ബോയ്‌സ് സിനിമയിലെ റാണിയെ ഓർക്കുന്നില്ലേ? ആ ഗ്ലാമർ നടി ഇപ്പോൾ ആത്മീയ പാതയിൽ

Mail This Article
2003ല്‍ റിലീസ് ചെയ്ത ശങ്കറിന്റെ ‘ബോയ്‌സ്’ എന്ന സിനിമ കണ്ടവര്‍ക്കറിയാം, അതില്‍ ചെറുപ്പക്കാരുടെ ഒരു സംഘം സമീപിക്കുന്ന റാണി എന്ന അഭിസാരിക കഥാപാത്രത്തെ. കേരളത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ സീനില്‍ അഭിനയിച്ച നടി ആരെന്ന് പലര്‍ക്കും അറിയില്ല. ആന്ധ്രാ സ്വദശിയായ ഭുവനേശ്വരിയായിരുന്നു അത്. പിന്നീട് ചില പടങ്ങളില്‍ വന്നു പോയെങ്കിലും ഏറെക്കാലമായി ഭുവനേശ്വരിയെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് സമീപകാലത്ത് അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പുതിയ ഒരു വെളിപ്പെടുത്തല്‍ നടത്തി. താനിപ്പോള്‍ ആത്മീയ ജീവിതം നയിക്കുകയാണ് എന്ന്.

ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് ഭുവനേശ്വരിയുടെ ജനനം. മോഡലിങ്ങില്‍ തുടങ്ങിയ ഭുവനയ്ക്ക് ക്രമേണ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. നെഗറ്റീവ് ഷേഡുളള കഥാപാത്രങ്ങളാണ് അവർക്ക് കൂടുതലായും ലഭിച്ചത്. അതൊക്കെ തന്നെ അവര്‍ അസ്സലായി അവതരിപ്പിക്കുകയും ചെയ്തു. ‘ഗോകുലം വീട്’ എന്ന പരമ്പരയിലെ വില്ലത്തി വേഷം അവര്‍ക്ക് കൂടുതല്‍ ജനപ്രീതി നേടിക്കൊടുത്തു.
ഭുവന ലീഡ് റോളില്‍ വന്ന ആദ്യചിത്രം ‘കുര്‍ക്കുറെ’ ആയിരുന്നു. ആ സിനിമ പ്രതീക്ഷിച്ചതു പോലെ ശ്രദ്ധേയമായില്ല. എന്നാല്‍ 2003ല്‍ സ്ഥിതി മാറി. ‘ജന്റില്‍മാന്‍’, ‘കാതലന്‍’ എന്നിങ്ങനെയുളള പാന്‍ ഇന്ത്യന്‍ ഹിറ്റുകളിലൂടെ രാജ്യത്തെമ്പാടും ചര്‍ച്ചയായ സംവിധായകന്‍ ശങ്കര്‍ യുവതയൂടെ ജീവിതം പ്രതിപാദിക്കുന്ന ‘ബോയ്‌സ്’ എന്ന സിനിമ ഒരുക്കിയപ്പോള്‍ അതില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭുവനയ്ക്ക് അവസരം ഒരുങ്ങി. ബോയ്‌സിനെ ഇളക്കി മറിക്കുന്ന
റാണി എന്ന കഥാപാത്രമായിട്ടായിരുന്നു ഭുവനേശ്വരി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു അഭിനേത്രി എന്ന നിലയില്‍ അവരുടെ സാന്നിധ്യം വ്യാപകമായി അംഗീകരിക്കപ്പെടാന്‍ ഇടയാക്കിയ സിനിമയായിരുന്നു ഇത്. എന്നാല്‍ ആ തരംഗം നിലനിര്‍ത്താന്‍ എന്തുകൊണ്ടോ പിന്നീട് അവര്‍ക്ക് സാധിച്ചില്ല.
ഏറെക്കാലത്തേക്ക് ഭുവനേശ്വരിയെക്കുറിച്ച് ഒരു അറിവും ഉണ്ടായില്ല.
അവിചാരിതമായി ഒരു ദിവസം പ്രത്യക്ഷപ്പെട്ട് അവര്‍ നല്‍കിയ അഭിമുഖമാണ് ഇന്നത്തെ ഭുവനേശ്വരിയെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ നല്‍കിയത്. വില്ലത്തിയായിരുന്ന ഭുവനേശ്വരിയില്‍ നിന്നും ‘ഭുവനേശ്വരി അമ്മ’യിലേക്കുളള യാത്ര അവരുടെ വാക്കുകളില്‍.
