ലഹരിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് മോഹൻലാലും വിശ്വശാന്തി ഫൗണ്ടേഷനും

Mail This Article
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ മയക്കുമരുന്ന് വിരുദ്ധ ക്യാംപെയ്നിനു തുടക്കം കുറിച്ചുകൊണ്ട് വിശ്വശാന്തി ഫൗണ്ടേഷൻ. ‘ബി എ ഹീറോ’ എന്ന പേരിട്ടിരിക്കുന്ന ഈ ക്യാംപെയ്ൻ യുവാക്കളെ സ്വപ്നം കാണാനും ജീവിതം തന്നെ ഒരു ലഹരിയായി കാണാൻ അവരെ പ്രേരിപ്പിക്കാനും ലക്ഷ്യമിടുന്നു. ജനങ്ങൾ കാഴ്ചക്കാർ ആകാതെ കാവൽക്കാരായി മാറേണ്ട സമയമാണിതെന്നും ഒരു വലിയ വിപത്തിനെതിരെ പോരാടുന്ന ഹീറോകളായി നമ്മുടെ യുവതലമുറയെ മാറ്റിയെടുക്കാമെന്നും മോഹൻലാൽ പറയുന്നു. മയക്കുമരുന്നിനെതിരെ ഒരുവർഷം നീളുന്ന വലിയ കർമ പരിപാടികളാണ് വിശ്വശാന്തി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
‘‘വിശ്വശാന്തി ഫൗണ്ടേഷൻ "ബി എ ഹീറോ" എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന മയക്കുമരുന്ന് വിരുദ്ധ ക്യാംപെയ്ൻ സംഘടിപ്പിക്കുകയാണ്. സ്വപ്നം കാണുകയും വിജയകരമായ ജീവിതം കൈവരിക്കുകയും ചെയ്യുക എന്നതാണ് ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഉന്നതി, ഈ യാത്രയിൽ യുവാക്കളോടൊപ്പം നമ്മൾ പ്രതിജ്ഞാബദ്ധരാവുകയാണ്. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ നിങ്ങൾ ഒരു ഹീറോയാവുക. നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ അത് ഉപയോഗിക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. മയക്കുമരുന്നിനോട് നോ പറയുക.
വരുംതലമുറയുടെ ഭാവിയെയും സന്തോഷങ്ങളെയും തകർക്കുന്ന മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരെ നാം ഓരോരുത്തരും കൈകോർക്കേണ്ട സമയമാണിത്. കാഴ്ചക്കാർ ആകാതെ കാവൽക്കാരായി മാറേണ്ട സമയം. നാളെ നമ്മുടെ നാടിനെ നയിക്കേണ്ട കൊച്ചു കുട്ടികളെ പോലും വലയിൽ വീഴ്ത്തുന്ന ഈ അപകടത്തെ തിരിച്ചറിയുകയും തടയുകയും ചെയ്യേണ്ടത് നമ്മുടെ ഈ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
മയക്കുമരുന്നിനെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബി എ ഹീറോ എന്ന ക്യാമ്പയിൻ വിശ്വശാന്തി ഫൗണ്ടേഷൻ മേയ് 21ന് തുടക്കം കുറിക്കുകയാണ്. ഈ കർമ പരിപാടിയിലൂടെ ജീവിത വിജയത്തെയും സ്വപ്നങ്ങളെയും ലഹരിയായി കാണാൻ യുവതലമുറയെ നമുക്ക് പഠിപ്പിക്കാം. നമ്മുടെ കുഞ്ഞുങ്ങൾക്ക് കരുതലിന്റെ പാഠങ്ങൾ കൈമാറാം. ഒരു വലിയ വിപത്തിനെതിരെ പോരാടുന്ന ഹീറോകളായി നമ്മുടെ യുവതലമുറയെ മാറ്റിയെടുക്കാം. ഡ്രഗ്സ് നമ്മൾ ഉപയോഗിക്കില്ല നമ്മുടെ കൂട്ടുകാരും ഉപയോഗിക്കില്ല, ബി എ ഹീറോ, സേ നോ ടു ഡ്രഗ്സ്. എന്നെ അറിയാവുന്നവരോട് എപ്പോഴും ഞാൻ പറയുന്ന ഒരു കാര്യമുണ്ട് ‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’.’’–മോഹൻലാൽ പറഞ്ഞു.