മോഹൻലാലിനു പിറന്നാൾ സർപ്രൈസുമായി കാർത്തികയും ‘ഉണ്ണികളെ’ താരങ്ങളും

Mail This Article
ജന്മദിനത്തിൽ മോഹൻലാലിന് ആശംസകൾ നേർന്ന് കാർത്തികയും ‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയിലെ ‘കുട്ടി’ താരങ്ങളും. ‘തുടരും’ സിനിമയുടെ വിജയത്തിളക്കത്തിൽ നിൽക്കുന്ന മോഹൻലാലിന് ഇനിയും വലിയ വിജയങ്ങളും ആയുരാരോഗ്യസൗഖ്യവും ആശംസിച്ചുകൊണ്ടാണ് കുട്ടിത്താരങ്ങൾ എത്തിയത്. യദു കൃഷ്ണൻ, വിധു കൃഷ്ണൻ, വിമൽ, ബോബൻ, പ്രശോഭ്, ചൈതന്യ, കാർത്തിക്, വിദ്യ, അഭിജിത്ത്, സ്വപ്ന എന്നിവരാണ് മോഹൻലാലിന് ആശംസളുമായി എത്തിയത്.
കുട്ടിത്താരങ്ങൾക്കൊപ്പം ‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയിലെ നായിക കാർത്തികയും മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നു. ‘ലാലു’ എന്നു വിളിച്ചുകൊണ്ടായിരുന്നു കാർത്തികയുടെ ജന്മദിനാശംസ. കാർത്തികയുടെ വാക്കുകൾ ഇങ്ങനെ: ‘‘ഹായ് ലാലു... ജന്മദിനാശംസകൾ. ആരോഗ്യവും സന്തോഷവും നൽകിയ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഈ വർഷത്തെ ജന്മദിനം ഒരുപാട് സ്പെഷൽ ആണെന്ന് എനിക്കറിയാം. കാരണം, മറ്റൊരാൾക്കും സാധിക്കാത്ത തരത്തിൽ ബോക്സ്ഓഫിസ് തകർത്തുകൊണ്ടു മുന്നേറുകയാണ് ലാലു. ലോകത്തുള്ള എല്ലാ മലയാളികളും ഈ ദിവസം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നു. അനുഗ്രഹങ്ങളുടെ ദിവസമാകട്ടെ ഈ ജന്മദിനം.’’
‘ഉണ്ണികളെ ഒരു കഥ പറയാം’ താരങ്ങളുടെ കഴിഞ്ഞ വർഷത്തെ ജന്മദിനാശംസ വിഡിയോയുടെ തുടർച്ചയായി സിനിമയിലെ അണിയറപ്രവർത്തകരുടെ ഒരു സംഗമം മനോരമ ഓൺലൈനിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു വച്ച് നടന്നിരുന്നു. മോഹൻലാൽ, സംവിധായകൻ കമൽ എന്നിവരുൾപ്പടെ ആ സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവരുടെ ഒത്തുചേരൽ മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ അപൂർവ കൂടിച്ചേരലായി.
അന്നത്തെ പോലെ ഈ വർഷവും ഒത്തുചേരൽ നടത്താൻ ആഗ്രഹമുണ്ടെന്നും അതിലേക്ക് മോഹൻലാൽ എത്തിച്ചേരണമെന്നുമുള്ള അഭ്യർഥനയും കുട്ടിത്താരങ്ങൾ മുൻപോട്ടു വച്ചു. അന്ന് സിനിമയിൽ അഭിനയിച്ച കുട്ടിത്താരങ്ങളിൽ അമിത് ഒഴികെയുള്ളവരെ കഴിഞ്ഞ വർഷം കണ്ടെത്തി ഒരുമിച്ചു കൂട്ടിയിരുന്നു. ഈ വർഷമെങ്കിലും അമിത്തിനെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയും താരങ്ങൾ പങ്കുവച്ചു.