കൂട്ടുകുടുംബത്തിന് തുണയായി
അവസരങ്ങള്‍ തേടി ഞാന്‍ പോയിട്ടില്ല. അവ എന്നെ തേടി വരുകയായിരുന്നു. ഇത് ഒരു മേനി പറച്ചിലല്ല. അഭിനയിക്കണം എന്ന് എനിക്കാഗ്രഹമുണ്ടായിരുന്നില്ല. സിനിമാഭിനയം തീരെ താത്പര്യവുമുണ്ടായിരുന്നില്ല. ചില ചാന്‍സുകള്‍ വന്നപ്പോള്‍ എന്റെ അമ്മയ്ക്ക് ഉത്‌സാഹമായി. നീ അഭിനയിക്കണം എന്ന് അമ്മ പറഞ്ഞപ്പോഴൂം ഞാന്‍ എതിര്‍ത്തു. അഭിനയിച്ചാല്‍ എന്താണ് കുഴപ്പം എന്നതായിരുന്നു അമ്മയുടെ അടുത്ത ചോദ്യം. അമ്മയുടെ ആഗ്രഹത്തിന്റെ ആധിക്യം കണ്ടാണ് സീരിയലുകളിലേക്ക് വന്ന അവസരങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത്.
ഒരു ജോലി ഏറ്റെടുത്താല്‍ അത് ഏറ്റവും ആത്മാര്‍ത്ഥമായി ചെയ്തു തീര്‍ക്കുന്നതാണ് എന്റെ രീതി. അഭിനയത്തോട് മമത ഉണ്ടായിരുന്നില്ലെങ്കിലും അതില്‍ എത്തിപ്പെട്ട ശേഷം കഴിയുന്നത്ര നന്നായി ചെയ്യാന്‍ ശ്രമിച്ചു.

അക്കാലത്ത് അമ്മയും അപ്പയും തമ്മില്‍ പിരിഞ്ഞു നില്‍ക്കുകയാണ്. കുടുംബത്തിന് മറ്റ് വരുമാനമാര്‍ഗങ്ങളൊന്നുമില്ല. അമ്മ, അക്ക, അവരുടെ മക്കള്‍, ഞാന്‍, പാട്ടി, പെരിയമ്മ... എന്നിങ്ങനെ എട്ട് പേരുളള കുടുംബം മുന്നോട്ട് പോകണമെങ്കില്‍ വരുമാനം വേണം. ഞാന്‍ ജോലി ചെയ്ത് ഇത്രയും പേരെ പോറ്റേണ്ട സാഹചര്യം വന്നപ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല. അമ്മ നല്ല ദേഷ്യക്കാരിയായിരുന്നു. വലിയ ചിട്ടയിലാണ് മക്കളെ വളര്‍ത്തിയിരുന്നത്. അന്നും ഇന്നും എനിക്ക് അമ്മയെ ഭയമാണ്. അതിലേറെ സ്‌നേഹവുമാണ്. അമ്മയുടെ കോപവും ചിട്ടകളും മക്കള്‍ വഴിതെറ്റി പോകരുതെന്ന ഉദ്ദേശം മുന്‍നിറുത്തിയായിരുന്നു. അത് ഞാന്‍ നന്നായി മനസിലാക്കിയിരുന്നു. സിനിമയിലും സീരിയലുകളിലും എനിക്ക് ലഭിച്ചതിലേറെയും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു. ചിലരൊക്കെ അത്തരം വേഷങ്ങള്‍ വരുമ്പോള്‍ പരിതപിക്കുന്നത് കാണാം. എനിക്കങ്ങനെ തോന്നിയില്ല. മൂന്ന് കാര്യങ്ങളാണ് ഞാന്‍ അപ്പോള്‍ ഓര്‍ത്തത്. ഒന്ന് ഇതൊരു തൊഴിലാണ്, നമ്മളെ തേടി വരുന്ന ജോലി നന്നായി ചെയ്യുക. രണ്ട് ഒരു കൂട്ടുകുടുംബത്തെ സംരക്ഷിക്കുക. മൂന്ന് നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോന്നും മുജ്ജന്മ കർമഫലമാണ്. അത് അനുഭവിക്കാതെ ആര്‍ക്കും കടന്നു പോകാന്‍ സാധിക്കില്ല. അതുകൊണ്ട് കിട്ടിയ അവസരങ്ങളൊന്നും വേണ്ടെന്ന് വച്ചില്ല.
പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടു
അങ്ങനെയിരിക്കെ ഒരു പുരുഷന്‍ എന്നോട് പ്രണയം ഭാവിച്ചപ്പോള്‍ ആ സ്‌നേഹത്തിന് മുന്നില്‍ ആ പ്രായത്തിലെ ഏതൊരു പെണ്‍കുട്ടിയെയും പോലെ ഞാനും മയങ്ങിപ്പോയി. ഞങ്ങള്‍ വിവാഹിതരായി. ഒരു ആണ്‍കുട്ടി ജനിച്ചു എന്നതല്ലാതെ ആ ദാമ്പത്യത്തില്‍ നിന്നും മറ്റൊന്നും ലഭിച്ചില്ല. പ്രണയത്തിലും വിവാഹത്തിലും അടിസ്ഥാനപരമായി വേണ്ടത് ഉളളില്‍ തട്ടിയ സ്‌നേഹമാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല പീഡനങ്ങളും നേരിട്ടപ്പോള്‍ ആ ബന്ധത്തില്‍ നിന്നിറങ്ങി. അദ്ദേഹം മറ്റൊരു വഴിക്ക് പോയി. വഞ്ചിച്ച പുരുഷനോട് പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് പലരും പറഞ്ഞു. ഞാനതിന് തയാറായില്ല. അയാള്‍ എന്നോട് ചെയ്ത വഞ്ചന അയാള്‍ക്ക് മറ്റൊരിടത്തു നിന്ന് ലഭിക്കും എന്ന് വിശ്വസിച്ചു.
ആ ഘട്ടത്തില്‍ എന്റെ മകന്‍ ഒരുപാട് പ്രയാസം അനുഭവിച്ചിരുന്നു.
സിംഗിള്‍ മദറായി പോയ എന്റെ മുഴുവന്‍ ശ്രദ്ധയും മകനിലായിരുന്നു. അവനെ നല്ല നിലയില്‍ വളര്‍ത്തി പഠിപ്പിച്ച് എടുക്കുക എന്നതായി ജീവിതലക്ഷ്യം. എന്റെ വിഷമങ്ങളൊക്കെ മകന്‍ നന്നായി മനസ്സിലാക്കിയിരുന്നു. അവന്‍ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്നു. ഒരിക്കലും എന്നെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.
ഞാന്‍ തളര്‍ന്നു പോയ സന്ദര്‍ഭങ്ങളില്‍ പോസിറ്റീവായ അവന്റെ വാക്കുകള്‍ എനിക്ക് ധൈര്യം പകര്‍ന്നു.
അവന്‍ നന്നായി പഠിച്ച് ഇപ്പോള്‍ ഒരു അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.
ഒരുപാട് കേസുകള്‍ വാദിക്കുന്നു. നല്ല നല്ല വിഷയങ്ങളില്‍ ഇടപെടുന്നു. ഈ സമയത്തൊക്കെ ഞാന്‍ കടന്നു പോയ മറ്റൊരു ജീവിതമുണ്ട്. സിനിമയില്‍ അഭിനയിക്കുമ്പോഴും പ്രണയിക്കുമ്പോഴും വിവാഹിതയായപ്പോഴും അമ്മയായപ്പോഴും വിവാഹമോചിതയായപ്പോഴും അതിന് മാറ്റമുണ്ടായില്ല. അത് ഈശ്വരനുമായുളള ബന്ധമാണ്. അഭിനയിക്കുന്ന കാലത്തും ഷൂട്ടിങ് കഴിഞ്ഞാല്‍ എല്ലാ ദിവസവും മുടങ്ങാതെ ക്ഷേത്രദര്‍ശനം നടത്തും. ദിവസവും സാധുക്കള്‍ക്ക് അന്നദാനം നടത്തും. വലിയ തുക അതിനായി ചിലവിട്ടിട്ടുണ്ട്. എന്റെ സമ്പാദ്യം എനിക്ക് വേണ്ടി മാത്രമുളളതല്ലെന്ന് വിശ്വസിച്ചിരുന്നു. എന്റെ പൂജകളും വഴിപാടുകളും വിശക്കുന്നവര്‍ക്ക് അന്നം നല്‍കിക്കൊണ്ടായിരുന്നു. അത് ഈശ്വരന്‍ ശ്രദ്ധിക്കുമെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു.
