‘മനു അങ്കിൾ’ മുതൽ ‘ജയിലർ’ വരെ; അതിഥിയായി എത്തി കയ്യടി നേടിയ മോഹൻലാൽ

Mail This Article
ഫാഷൻ ഷോകളിൽ മോഡൽസിനൊപ്പം ഷോ സ്റ്റോപ്പേഴ്സായി സെലിബ്രിറ്റികൾ എത്താറുണ്ട്. അതുവരെ റാംപിൽ നിറഞ്ഞ് നിന്ന് സകല മോഡൽസിനെയും നിഷ്പ്രഭരാക്കിയാവും അവരുടെ അപ്രതീക്ഷിത എൻട്രി. അതിഥി വേഷങ്ങളിൽ എത്തി സിനിമയിലെ പ്രധാന അഭിനേതാക്കളെ അപ്രസക്തരാക്കി പ്രേക്ഷകരുടെ കയ്യടി വാരി കൂട്ടുന്ന താരങ്ങളെ പോലെ. മികച്ച അഭിനേതാക്കൾക്കും ഒരു രംഗം തന്നെ ധാരാളമാണ് അവരുടെ മാസ്മരിക പ്രകടനം പുറത്തെടുക്കാൻ. അതിഥി വേഷത്തിലെത്തി മോഹൻലാൽ തകർത്താടിയ അഞ്ച് കഥാപാത്രങ്ങളിലൂടെ.
‘ഞാൻ കള്ളനൊന്നുമല്ല അത്യാവശ്യം സിനിമയിലൊക്കെ അഭിനയിക്കുന്ന ഒരാളാ, പേര് മോഹൻലാൽ.’
തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മമ്മൂട്ടിക്കൊപ്പം ബാലതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളായി സംവിധാനം ചെയ്ത ചിത്രമാണ് മനു അങ്കിൾ. മ്യൂസിയത്തിലെ കിരീട മോഷണവും അതിനെ ചുറ്റിപറ്റിയുള്ള കുട്ടികളുടെ സമാന്തര അന്വേഷണവുമൊക്കെയാണ് സിനിമയുടെ പ്രധാന പ്ലോട്ട്. കിരീട മോഷ്ടാക്കളിലേക്ക് എത്താനുള്ള കുട്ടികളുടെ ഏക മാർഗ്ഗം വെള്ളക്കുതിരയുടെ ചിഹ്നം പതിപ്പിച്ചിട്ടുള്ള ഒരു ജീപ്പാണ്. അന്വേഷണത്തിനിടെ സമാനമായൊരു ജീപ്പ് കുട്ടികളുടെ ശ്രദ്ധയിൽപ്പെടുന്നു. ജീപ്പിലുണ്ടായിരുന്ന ആളിനെ അനുഗമിച്ച് അവർ ഒരു ഹോട്ടലിൽ എത്തുന്നു.
ചുവന്ന തൊപ്പിയും നീട്ടി വളർത്തിയ താടിയും സൺഗ്ലാസുംവച്ച് ഭക്ഷണം ഓർഡർ ചെയ്യുന്ന വ്യക്തി കുട്ടികളിലും പ്രേക്ഷകരിലും ഒരേ പോലെ ഉദ്വേഗം നിറക്കുന്നു. ഇതിനിടെ ഹോട്ടലിൽ ഉണ്ടാകുന്ന രംഗങ്ങളിലൂടെ കഥ മുന്നോട്ട് വരുന്നു. ഒടുവിൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വിഷമിക്കുന്ന കുട്ടികളുടെ രക്ഷകനായി അയാൾ തന്നെ അവതരിക്കുന്നു. കള്ളനല്ലെങ്കിൽ നിങ്ങളാരാണെന്ന കുട്ടികളുടെ ചോദ്യത്തിൽ മുന്നിൽ അയാൾ സസ്പെൻസ് പൊളിക്കുന്നു. ചുവന്ന തൊപ്പിയും സൺഗ്ലാസും മാറ്റി തന്റെ സ്വതസിദ്ധമായ കുസൃതി നിറഞ്ഞ ചിരിയുമായി അയാൾ പരിചയപ്പെടുത്തുന്നു, ‘ഞാൻ കള്ളനൊന്നുമല്ല അത്യാവശ്യം സിനിമയിലൊക്കെ അഭിനയിക്കുന്ന ഒരാളാ, പേര് മോഹൻലാൽ.’ രണ്ടോ മൂന്നോ സീനുകൾ മാത്രം. എത്ര മനോഹരമായി തന്റെ സാന്നിധ്യം അറിയിച്ചു മോഹൻലാൽ കടന്നുപോകുന്നു.
