3 മിനിറ്റ് രംഗത്തിന് 4.5 കോടി; ‘ഭഗവന്ത് കേസരി’യിലെ ഒരേയൊരു രംഗത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ‘ജനനായകൻ’ ടീം

Mail This Article
നന്ദമൂരി ബാലകൃഷ്ണ ചിത്രമായ ‘ഭഗവന്ത് കേസരി’യിലെ ഒരേയൊരു രംഗത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി വിജയ്‍യുടെ ‘ജനനായകൻ’ നിർമാതാക്കൾ. കുട്ടികൾക്കായി ഗുഡ് ടച്ച് ബാഡ് ടച്ച് വിശദീകരിച്ചുകൊടുക്കുന്ന ബാലകൃഷ്ണയുടെ ഡയലോഗ് ഉൾപ്പെടുന്ന രംഗമാണ് ജനനായകനിൽ വിജയ് പുനസൃഷ്ടിക്കുക. 4.5 കോടിക്കാണ് മൂന്ന് മിനിറ്റിനടുത്തു വരുന്ന ഈ രംഗത്തിന്റെ പകർപ്പവകാശം ടീം സ്വന്തമാക്കിയത്.
നേരത്തെ ജനനായകൻ, ‘ഭഗവന്ത് കേസരി’യുടെ റീമേക്ക് ആണെന്ന് റിപ്പോർട്ട് വന്നെങ്കിലും അണിയറ പ്രവർത്തകര്‍ അത് നിഷേധിച്ചിരുന്നു. വിജയ്‍യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ആണ്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രം കൂടിയാണിത്.
അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയയുമാണ് സഹനിർമാണം.
ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്‌ഷന്‍: അനിൽ അരശ്, ആർട്ട്: വി സെൽവ കുമാർ, എഡിറ്റിങ്ങ് പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ, പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.