ഇതൊക്കെയാണെങ്കിലൂം വ്യക്തിപരമായ ഉത്തരവാദിത്തങ്ങള്‍ വലുതായിരുന്നു. ഒരു കൂട്ടുകുടുംബം ഒപ്പമുണ്ട്. മകനോടുളള ചുമതലകള്‍ നിറവേറ്റണം. ഇതിനെല്ലാം പണം വേണം. സാമ്പത്തിക സുരക്ഷിതത്വമുണ്ടാകണം. ആശ്രയിക്കാനും സഹായിക്കാനും ആരുമില്ല. അത് മുന്നില്‍ കണ്ട് അഭിനയത്തില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ ഒരു പങ്കു കൊണ്ട് മൂന്ന് കെട്ടിടങ്ങള്‍ പണിത് വാടകയ്ക്ക് കൊടുത്തു. ആ തുക കൊണ്ട് അടിസ്ഥാന ചിലവുകള്‍ നടക്കും.
മനസ്സമാധാനം തന്നെ പ്രധാനം
ഇതൊക്കെ സംഭവിക്കുമ്പോഴും എന്റെ മനസ്സ് കൂടുതല്‍ കൂടുതല്‍ ഈശ്വരനോടു അടുത്തുകൊണ്ടിരുന്നു. സാമ്പത്തിക സുരക്ഷിതത്വം കൊണ്ട് മാത്രം ജീവിതത്തില്‍ സന്തോഷം ഉണ്ടാകണമെന്നില്ല. സങ്കല്‍പ്പിക്കാനാവാത്ത വിധം സമ്പത്തുളള എത്രപേര്‍ക്ക് സന്തോഷമുണ്ട്? അപ്പോള്‍ പണമല്ല സന്തോഷത്തിന്റെ മാനദണ്ഡം. അതിനപ്പുറം എന്തൊക്കെയോ ചിലതുണ്ടെന്ന് അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് പോയപ്പോള്‍ ഞാന്‍ കൂടുതല്‍ ആഴത്തില്‍ ഈശ്വരനെ അറിഞ്ഞു. ഇന്ന് എനിക്ക് സന്തോഷം മാത്രമല്ല മനസ്സമാധാനവുമുണ്ട്. ജീവിതം വ്യർഥമായില്ല എന്ന തോന്നല്‍. ഇപ്പോഴും ധാരാളം സിനിമാ-സീരിയല്‍ അവസരങ്ങള്‍ തേടി വരുന്നുണ്ട്. അവരോടെല്ലാം നോ പറഞ്ഞു. അതൊന്നും മോശമായതു കൊണ്ടല്ല. ഒരു ഘട്ടത്തില്‍ അത്തരം അവസരങ്ങള്‍ പൂർണമനസ്സോടെ ഏറ്റെടുത്തവളാണ് ഞാന്‍. ഇന്ന് കാണുന്ന ജീവിതം കെട്ടിപ്പടുക്കുന്നതിലും അഭിനയം ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷേ, ഇനി വേണ്ട. കാരണം ആത്മീയമായ നിറവ് മനസ്സില്‍ സൂക്ഷിക്കുന്ന ഒരു ഘട്ടത്തില്‍ പഴയതു പോലെ നെഗറ്റീവ് കഥാപാത്രങ്ങളും ഗ്ലാമര്‍ വേഷങ്ങളും ചെയ്യുന്നത് ശരിയല്ലെന്ന് തോന്നി.
തമിഴില്‍ ഗ്ലാമർ റോളുകളില്‍ അഭിനയിക്കുന്ന കാലത്ത് തെലുങ്കില്‍ ചെയ്തത് അത്രയും കോമഡി വേഷങ്ങളായിരുന്നു. ചെയ്ത കഥാപാത്രങ്ങളില്‍ ഏനിക്കേറ്റവും ഇഷ്ടപ്പെട്ടതും ആസ്വദിച്ച് ചെയ്തതും കോമഡി റോളുകളാണ്. നര്‍മ്മം എല്ലാവര്‍ക്കും വഴങ്ങുന്ന ഒന്നല്ല. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ലഭിച്ച അവസരങ്ങളെ ഭാഗ്യമായി കാണുന്നു. നല്ല നര്‍മ്മത്തിന് മനസിനെ വിമലീകരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഹാസ്യം ദൈവത്തിന്റെ വരദാനമാണ്. കാണുന്നവന്റെയും അഭിനയിക്കുന്നവന്റെയും മനസ്സിന്റെ വിഷമതകള്‍ അകറ്റി സന്തോഷം പകരാന്‍ നര്‍മ്മത്തിന് കഴിയും. സീരിയലുകളിലും ചില സിനിമകളിലും ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ വിഷമം തോന്നിയിട്ടുണ്ട്. അന്ന് എം.എന്‍. നമ്പ്യാര്‍ സാറാണ് പറഞ്ഞത്. 'അത് ഒരു പ്രശ്‌നമായിട്ടെടുക്കരുത്. ജീവിതത്തില്‍ നമ്മള്‍ എങ്ങനെയാണെന്ന് മാത്രം നോക്കിയാല്‍ മതി. ഇത് വെറും അഭിനയമാണ്'. അത് നൂറുശതമാനം ശരിയാണെന്ന് എനിക്ക് തോന്നി. കാരണം വ്യക്തിജീവിതത്തില്‍ അത്ര തങ്കപ്പെട്ട മനുഷ്യനാണ് നമ്പ്യാര്‍ സര്‍. പക്ഷെ അദ്ദേഹം അഭിനയിക്കുന്നത് അത്രയും പക്കാ വില്ലന്‍ വേഷങ്ങള്‍.
