‘പെട്ടി ഓട്ടോയിൽ മീനും കപ്പയും വിറ്റും ജീവിച്ചു, ഇന്ന് ആ വലിയ സിനിമയുടെ ലൊക്കേഷന്റെ മടിത്തട്ടിൽ ഉറക്കം’

Mail This Article
‘കാന്താര2’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് മരണമടഞ്ഞ നടനും മിമിക്രി താരവുമായ കലാഭവൻ നിജുവിെന അനുസ്മരിച്ച് സംവിധായകനും നാടക കലാകാരനുമായ ഐ.ഡി. രഞ്ജിത്ത്. കലയോട് ഒടുങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന കലാകാരനായ നിജു ജീവിതവൃത്തിക്ക് വേണ്ടി ബസ്റ്റോപ്പുകളിൽ മത്സ്യക്കച്ചവടവും കൊള്ളി വിൽപ്പനയും തുടങ്ങി പല കൂലിപ്പണികളും ചെയ്തിരുന്നത് കണ്ടിരുന്നു എന്ന് രഞ്ജിത്ത് പറയുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ പറയുന്നത് കലയോടുള്ള സ്നേഹവും തന്റെ ശോഭനമായ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. സിനിമയെ ആത്മാർഥമായി സ്നേഹിച്ചിരുന്ന നിജു ഒരു നിമിത്തം പോലെ സിനിമയുടെ ലൊക്കേഷന്റെ മടിത്തട്ടിൽ തന്നെ കിടന്നുറങ്ങാനും വിധിക്കപ്പെട്ടു എന്ന് രഞ്ജിത്ത് കുറിച്ചു.
‘‘നിജു പ്രണാമം. കാന്താര എന്ന സിനിമയുടെ കർണ്ണാടകയിലെ ലൊക്കേഷനിൽ ആയിരുന്നു നിജു കലാഭവൻ. ഇവിടെ വച്ച് നെഞ്ചുവേദന വരികയും സിനിമാക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിജു മരണപ്പെട്ടു. കലാജീവിതത്തിനിടെ നന്മയിൽ അംഗമായി വരികയും നമ്മുടെ സാംസ്കാരിക വിരുന്നിൽ തന്റെ പ്രതിഭ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ നിജു അനുഭവിക്കുന്ന ആത്മരതി നാം കണ്ടവരാണ്. മോണോ ആക്ട്, മിമിക്രി, അഭിനയം എന്നത് നിജുവിന്റെ ശ്വാസമാണ് എന്ന് സംസാരങ്ങളിൽ നിന്ന് തോന്നിയിട്ടുണ്ട്.
എന്നാൽ ആ രീതിയിൽ അടയാളപ്പെടുത്താൻ അവസരങ്ങൾ ലഭിക്കാത്തതിന്റെ വേദനയും. കലാകാരനെ നിലനിർത്തുന്ന തന്റെ ലക്ഷ്യത്തിലെത്താനുള്ള അതിജീവനത്തിന്റെ ഊർജമാണ് നിജുവിനെ ഈ സിനിമയിൽ എത്തിച്ചത്. പക്ഷേ നിജു, ജീവിതവഞ്ചിയെ കരക്ക് അടുപ്പിക്കുവാൻ ബസ്റ്റോപ്പുകളിൽ പെട്ടി ഓട്ടോറിക്ഷ കൊണ്ടു വന്നിട്ട് മത്സ്യക്കച്ചവടവും കൊള്ളി വിൽപ്പന തുടങ്ങി പല തൊഴിലും നടത്തിയിരുന്നത് കാണാനിടയായത് ഓർമയിൽ വരുന്നു. അപ്പോഴും നിജുവിന് സംസാരിക്കുവാൻ ഉണ്ടായിരുന്നത് തന്നിലെ കലയോടും അതിന്റെ നാളെയുടെ ശോഭനമായ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. സിനിമ ആത്മാർഥമായി സ്വപ്നം കണ്ട നിജു വലിയ സിനിമയുടെ ലൊക്കേഷന്റെ മടിത്തട്ടിൽ കിടന്നുറങ്ങുന്നു. പ്രണാമം.’’–ഐ.ഡി. രഞ്ജിത്ത് കുറിച്ചു.
ഓഡിഷൻ വഴിയാണ് ഈ സിനിമയിൽ നിജുവിന് അവസരം ലഭിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണ് അദ്ദേഹം. തൃശ്ശൂർ ജില്ലയിലെ ഏറ്റവും അറിയപ്പെടുന്ന മിമിക്രി കലാകാരന്മാരിൽ ഒരാളും. 25 വർഷമായി മലയാള മിമിക്രി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. കലാഭവനുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത് ഈ അടുത്ത കാലത്താണ്. ചെറിയ ചെറിയ സിനിമകളിൽ വേഷമിട്ട് തുടങ്ങിയ നിജുവിന് ശ്രദ്ധേയ വേഷം ലഭിക്കുന്നത് ‘മാളികപ്പുറം’ എന്ന സിനിമയിലൂടെ ആയിരുന്നു. തുടർന്ന് ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രത്തിലും വേഷമിട്ടു. മുൻനിര മിമിക്രി കലാവേദികളുടെ ഭാഗമായി നിരവധി വർഷം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.