‘വീണ്ടും റീമേക്ക്, സീൻ ബൈ സീൻ കോപ്പി’; ആമിറിന്റെ ‘സിത്താരെ സമീൻ പർ’ ട്രെയിലറിനു വിമർശനം

Mail This Article
ആമിർ ഖാന്റെ സൂപ്പർഹിറ്റ് സിനിമകളിലൊന്നായ ‘താരേ സമീൻപർ’ രണ്ടാം ഭാഗം ‘സിത്താരേ സമീൻ പർ’ ട്രെയിലർ എത്തി. ആദ്യ ഭാഗത്തിലെ കഥയോ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ സിനിമ ഒരു സ്പിരിച്വൽ സ്പിൻഓഫ് എന്ന രീതിയിലാണ് അണിയറക്കാർ അവതരിപ്പിക്കുന്നത്. ഡൗൻ സിൻഡ്രോമുളള കൗമാരക്കാരെ ബാസ്‌ക്കറ്റ്ബോൾ പഠിപ്പിച്ച് മത്സരത്തിനിരക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാധ്യാപകന്റെ വേഷമാണ് ആമിർഖാൻ ചെയ്യുന്നത്.
സ്പാനിഷ് ചിത്രമായ ചാംപ്യൻസിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണിത്. സ്പാനിഷ് ചിത്രത്തിന്റെ സീൻ ബൈ സീൻ കോപ്പി ആണെന്നും ഒരു മാറ്റവുമില്ലാതെയാണ് ആമിർ ഖാൻ ഹിന്ദിയിലേക്ക് ചിത്രം എടുത്തിരിക്കുന്നതെന്നും വിമർശനമുണ്ട്. ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ ഗംപ് റീമേക്ക് ആയിരുന്ന ലാൽ സിങ് ഛദ്ദ പരാജയപ്പെട്ടിട്ടും ആമിർ ഖാനെ പോലെ ഒരു നടൻ എന്തിനാണ് വീണ്ടും റീമേക്കുകൾക്ക് പിന്നാലെ പോകുന്നതെന്നും ആരാധകർ ചോദിക്കുന്നു.
‘താരേ സമീൻ പർ’ ചിത്രത്തിൽ നായകവേഷം ചെയ്തതിന് പുറമെ ചിത്രം സംവിധാനം ചെയ്തതും ആമിർ ഖാൻ ആയിരുന്നെങ്കിൽ, ഇക്കുറി പ്രസന്ന ആർ.എസ്. ആണ് സംവിധാനം. വൈകാരിക രംഗങ്ങൾ അധികമില്ലാതെ കോമഡി ഫാമിലി എന്റർടെയ്നറായാണ് ‘സിത്താരേ സമീൻ പർ’ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ആമിർ ഖാനൊപ്പം ജെനീലിയ ദേശ്മുഖും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ‘തിരികെ’ സിനിമയിലൂടെ ശ്രദ്ധേയനായ ഗോപീകൃഷ്ണനും ആമിറിനൊപ്പം സിനിമയിൽ അഭിനയിക്കുന്നു. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ശങ്കർ -എഹ്സാൻ -ലോയ് ആണ് സംഗീതം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്. ലാൽ സിംഗ് ഛദ്ദ ആയിരുന്നു അവസാനമായി തിയേറ്ററിലെത്തിയ ആമിർ ചിത്രം.
ആമിർഖാൻ ടാക്കീസ് നിർമിച്ചിരിക്കുന്ന ചിത്രം ജൂൺ 20 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.