വിങ്ങലായി ദീപമോളുടെ ടെലിഫോൺ അങ്കിൾ
തിരക്കഥാകൃത്ത് രഘുനാഥ് പലേരി സംവിധാനം ചെയ്ത ചിത്രമാണ് ഒന്നു മുതൽ പൂജ്യം വരെ. സംഗീത സംവിധായകൻ മോഹൻ സിത്താരം സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം. വിധവയായ അലീനയുടെയും അവരുടെ മകൾ ദീപമോളുടെയും ജീവിതത്തിലേക്ക് ഒരു ഫോൺകോളിലൂടെയാണ് അയാൾ കടന്നുവരുന്നത്. പതിയെ പതിയെ അയാൾ അവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. ദീപമോളുടെ പ്രിയപ്പെട്ട ടെലിഫോൺ അങ്കിളാകുന്നു. ഭർത്താവിന്റെ ഓർമ്മകളിൽ ജീവിക്കുന്ന അലീനയും ഒരു ഘട്ടത്തിൽ അയാളെ കാത്തിരിക്കാൻ തുടങ്ങുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത അയാളുടെ ചിത്രം മനസ്സിലും പിന്നീട് കാൻവാസിലേക്കും അലീന കോറിയിടുന്നു. മോഹൻലാലിന്റെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ഒന്നു മുതൽ പൂജ്യം വരെ സിനിമയിലെ ടെലിഫോൺ അങ്കിൾ. കൂടുതൽ സീനുകളിലും ശബ്ദ സാന്നിധ്യമായിട്ടാണ് മോഹൻലാലിന്റെ കഥാപാത്രം കടന്നുവരുന്നത്.
കായംകുളം കൊച്ചുണിയെ നിഷ്പ്രഭമാക്കിയ ഇത്തിക്കരപക്കിയുടെ കമിയോ റോൾ
സഞ്ജയ്-ബോബിയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത ചിത്രമാണ് കായംകുളം കൊച്ചുണി. നിവിൻ പോളിയാണ് ടൈറ്റിൽ വേഷത്തിലെത്തുന്നത്. ഇത്തിക്കരപക്കിയുടെ വേഷത്തിലെത്തുന്ന മോഹൻലാൽ അക്ഷരാർഥത്തിൽ തിയറ്ററുകൾ ഇളക്കി മറിച്ചാണ് കടന്നുവന്നത്. തന്റെ സ്വന്തസിദ്ധമായ കൃസൃതി കലർന്ന ശൈലിയിലൂടെ മോഹൻലാൽ ആ വേഷം ഗംഭീരമാക്കി.
മരണം കാത്ത് കിടക്കുന്ന നിരഞ്ജൻ
ഒരൊറ്റ സീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന പ്രകടനമാണ് സമ്മർ ഇൻ ബതലേഹമിലെ മോഹൻലാലിന്റെ നിരഞ്ജൻ എന്ന കഥാപാത്രം. ജയറാം, സുരേഷ് ഗോപി, മഞ്ജു വാരിയർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്ത ‘സമ്മർ ഇൻ ബതലേഹമ്മിൽ’ വധശിക്ഷ കാത്തുകിടക്കുന്ന കലാലയ അധ്യാപകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ സ്ക്രീനിലെ സാന്നിധ്യം കൊണ്ടു മാത്രം അവീസ്മരണീയമായി തീർന്ന രംഗം. ഒരുവേള സുരേഷ് ഗോപിയുടെ ഡെന്നിസിനെയും മഞ്ജു വാരിയരുടെ ആമിയേയും അപ്രസക്തമാക്കി കളഞ്ഞ കമിയോ
സ്റ്റൈൽ മന്നൻ ചിത്രത്തിലെ മോഹൻലാലിസം
സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലറിലെ മോഹൻലാലിന്റെ അതിഥി വേഷം സമീപകാലത്ത് അദ്ദേഹത്തിനു ഏറെ പ്രശംസ നേടികൊടുത്ത വേഷമാണ്. സ്വാഗും സ്റ്റെയിലും ഒരുപോലെ സമന്വയിക്കുന്ന മാത്യു എന്ന ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് മോഹൻലാൽ ജയിലറിൽ വേഷമിടുന്നത്. മാത്യുവിന്റെ കാമിയോ കഥാപാത്രത്തിനു വേണ്ടി അനിരുദ്ധ് രവിചന്ദ്രൻ പ്രത്യേകം തീം മ്യൂസിക്ക് തന്നെ കംപോസ് ചെയ്തിരുന്നു. സൂപ്പർഹിറ്റ് വിജയത്തിനു ശേഷം കേരളത്തിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ജയിലർ-2ലും മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