‘കാന്താര 2’–ൽ മൂന്നാം മരണം; മലയാളികളെ ഞെട്ടിച്ച് ‘മാളികപ്പുറം’ താരത്തിന്റെ വിയോഗം

Mail This Article
സിനിമാസ്വാദകരെയും മലയാളികളെയും ഒരുപോലെ ഞെട്ടിക്കുന്ന വാർത്തയാണ് ‘കാന്താര2’ സിനിമയുടെ സെറ്റിൽ നിന്നും വരുന്നത്. മലയാള നടനും മിമിക്രി താരവുമായ കലാഭവൻ നിജുവാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2വിന്റെ ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ജൂനിയര്‍ ആർടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്ന നിജുവിന് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 43 വയസ്സായിരുന്നു.

ഓഡിഷൻ വഴിയാണ് ഈ സിനിമയിൽ നിജുവിന് അവസരം ലഭിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണ് അദ്ദേഹം. തൃശ്ശൂർ ജില്ലയിലെ ഏറ്റവും അറിയപ്പെടുന്ന മിമിക്രി കലാകാരന്മാരിൽ ഒരാളും. 25 വർഷമായി മലയാള മിമിക്രി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. കലാഭവനുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത് ഈ അടുത്ത കാലത്താണ്. ചെറിയ ചെറിയ സിനിമകളിൽ വേഷമിട്ട് തുടങ്ങിയ നിജുവിന് ശ്രദ്ധേയ വേഷം ലഭിക്കുന്നത് ‘മാളികപ്പുറം’ എന്ന സിനിമയിലൂടെ ആയിരുന്നു. തുടർന്ന് ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രത്തിലും വേഷമിട്ടു.
മുൻനിര മിമിക്രി കലാവേദികളുടെ ഭാഗമായി നിരവധി വർഷം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 20 വർഷങ്ങൾക്കു മുൻപ് കേരളത്തിലെ മിമിക്രി കലാകാരന്മാർ സംഘടിപ്പിച്ച റോഡ് ഷോയിൽ ഭാഗമായതോടെയാണ് പ്രഫഷനൽ മിമിക്രി വേദിയിലേക്ക് നിജുവിന് വഴി തുറന്ന് ലഭിക്കുന്നത്.
നിജുവിന്റെ വിയോഗ വാർത്ത പങ്കുവച്ച് കണ്ണൻ സാഗറിന്റെ വാക്കുകൾ: രാത്രി പത്തരയോടെയാണ് മിമിക്രി സംഘടനയായ ‘MAA’ ഗ്രൂപ്പിൽ ഒരു മെസേജ് വരുന്ന.ത് നിജു കലാഭവൻ മരണപ്പെട്ടു അറിയുന്നവർ ബന്ധപ്പെടണം എന്ന് ഒരു നമ്പറും വന്നു, പതിനൊന്നു മണിയോടെ ലൊക്കേഷനിൽ നിന്നും എന്നെ അറിയുന്ന ആരോ ഫോട്ടോയും ഇദ്ദേഹത്തെ അറിയുമെങ്കിൽ ഒന്ന് ബന്ധപ്പെടണം എന്നു മെസേജും വന്നിരുന്നു, അപ്പോഴേക്കും നിജുവിന്റെ നാട്ടിലുള്ള ഒരു കലാകാരൻ സംഘടനമുഖേന വീടുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ വീട്ടിൽ വിവരം അറിയിച്ചിരുന്നു.

തൃശൂർ വാടാനപ്പള്ളിക്കാരനാണ് നിജു, വാടാനപ്പള്ളി പോലീസ് സ്റ്റേഷന് അടുത്താണ് വീട്, കർണാടകയിൽ സൂപ്പർ ഹിറ്റ് സിനിമയായ ‘കാന്താര’യുടെ അടുത്തഭാഗം ഷൂട്ട് ലൊക്കേഷനിൽ വെച്ചാണ് ഇദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് അൽപ്പം കഴിഞ്ഞ് ഇദ്ദേഹത്തെ മരണം കവർന്നു, കോമഡി റിയാലിറ്റി ഷോയിൽ വെച്ചാണ് ഞാൻ നിജുവിനെ ആദ്യം കാണുന്നത് അന്ന് സ്കിറ്റുകളിൽ പങ്കെടുത്തിരുന്നു മിമിക്രി ആർടിസ്റ്റ് അസോസിയേഷനിൽ മെമ്പർ ആയിരുന്നു നിജു,
മിമിക്രി കുടുംബത്തിൽ നിന്നും ഒരാൾ കൂടി വിടവാങ്ങി, നിജുവിന് കണ്ണീർ പ്രണാമം.’’
‘കാന്താര 2’ സിനിമയുടെ സെറ്റിൽ മരണമടയുന്ന രണ്ടാമത്തെ മലയാളിയും മൂന്നാമത്തെ നടനുമാണ് നിജു. സിനിമയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദുരൂഹമായി അവശേഷിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33–കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ഇതേ സിനിമയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്. മേയ് 6–ന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തെയ്യം കലാകാരനായ കപിൽ നിരവധി ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കപിലിന്റെ മരണത്തോടനുബന്ധിച്ച് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കൂടാതെ സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിസും കപിലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു.
കാന്താര ചാപ്റ്റർ 2 ന്റെ ചിത്രീകരണത്തിന് ഇതിനു മുമ്പും നിരവധി തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. നവംബറിൽ, മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെട്ടിരുന്നു. ബസ് മറിഞ്ഞ്, ചിലർക്ക് പരുക്കേറ്റെങ്കിലും ഗുരുതരമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. സംഭവത്തിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം നിർത്തിവച്ചു. സംഭവത്തിനു ശേഷം മോശം കാലാവസ്ഥ കാരണം സിനിമയ്ക്കായി നിർമിച്ച വലുതും ചെലവേറിയതുമായ ഒരു സെറ്റ് സാരമായി തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശക്തമായ കാറ്റും അപ്രതീക്ഷിത മഴയും നാശം വിതച്ചു, ഇത് ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ നിർമാണത്തിൽ കൂടുതൽ കാലതാമസത്തിന് കാരണമായി.
ജനുവരിയിൽ, കാന്താര ചാപ്റ്റർ 2 ന്റെ ചിത്രീകരണ സംഘവും പ്രാദേശിക ഗ്രാമവാസികളും തമ്മിൽ ഗുരുതരമായ തർക്കം ഉടലെടുത്തിരുന്നു. ശരിയായ അനുമതിയില്ലാതെ കാട്ടിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് ഗ്രാമവാസികൾ സംഘത്തെ നേരിട്ടു. ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയുണ്ടായി. വന്യജീവികളെയും പരിസ്ഥിതിയെയും സംഘം ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് ആശങ്ക ഉയർന്നതിനാൽ, വനം വകുപ്പ് പിന്നീട് അന്വേഷണത്തിനായി എത്തി കേസെടുത്തിരുന്നു. അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍ 2ന് ആണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രീക്വല്‍ ആയാണ് എത്തുന്നത്.