ശിൽപ ഷെട്ടിക്ക് 50ാം പിറന്നാൾ; വമ്പന്‍ സര്‍പ്രൈസുമായി ഭർത്താവ് രാജ് കുന്ദ്ര

Mail This Article
50-ാം പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടി. ഗോൾഡൻ മെറ്റാലിക് ഗൗണിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു ഗംഭീരമായ പിറന്നാൾ ആഘോഷം. അവിസ്മരണീയമായ സർപ്രൈസ് സംഘടിപ്പിച്ചതിന് ഭർത്താവ് രാജ് കുന്ദ്രയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു പിറന്നാൾ കുറിപ്പും ശിൽപ പങ്കുവച്ചിട്ടുണ്ട്.
‘‘അതൊരു ആഘോഷമായിരുന്നു... നിരുപാധികമായ സ്നേഹത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. രാജ് നീ ഒരു താരമാണ്, ഈ സർപ്രൈസുകൾക്കും സ്നേഹത്തിനും എന്റെ ഹൃദയത്തിൽ നന്ദി മാത്രം.’’–ശിൽപ കുറിച്ചു.
പ്രത്യേക കരിമരുന്ന് കലാപ്രകടനവും പ്രിയതമയ്ക്കായി രാജ് കുന്ദ്ര ഒരുക്കിയിരുന്നു. എസ്എസ്കെ ഗോൾഡ് എന്ന് ടോപ്പിങ് ഉള്ള മനോഹരമായ ഒരു ത്രീ-ടയർ കേക്കിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും ഭർത്താവ് രാജ് കുന്ദ്രയ്ക്കും കുട്ടികൾക്കുമൊപ്പം യാച്ചിൽ പോസ് ചെയ്യുന്നതുമടക്കമുള്ള ഹൃദയസ്പർശിയായ നിമിഷങ്ങളും ചിത്രങ്ങളിൽ കാണാം.
ബോളിവുഡിലും തെന്നിന്ത്യയിലും ഒരു കാലത്ത് സൂപ്പർ നായികയായി തിളങ്ങി നിന്ന താരമാണ് ശിൽപ ഷെട്ടി. വിവാഹ ശേഷം വ്യക്തി ജീവിതത്തിന് പ്രാധാന്യം നൽകി ശില്പ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. അപ്പോഴും സോഷ്യൽ മീഡിയയിൽ താരം തിളങ്ങി നിന്നു. ഇടവേളയ്ക്ക് ശേഷം റിയാലിറ്റി ഷോ ജഡ്ജായും പിന്നീട് ബിഗ് സ്ക്രീനിലേക്കും താരം തിരിച്ചെത്തി. യോഗയും മറ്റുമായി ഫിറ്റ്നെസ്സിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരം ഇപ്പോഴും ചെറുപ്പം നിലനിർത്തുന്നു.