ഗ്ലാമർ റോളുകള്‍ വിട്ട് ആത്മീയ പാതയില്‍
പലരും ചോദിക്കാറുണ്ട്. അവമതിപ്പുണ്ടാക്കുന്ന വേഷങ്ങള്‍ ചെയ്ത നിങ്ങള്‍ എങ്ങനെയാണ് ആത്മീയത തേടിയതെന്ന്. അവരോട് എനിക്ക് ഒന്നേ പറയാനുളളു.
'ഞാന്‍ ആത്മീയതയെ തേടി പോയതല്ല. ആത്മീയത എന്നെ തേടി വന്നതാണ്'
കുട്ടിക്കാലം മുതല്‍ക്കേ എന്റെയുളളിലേക്ക് ഏതോ ഒരു ശക്തി ഈശ്വരാഭിമുഖ്യം കടത്തി വിട്ടിരുന്നു. ഉളളില്‍ പ്രകാശിക്കുന്ന ഒരു വിളക്ക് ഞാനായിട്ട് കെടുത്തിയില്ലെന്ന് മാത്രം. കാറ്റും മഴയും വന്ന് ആ ജ്വാല അണയാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് തോന്നി.
ദൈവത്തെ തിരഞ്ഞെടുക്കാന്‍ നമ്മള്‍ ആരുമല്ല. ദൈവം നമ്മെയാണ് തിരഞ്ഞെടുക്കുന്നത്. അവിടത്തെ പാദസേവ ചെയ്യുക എന്നത് നമ്മുടെ നിയോഗം. ഒരു വേലക്കാരിയെ പോലെ ഞാനത് നിര്‍വഹിക്കുന്നു എന്ന് മാത്രം. അതിനെ ആത്മീയത എന്ന് ആരെങ്കിലും വിളിക്കുന്നെങ്കില്‍ അത് അവരുടെ ഇഷ്ടം.
നെറ്റിയിലെ മൂന്ന് ചന്ദനക്കുറിയും നടുവിലെ സിന്ദുരവുമല്ല ആത്മീയത. അത് ഹൃദയത്തില്‍ കെടാതെ കത്തുന്ന വിളക്കാണ്. എന്ത് വന്നാലും നേരിടുക, പോരാടുക, അതിജീവിക്കുക എന്നതാണ് ജീവിതം എന്നെ പഠിപ്പിച്ച പാഠം. നമ്മള്‍ ആരും പൂർണരല്ല. തെറ്റുകള്‍ക്ക് അതീതരല്ല. പക്ഷേ, ഒരു ഘട്ടത്തില്‍ സംഭവിച്ച തെറ്റുകള്‍ പിന്നീട് തിരുത്തി മുന്നോട്ട് പോകാന്‍ കഴിയും. ജീവിതം തെറ്റും ശരിയും എല്ലാം നിറഞ്ഞതാണ്. നല്ലത് മാത്രം എപ്പോഴും സംഭവിക്കണമെന്നില്ല.
ആരെയും ഉപദേശിക്കാന്‍ നമ്മള്‍ ആരുമല്ല. ഓരോ മനുഷ്യനും അവനവന്റെ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറണം എന്നാണ് എനിക്ക് തോന്നിയിട്ടുളളത്. ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ വലിയ പക്വതയുളള ആളായിരുന്നില്ല ഞാന്‍. ഇപ്പോള്‍ എന്തും ഏതും പക്വതയോടെ കാണാന്‍ കഴിയുന്നു. അനുഭവങ്ങള്‍ നല്‍കിയ തിരിച്ചറിവാണിത്. അത് താനെ സംഭവിച്ചുകൊളളും.
