‘ജയിലർ 2’വിൽ രജനിക്കും മോഹൻലാലിനുമൊപ്പം ലിച്ചി; സസ്പെൻസ് പൊട്ടിച്ച് നടി

Mail This Article
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’വിൽ അന്ന രേഷ്മ രാജനും (ലിച്ചി). നടി തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. ഇതിഹാസ താരമായ രജനികാന്തിനെ നേരിട്ടു കണ്ടുവെന്നും അദ്ദേഹത്തിനൊപ്പം ‘ജയിലർ2’വിൽ അഭിനയിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നും ലിച്ചി പറഞ്ഞു.
കോഴിക്കോട് ചെറുവണ്ണൂരിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് ഇത്. ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്. കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം
പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് രജനി കോഴിക്കോട് എത്തിയത്. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താമസം. പാലക്കാട് ഏകദേശം ഇരുപത് ദിവസത്തോളം ചിത്രീകരണം നീണ്ടിരുന്നു. ഷോളയൂർ ഗോഞ്ചിയൂർ, ആനകട്ടി എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. മാർച്ചിൽ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങിയിരുന്നു.
അനിരുദ്ധ് രവിചന്ദർ തന്നെയാണ് സംഗീതം നിർവഹിക്കുന്നത്. ജയിലറിലെ താരങ്ങൾക്കൊപ്പം പുതിയ കുറച്ച് ആളുകളും ഇത്തവണ എത്തുന്നുണ്ട്. മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നു. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയാണ് പുതിയ അതിഥി. സുരാജ് വെഞ്ഞാറമ്മൂട് ആകും ഇത്തവണ വില്ലനായി എത്തുക.
2023ൽ ആയിരുന്നു ‘ജയിലർ’ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെ ചിത്രം വാരി. വിനായകന്റെ വില്ലൻ വേഷവും ശ്രദ്ധേയമായി.
മിർണ മേനോൻ, യോഗി ബാബു, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വിടിവി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ.നിർമൽ.