മലയാളം അവഹേളിച്ചു വിട്ട നായികയാണ് സിമ്രാൻ: അനുപമയ്ക്ക് പിന്തുണ നൽകി സുരേഷ് ഗോപി

Mail This Article
മലയാള സിനിമയില്‍ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ നടി അനുപമ പരമേശ്വരന് പിന്തുണയുമായി സുരേഷ് ഗോപി. തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പലരും പറഞ്ഞിരുന്നുവെന്നും മലയാളത്തിൽ നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അനുപമ പറയുകയുണ്ടായി. അനുപമയുടെ പരാമർശത്തിന് പിന്നാലെ മലയാളത്തില്‍നിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളില്‍ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി സുരേഷ് ഗോപി മറുപടി നല്‍കി.
‘‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്... ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാന്‍... ഒരുപാട് നമ്മള്‍, മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തില്‍ നായികയായി വരാന്‍ അവരുടെ പിന്നാലെ നടന്ന വമ്പന്‍ സംവിധായകരെ എനിക്കറിയാം.
അസിന്‍, നയന്‍താര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇതിനെ കര്‍മ എന്നു പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്. ഇതിൽ ജാനകിയുടെ ശബ്ദമാണ് സമൂഹത്തിൽ മുഖരിതമാകാൻ പോകുന്നത്.’’ സുരേഷ്ഗോപിയുടെ വാക്കുകൾ.
ജെഎസ്‌കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ഇവർ. ജൂൺ 27നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.