ചെന്നൈയില്‍ ഞാന്‍ പോകാത്ത ക്ഷേത്രങ്ങളില്ല. മറ്റ് ഇടങ്ങളിലും കോവില്‍ തേടി പോയിട്ടുണ്ട്. എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയുന്നു. സീരിയലുകളില്‍ ഞാന്‍ ധരിച്ച വസ്ത്രങ്ങളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും വാചാലരാകുന്നു. സ്‌നേഹം പ്രകടിപ്പിക്കുന്നു. നേരില്‍ പരിചയമില്ലാഞ്ഞിട്ട് പോലും ഇത്രയധികം ആളുകള്‍ എവിടെയൊക്കെയോ ഇരുന്ന് നമ്മെ സ്‌നേഹിക്കുന്നു എന്നതില്‍ പരം സന്തോഷിക്കാന്‍ മറ്റെന്താണ് വേണ്ടത്?
നാളെ എന്തെന്ന് അറിയില്ല
പലരും ചോദിക്കാറുണ്ട്. നായികയാകാനുളള ആകാരഭംഗിയും അഭിനയശേഷിയുമുണ്ടായിട്ടും എന്തുകൊണ്ടാണ് ഗ്ലാമർ റോളുകളിലും നെഗറ്റീവ് റോളുകളിലും കോമഡി വേഷങ്ങളിലും ഒതുങ്ങിപ്പോയെന്ന്. വാസ്തവത്തില്‍ ഇതൊക്കെ സംഭവിച്ചു പോകുന്നതാണ്. സിനിമ ടൈപ്പ് കാസ്റ്റിങ്ങിന്റെ മേഖലയാണ്. ഒരു പ്രത്യേക തരത്തിലുളള വേഷം നാം ആദ്യം അഭിനയിച്ചാല്‍ പിന്നെ എല്ലാവരും അതിലേക്ക് തന്നെ വിളിക്കും. വില്ലനായി വന്ന എം.എന്‍. നമ്പ്യാര്‍ മരണം വരെ വില്ലനായി. കൊമേഡിയനായി വന്ന വടിവേലു എന്നും കൊമേഡിയന്‍. ഇടയ്ക്ക് അപൂര്‍വം ചില പടങ്ങള്‍ വേറിട്ട് വന്നാലും പിന്നെയും നമ്മളെ പഴയതിലേക്ക് കൈപിടിച്ചു കൊണ്ട് പോകും.
കുഞ്ഞുന്നാളിലേ അച്ഛന്‍ നഷ്ടപ്പെട്ട കുട്ടിയാണ് ഞാന്‍. എനിക്ക് വലിയ സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വിവാഹം കഴിച്ച് കുട്ടികളെ വളര്‍ത്തി ഒരു സാധാരണ വീട്ടമ്മയായി കഴിഞ്ഞു കൂടണം എന്നു മാത്രമേ മോഹിച്ചിട്ടുളളു. പക്ഷേ, വിധി എന്റെ തലയിലെഴുതിയത് മറ്റൊന്നായിരുന്നു. ആണ്‍തുണയില്ലാത്ത ഒരു കുടുംബത്തെ പോറ്റുന്നതിനൊപ്പം ദാമ്പത്യത്തിലും പുരുഷന്റെ സഹായമില്ലാതെ ഒറ്റക്ക് ജീവിതം മൂന്നോട്ട് കൊണ്ടുപോകേണ്ടി വന്നു. ഇതെല്ലാം പൂര്‍വനിശ്ചിതമായ കാര്യങ്ങളാണെന്ന് വിശ്വസിക്കുന്നു. നമ്മുടെ മിടുക്കല്ല. ഇന്നലെകളില്‍ ഞാനൊരു ഗ്ലാമർ താരമായിരുന്നു. ഇന്ന് ആത്മീയജീവിതം നയിക്കുന്നു. ഇങ്ങനെ തന്നെ മുന്നോട്ട് പോകണമെന്നാണ് എന്റെ ആഗ്രഹം. നാളെ ഒരുപക്ഷേ മറ്റൊന്നായേക്കാം. നമ്മള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ അടുത്തതായി എന്ത് നടക്കുമെന്ന് ആര്‍ക്കും അറിയില്ല. അതാണ് ദൈവ രഹസ്യം. അതിനെ മാനിച്ച് ഞാന്‍ ജീവിക്കുന്നു.