‘ഷൈനിന്റെ കുസൃതികൾ കണ്ട് ചിരിച്ചു, കുറ്റപ്പെടുത്തി; ഇപ്പോൾ വേണ്ടത് പിന്തുണ’; അഭ്യർഥനയുമായി ആസിഫ് അലി

Mail This Article
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ പിന്തുണയ്ക്കണം എന്ന് അഭ്യർത്ഥിച്ച് നടൻ ആസിഫ് അലി. ഷൈൻ ടോം ചാക്കോയുടെ കുസൃതികൾക്കെല്ലാം നമ്മളെല്ലാം ചിരിക്കുകയും ദേഷ്യം പിടിക്കുകയും കുറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോൾ എല്ലാരുടെയും പിന്തുണ ആ കുടുംബത്തിന് ആവശ്യമാണെന്ന് ആസിഫ് അലി പറയുന്നു.
ആസിഫ് അലിയുടെ വാക്കുകൾ: "ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മൾ ചിരിച്ചിട്ടുണ്ട്, ദേഷ്യം പിടിച്ചിട്ടുണ്ട്, ഉപദേശിക്കാൻ ശ്രമിച്ചിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇനിയങ്ങോട്ട് ഷൈനിന് നമ്മുടെയെല്ലാം പിന്തുണ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണ്. അറിയാമല്ലോ, സോഷ്യൽ മീഡിയയുടെ സ്വഭാവവും ട്രെൻഡും സംഭവിക്കുന്ന കാര്യങ്ങളും എല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. നിങ്ങളുടെ എല്ലാം പിന്തുണ വളരെ ശക്തമായി ആ കുടുംബത്തിന് മുന്നോട്ട് പോകാൻ ആവശ്യമുണ്ട്."
വെള്ളിയാഴ്ചയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപെട്ട് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരണമടഞ്ഞത്. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും സഹായിയും കൂടി ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം. രാവിലെ ഏഴു മണിയോടെ സേലം–ബെംഗളൂരു ദേശീയപാതയിൽ ധർമപുരിക്കടുത്ത് പാലക്കോട് എന്ന സ്ഥലത്തായിരുന്നു അപകടം സംഭവിച്ചത്.
അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയ ശേഷമാകും സംസ്കാരം.