രണ്ടാം ഭാഗം വരുന്നു. ‘പണി’ സിനിമയുടെ കഥയുടെ തുടർച്ചയായല്ല രണ്ടാം ഭാഗം എത്തുന്നത്. അതിലെ കഥാപാത്രങ്ങളും ഇതിലുണ്ടാകില്ല. എന്നാൽ ‘പണി’യിലെ പ്രധാന അഭിനേതാക്കളെല്ലാം രണ്ടാം ഭാഗത്തിലും അണിനിരക്കും. ആദ്യ ഭാഗത്തേക്കാള്‍ തീവ്രത നിറഞ്ഞതാകും രണ്ടാം ഭാഗമെന്ന് ജോജു ജോർജ് പറയുന്നു.
‘‘പണി 2യുടെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിങ്ങിന് തയാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ, കഥാപാത്രങ്ങൾ...എല്ലാം പുതിയതായിരിക്കും, പണിയുടെ തുടർച്ച ആയിരിക്കില്ല പണി 2. ഇന്ത്യയിലെ മുൻനിര സാങ്കേതിക വിദഗ്ധർ ആയിരിക്കും ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത്.’’–ജോജു ജോർജിന്റെ വാക്കുകൾ.
ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത്. ജോജു തന്നെയാണ് തിരക്കഥയും സംവിധാനവും. ഇതൊരു ഫ്രാഞ്ചൈസിയായി ഒരുക്കാനാണ് ജോജുവിന്റെ തീരുമാനം. അതിൽ മൂന്നാമത്തേതായ ‘പണി 3’ ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും, അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും.
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രവും അതോടൊപ്പം തന്നെ ജോജു എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും ആയിരുന്നു ‘പണി’. സാഗർ, ജുനൈസ് എന്നിവരുടെ വില്ലൻ വേഷവും അഭിനയയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.